ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടീഷ് യുവതി സോണിയ എക്സൽബിയെ (32) അമേരിക്കയിലേക്ക് എത്തിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി ഡ്വെയ്ൻ ഹാളിന് (54) ജീവപര്യന്തം തടവ്. പോർട്സ്മൗത്ത് സ്വദേശിനിയായ സോണിയയെ ഫിറ്റിഷ് വെബ്സൈറ്റിലൂടെ പരിചയപ്പെട്ട പ്രതി, രണ്ട് വർഷത്തോളം ഓൺലൈനിലൂടെ സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയശേഷം കൊലപാതകത്തിന് പദ്ധതിയിടുകയായിരുന്നു. 2025 ഒക്ടോബർ 10-നാണ് സോണിയ അമേരിക്കയിലെത്തിയത്. തുടർന്ന് ഫ്ലോറിഡയിലെ മരിയൺ കൗണ്ടിയിൽ ഒക്ടോബർ 17-ന് ആഴം കുറഞ്ഞ കുഴിയിൽനിന്ന് മൃതദേഹം കണ്ടെത്തി. ശരീരത്തിന്റെ ഇടതുഭാഗത്ത് ഏഴ് ഇഞ്ച് വരെ ആഴത്തിലുള്ള നാല് കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. ഒകാലയിലെ കോടതിയിൽ ജൂറി ഏകകണ്ഠമായി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്.

ഓൺലൈൻ വഴി സോണിയയുടെ ഉപദേഷ്ടാവായി അഭിനയിച്ച ഹാൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന യുവതിയെ മനഃപൂർവം ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. താൻ അവളെ കൊലപ്പെടുത്തുന്നതിനായി 4,000 ഡോളർ ആവശ്യപ്പെട്ടതായും അന്വേഷണത്തിൽ തെളിഞ്ഞു. പ്രതിയുടെ ഉടമസ്ഥതയിലുള്ള റോഡ്‌സൈഡ് അസിസ്റ്റൻസ് കമ്പനിയുടെ സേവനം ഉപയോഗിച്ച് സോണിയയുടെ ബാങ്ക് കാർഡ് ഇടപാടിന് ശ്രമിച്ചതാണ് പൊലീസിന് നിർണായക സൂചനയായത്. പ്രതിയുടെ മൊബൈൽ ഫോണിൽനിന്ന് ബലാത്സംഗം, പീഡനം, കൊലപാതകം എന്നിവയുമായി ബന്ധപ്പെട്ട ഭീകരമായ ദൃശ്യങ്ങളും കണ്ടെത്തി. സോണിയയുടെ മരണത്തിന് മുമ്പുള്ള ദൃശ്യങ്ങളിൽ പ്രതി അവളോട് മരണത്തെക്കുറിച്ചും പീഡനത്തെക്കുറിച്ചും ചോദിക്കുന്നതും അന്വേഷണസംഘം കോടതിയിൽ തെളിവായി സമർപ്പിച്ചു.

ജീവിതത്തിലുടനീളം മാനസികാരോഗ്യ പ്രശ്നങ്ങളും സ്വയം മുറിവേൽപ്പിക്കുന്ന പ്രവണതയും നേരിട്ടിരുന്ന സോണിയയെ പ്രതി അതിന്റെ പേരിൽ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതി തന്നെ ഉപദ്രവിക്കുന്നുവെന്നും താൻ ഭയപ്പെടുന്നുവെന്നും സോണിയ അവസാനമായി സുഹൃത്തിന് സന്ദേശമയച്ചിരുന്നു. സോണിയയുടെ സമ്മതം ഉണ്ടായിരുന്നുവെന്ന വാദം കൊലപാതകക്കുറ്റത്തിന് പ്രതിരോധമാകില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. സ്നേഹവും കരുണയും നിറഞ്ഞ വ്യക്തിത്വമായിരുന്നു സോണിയയുടേതെന്നും അവളുടെ ജീവിതം ഇത്തരമൊരു ദുരന്തത്തിലൂടെ മാത്രം ഓർമിക്കപ്പെടരുതെന്നും സഹോദരങ്ങൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും സന്നദ്ധയായിരുന്ന അവളുടെ സ്നേഹവും സഹാനുഭൂതിയും ആളുകൾ ഓർക്കണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം.











Leave a Reply