ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനും യൂറോപ്യൻ യൂണിയനും (EU) തമ്മിൽ ബ്രെക്സിറ്റിന് ശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ കരാറിൽ ധാരണയാകുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി പ്രതിവർഷം 1 ലക്ഷം യൂറോപ്യൻ യുവാക്കൾക്ക് ബ്രിട്ടനിൽ എത്താൻ അവസരമൊരുക്കുന്ന യൂത്ത് മൊബിലിറ്റി പദ്ധതിക്ക് ഇരുപക്ഷവും തത്വത്തിൽ സമ്മതിച്ചു. നേരത്തെ ബ്രിട്ടൻ 50,000–80,000 പേർക്ക് മാത്രമായിരുന്നു അനുമതി നൽകാൻ തയ്യാറായിരുന്നത്. കൂടാതെ പദ്ധതിയിൽ പങ്കെടുക്കാനുള്ള പ്രായപരിധി 30ൽ നിന്ന് 31 ആക്കി ഉയർത്താനും തീരുമാനമായി. ബ്രിട്ടീഷ് യുവാക്കൾക്കും യൂറോപ്യൻ രാജ്യങ്ങളിൽ സമാനമായ അവസരം ലഭിക്കും. യൂറോപ്യൻ വിദ്യാർഥികൾക്ക് ബ്രിട്ടീഷ് സർവകലാശാലകളിൽ സ്വദേശികൾക്ക് നൽകുന്ന ഫീസ് നിരക്കിൽ പഠിക്കണമെന്ന EU ആവശ്യം ഉപേക്ഷിച്ചതും ചർച്ചയിലെ പ്രധാന വിട്ടുവീഴ്ചയായി.

ഭക്ഷ്യ-കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരം സുഗമമാക്കുന്നതിനുള്ള കരാറാണ് ചർച്ചയിലെ മറ്റൊരു പ്രധാന വിഷയം. ഇതനുസരിച്ച് ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭക്ഷ്യസുരക്ഷാ, സസ്യ-മൃഗാരോഗ്യ മാനദണ്ഡങ്ങളുമായി (SPS) പൊരുത്തപ്പെടേണ്ടിവരും. അതായത് പുതിയ EU നിയമങ്ങൾ രൂപീകരിക്കുമ്പോൾ ബ്രിട്ടന് വോട്ടവകാശമുണ്ടാകില്ലെങ്കിലും നിയമങ്ങളെക്കുറിച്ച് അഭിപ്രായം അറിയിക്കാനും നടപ്പാക്കൽ നടപടികളിൽ പങ്കാളിയാകാനും അവസരം ലഭിച്ചേക്കും. ബ്രിട്ടന് കൂടുതൽ അധികാരം നൽകുന്നതിനെ ഫ്രാൻസ് എതിർത്തതിനെ തുടർന്ന് ഈ വിഷയത്തിൽ തർക്കമുണ്ടായി. ഒടുവിൽ നിയമനിർമാണത്തിൽ വോട്ടവകാശം ആവശ്യപ്പെടുന്ന നിലപാടിൽ നിന്ന് ബ്രിട്ടൻ പിന്നോട്ടുപോയതായാണ് റിപ്പോർട്ട്.

ബ്രിട്ടനും EUവും തമ്മിലുള്ള പുതിയ ധാരണകൾ യാഥാർഥ്യമായാൽ ബ്രിട്ടന്റെ ജിഡിപിയിൽ 0.4 ശതമാനം വരെ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. മൂന്ന് പ്രധാന കരാറുകളിൽ ഒപ്പുവെക്കാനാണ് ഇരുപക്ഷവും ലക്ഷ്യമിടുന്നത്. ഭക്ഷ്യ-പാനീയ വ്യാപാര കരാർ 2028 മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഭാവിയിൽ EUവുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സിംഗിൾ മാർക്കറ്റുമായി വീണ്ടും ബന്ധപ്പെടുന്നതിനുമുള്ള സാധ്യതകൾ ചർച്ച ചെയ്യാൻ ബ്രിട്ടൻ ആഗ്രഹിക്കുന്നു. ബ്രിട്ടീഷ് വ്യവസായങ്ങളെ ബാധിക്കാവുന്ന EUയുടെ ‘Made in Europe’ നിയമങ്ങളിലും അനുകൂല ധാരണയിലെത്താൻ ശ്രമം തുടരുകയാണ്.











Leave a Reply