രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) കരട് കുറ്റപത്രം തയ്യാറാക്കി. ബലാത്സംഗം, നിർബന്ധിത ഗർഭഛിദ്രം, ഭീഷണിപ്പെടുത്തൽ, വഞ്ചന, ശാരീരിക ഉപദ്രവം തുടങ്ങിയ കുറ്റങ്ങളാണ് കരട് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ലീഗൽ ഓഫീസറുടെ നിയമോപദേശം ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. ഡിസംബർ പകുതിക്ക് മുമ്പ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
രാഹുലിനെതിരെ ആകെ മൂന്ന് ബലാത്സംഗക്കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ തിരുവല്ലയിലെ ഹോട്ടലിൽ വെച്ച് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ നേരത്തേ തന്നെ കുറ്റപത്രം സമർപ്പിച്ചിരുന്നു. മറ്റു രണ്ട് കേസുകളിലെ അന്വേഷണമാണ് ഇപ്പോൾ പൂർത്തിയാക്കി കരട് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നതാണ് ആദ്യത്തെ കേസ്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ഇതരസംസ്ഥാനത്ത് പഠിക്കുന്ന യുവതിയെ ആളൊഴിഞ്ഞ വില്ലയിലെത്തിച്ച് പീഡിപ്പിച്ചെന്നതാണ് രണ്ടാമത്തെ കേസ്. രണ്ടാമത്തെ കേസിൽ ബലാത്സംഗത്തിന് പുറമേ വഞ്ചന, ശാരീരിക ഉപദ്രവം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
എസ്.പി. ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസുകൾ അന്വേഷിച്ചത്. പൂങ്കുഴലിക്ക് സി.ബി.ഐയിലേക്ക് ഡെപ്യൂട്ടേഷൻ ലഭിച്ചതിനെ തുടർന്ന് ചുമതല ഒഴിയുന്നതിന് തൊട്ടുമുമ്പാണ് കരട് കുറ്റപത്രം പരിശോധിച്ച് അംഗീകരിച്ച് നിയമോപദേശത്തിനായി കൈമാറിയത്. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതോടെ കേസുകളിലെ അന്വേഷണം നിലച്ചെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ശേഷിക്കുന്ന രണ്ട് കേസുകളിലെയും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. നിയമോപദേശത്തിന് ശേഷം കുറ്റങ്ങൾ സംബന്ധിച്ചും പ്രതിപ്പട്ടികയിലും അന്തിമ തീരുമാനമെടുക്കും.











Leave a Reply