ന്യൂസ് ഡെസ്ക്, മലയാളം യുകെ

കൊളംബിയൻ മോഡൽ നതാലിയ വില്ലാൽബയുടെ കൊലപാതകക്കേസിൽ ബ്രിട്ടീഷ് ഡോക്ടർ മാത്യു ഫോസ്റ്റർ സ്മിത്തിനെതിരെ കൊളംബിയൻ പ്രോസിക്യൂട്ടർമാർ ഔദ്യോഗികമായി കുറ്റപത്രം സമർപ്പിച്ചു. അഞ്ചുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് 47കാരനായ ബോൺമൗത്ത് സ്വദേശിക്കെതിരെ നടപടി. ജൂൺ 18നാണ് 36കാരിയായ നതാലിയ കൊല്ലപ്പെട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ബൊഗോട്ടയിലെ വാടക ഫ്ലാറ്റിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളിലാക്കി ഷവറിന് താഴെ വെള്ളം ഒഴുകുന്ന നിലയിൽ ഉപേക്ഷിക്കുകയായിരുന്നു. നാലുദിവസത്തിനുശേഷം ഫ്ലാറ്റിലെത്തിയ ശുചീകരണ ജീവനക്കാരിയാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് ഭാരമുള്ള വസ്തുകൊണ്ട് അടിയേറ്റാണ് നതാലിയ മരിച്ചതെന്നും പിന്നീട് മൃതദേഹം വികൃതമാക്കി സ്യൂട്ട്‌കേസിനുള്ളിൽ ഒളിപ്പിച്ചെന്നുമാണ് ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തിനുശേഷം കൊളംബിയയിൽനിന്ന് രക്ഷപ്പെട്ട ഫോസ്റ്റർ സ്മിത്തിനെ അയൽരാജ്യമായ ഇക്വഡോറിലെ ക്വിറ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ച് ജൂൺ 26ന് അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ റിപ്പോർട്ടറോട് കൊലപാതകം നടന്ന സമയത്ത് ഇംഗ്ലണ്ടും ക്രൊയേഷ്യയും തമ്മിലുള്ള ലോകകപ്പ് ഫുട്ബോൾ മത്സരം ഒരു ഐറിഷ് ബാറിൽ വലിയ സ്ക്രീനിൽ കാണുകയായിരുന്നുവെന്നും അതിനാൽ താനല്ല കുറ്റക്കാരനെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഫ്ലാറ്റിന് പുറത്തുള്ള രക്തക്കറ തുടച്ചുനീക്കുന്നതും മാലിന്യസഞ്ചികൾ കൊണ്ടുപോകുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിന് രണ്ടുമണിക്കൂറിലേറെ മുമ്പ് ഫ്ലാറ്റിൽ പ്രവേശിക്കുമ്പോൾ ധരിച്ചിരുന്ന വസ്ത്രത്തിൽനിന്ന് വ്യത്യസ്തമായ പാന്റ്സ് ധരിച്ച് പുറത്തുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. രക്തക്കറ പുരണ്ട വസ്ത്രങ്ങൾ കെട്ടിടത്തിലെ മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തിയതായി റീസൈക്ലിങ് തൊഴിലാളിയും അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.

കൊലപാതകത്തിനുപുറമെ തെളിവുകൾ ഒളിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്തതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ 50 വർഷം വരെ തടവുശിക്ഷ ലഭിക്കാം. നേരത്തേ മുൻ പങ്കാളിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും സ്വകാര്യ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ 2020ൽ 18 മാസം തടവുശിക്ഷ അനുഭവിച്ചയാളാണ് ഫോസ്റ്റർ സ്മിത്ത്. പിന്നീട് മറ്റൊരു സ്ത്രീയെ പിന്തുടർന്ന കേസിലും ശിക്ഷിക്കപ്പെട്ടു. ഇതേത്തുടർന്ന് ജനറൽ മെഡിക്കൽ കൗൺസിലിന്റെ ഡോക്ടർമാരുടെ രജിസ്റ്ററിൽനിന്ന് ഇയാളെ നീക്കിയിരുന്നു. നതാലിയയുടെ കൊലപാതകത്തിന് മുമ്പ് ഒരു ഹോസ്റ്റലിൽ ഇയാൾക്കൊപ്പം താമസിച്ചിരുന്ന അമേരിക്കൻ വിനോദസഞ്ചാരിയും ലൈംഗികാതിക്രമം നേരിട്ടതായി പരാതി നൽകിയിട്ടുണ്ട്. കൊലപാതകക്കേസിന്റെ വിചാരണ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.