ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ ജനിച്ചുവളർന്ന് ജീവിതകാലം മുഴുവൻ ബ്രിട്ടീഷ് പൗരയാണെന്ന് വിശ്വസിച്ചിരുന്ന 24കാരിക്ക് പൗരത്വമില്ലെന്ന് അറിയിച്ച് യുകെ ഹോം ഓഫീസ്. യുവതിയുടെ അമ്മയ്ക്ക് ബ്രിട്ടീഷ് പാസ്പോർട്ടിന് അർഹതയില്ലായിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് യുവതിയുടെ പാസ്പോർട്ട് റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചത്. ഇതോടെ ജോലി ചെയ്യുന്നതിനും വീട് വാടകയ്ക്കെടുക്കുന്നതിനുമുള്ള അവകാശം നഷ്ടപ്പെട്ട യുവതി ഭവനരഹിതയാകുമെന്ന ആശങ്കയിലും കടുത്ത പ്രതിസന്ധിയിലുമാണ്. ബ്രിട്ടനിൽ ജനിച്ചതുകൊണ്ടുമാത്രം ഒരാൾക്ക് സ്വാഭാവികമായി പൗരത്വം ലഭിക്കില്ലെന്നും ജനനസമയത്ത് മാതാപിതാക്കളുടെ പൗരത്വവും നിയമപരമായ സാഹചര്യങ്ങളുമാണ് ഇതിന് അടിസ്ഥാനമെന്നും അധികൃതർ വ്യക്തമാക്കി.
ലണ്ടനിലെ ഗൈസ് ആൻഡ് സെന്റ് തോമസ് ആശുപത്രിയിലായിരുന്നു യുവതിയുടെ ജനനം. ലണ്ടനിൽ വളർന്ന അവർ കുടുംബത്തിലെ അസ്ഥിരമായ സാഹചര്യങ്ങൾ കാരണം വിദ്യാഭ്യാസകാലത്ത് നിരവധി പ്രതിസന്ധികൾ നേരിട്ടിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ അമ്മ ജയിൽശിക്ഷ അനുഭവിച്ചതിനെത്തുടർന്ന് യുവതിക്ക് ഒരു കാലയളവിൽ ശിശുസംരക്ഷണ കേന്ദ്രങ്ങളിലും കഴിയേണ്ടിവന്നു. പിന്നീട് കഠിനാധ്വാനത്തിലൂടെ പഠനം പൂർത്തിയാക്കി മികച്ച ജോലി നേടിയ യുവതിക്ക് പാസ്പോർട്ട് റദ്ദാക്കുന്നതായി അറിയിച്ചുകൊണ്ടുള്ള ഹോം ഓഫീസിന്റെ കത്ത് വലിയ ആഘാതമായി. ബ്രിട്ടനാണ് തന്റെ വീടെന്നും ജമൈക്കയെക്കുറിച്ച് കാര്യമായ അറിവില്ലാത്തതിനാൽ അവിടേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും യുവതി പ്രതികരിച്ചു. അമ്മയുടെ പ്രവൃത്തികൾക്ക് താൻ ശിക്ഷിക്കപ്പെടുകയാണെന്നും അവർ പറഞ്ഞു.
പാസ്പോർട്ട് റദ്ദാക്കിയ ഹോം ഓഫീസിന്റെ നടപടിക്കെതിരായ നിയമപരമായ വെല്ലുവിളിയും അധികൃതർ തള്ളിക്കളഞ്ഞു. വ്യാജവിവരങ്ങളോ തെറ്റായ രേഖകളോ ഉപയോഗിച്ച് പൗരത്വമോ ബ്രിട്ടീഷ് പാസ്പോർട്ടോ നേടിയതായി തെളിവുകൾ ലഭിച്ചാൽ നിയമപ്രകാരം നടപടിയെടുക്കുമെന്ന് ഹോം ഓഫീസ് വക്താവ് വ്യക്തമാക്കി. അതേസമയം, യുവതിയെ ജമൈക്കയിലേക്ക് നാടുകടത്തുമോയെന്ന കാര്യത്തിൽ വ്യക്തമായ തീരുമാനമെടുത്തിട്ടില്ലെന്നും ഓരോ കേസിലെയും സാഹചര്യങ്ങൾ പരിഗണിച്ചായിരിക്കും നടപടിയെന്നും അധികൃതർ അറിയിച്ചു. യുവതി നിരപരാധിയാണെന്നും ജനിച്ചുവളർന്ന രാജ്യത്ത് സ്വന്തം വ്യക്തിത്വവും പൗരത്വവും ചോദ്യം ചെയ്യപ്പെടുന്നത് കടുത്ത അനീതിയാണെന്നും അഭിഭാഷകൻ നാഗ കണ്ടിയ പ്രതികരിച്ചു. സമാനമായ സാഹചര്യത്തിലുള്ളവർക്ക് പൗരത്വാവകാശങ്ങളെക്കുറിച്ച് വ്യക്തമായ ബോധവത്കരണം നൽകണമെന്നും നിലവിൽ പ്രതിസന്ധിയിലായവരുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും കുട്ടികളുടെ ബ്രിട്ടീഷ് പൗരത്വ രജിസ്ട്രേഷനായി പ്രവർത്തിക്കുന്ന സംഘടനയും ആവശ്യപ്പെട്ടു.











Leave a Reply