ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെയ്ൽസ്/ആലപ്പുഴ: മക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം സന്തോഷകരമായ നാളുകൾ ചെലവഴിക്കാനായി യുകെയിലെത്തിയ മലയാളി വീട്ടമ്മയ്ക്ക് അപ്രതീക്ഷിത വിയോഗം. ആലപ്പുഴ ജില്ലയിലെ കുന്നങ്കരി ചിറയിൽ സ്വദേശിനി ആൻസി തോമസ് (64) ആണ് അന്തരിച്ചത്. നോർത്ത് വെയ്ൽസിലെ ഗ്ലാൻ ക്ലൂയിഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ നവംബർ 17നായിരുന്നു അന്ത്യം. കഴിഞ്ഞ ഓഗസ്റ്റിലാണ് ഭർത്താവ് തോമസ് ജോസഫിനൊപ്പം ആൻസി യുകെയിലെത്തിയത്. യുകെയിൽ താമസിക്കുന്ന മക്കളായ നീതു തോമസിന്റെയും നീനു തോമസിന്റെയും അടുത്ത് കുറച്ചുകാലം കഴിയുകയായിരുന്നു യാത്രയുടെ ലക്ഷ്യം.
നവംബർ 12നാണ് ആൻസിക്ക് അപ്രതീക്ഷിതമായി ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. മകൾ നീതു തോമസിന്റെയും മരുമകൻ ടോം റെജി മരത്തിനാലിന്റെയും രണ്ടര വയസ്സുകാരനായ മകൻ ഡേവിഡ് ജേക്കബ് ടോമിനെ നേഴ്സറിയിൽ എത്തിച്ചശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം. ഉടൻതന്നെ അടിയന്തര വൈദ്യസഹായം തേടുകയും ആംബുലൻസ് എത്തുന്നതിനു പിന്നാലെ സിപിആർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ഗ്ലാൻ ക്ലൂയിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടായില്ല. ഒടുവിൽ നവംബർ 17ന് മരണം സംഭവിക്കുകയായിരുന്നു.
പ്രിയപ്പെട്ടവരുടെ വിയോഗദുഃഖത്തിനിടയിലും മറ്റുള്ളവർക്ക് പുതുജീവൻ നൽകുന്ന മഹത്തായ തീരുമാനമെടുത്ത് കുടുംബം മാതൃകയായി. ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയശേഷം ആൻസിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിക്കുകയായിരുന്നു. നവംബർ 17ന് തന്നെ അവയവദാന നടപടികൾ പൂർത്തിയാക്കി. ഇതിലൂടെ നിരവധി പേർക്ക് പുതുജീവൻ ലഭിക്കാനുള്ള അവസരമാണ് ഒരുങ്ങിയത്. ആൻസിയുടെ സംസ്കാരം ആലപ്പുഴ ജില്ലയിലെ കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് റോമൻ കത്തോലിക്കാ പള്ളിയിൽ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. സംസ്കാര തീയതി പിന്നീട് അറിയിക്കും.
യുകെ മലയാളികളുടെ മാതാവ് ആൻസി തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.











Leave a Reply