കുടുംബജീവിതത്തിന്റെ യഥാര്‍ത്ഥമായ ധര്‍മ്മം സ്‌നേഹവും ജീവനും പങ്കുവയ്ക്കുക എന്നതാണ്. കുടുംബ പൈതൃകം മാതാപിതാക്കളിലൂടെ മക്കളിലേയ്ക്ക് കൈമാറപ്പെടുന്നു. പഴയ കൂട്ടുകുടുംബത്തിൽ നിന്നും വിട്ട് ഇന്നത്തെ തലമുറ  അണു കുടുംബങ്ങളില്‍ ഉണ്ടാകുന്ന വെല്ലുവിളികളെ പോലും നേരിടുന്നത്തിൽ പലപ്പോഴും പരാജയപ്പെടുന്ന കാഴ്ചകൾ നമ്മൾ കണ്ടിട്ടുള്ളതാണ്. ഒരു ജോലി തേടിയുള്ള ജീവിത പ്രയാണത്തിൽ പല മലയാളികളും പ്രവാസികളായി മാറി എന്നുള്ളത് ഒരു നഗ്നസത്യം. മാതാപിതാക്കളെയും ഭാര്യയെയും കുട്ടികളെയും വിട്ട് പുറം രാജ്യങ്ങളിൽ ജോലിചെയ്യുന്ന വിദേശമലയാളികളുടെ കൊച്ചുകാര്യങ്ങൾ പോലും പ്രവാസികളായ നാമെല്ലാവരും ശ്രദ്ധിക്കുന്നു. ഇതാ ഇവിടെ ഒരു ബഹറിൻ മലയാളി സ്വന്തം പിതാവിനെ ബഹറിനിൽ കൊണ്ടുവരാനായി ചെയ്ത ത്യാഗം പ്രവാസികളായ ഓരോ മലയാളിക്കും പാഠമാകേണ്ടതാണ്. സ്വന്തം മാതാപിതാക്കളെ എന്തിന്റെ കാരണം കൊണ്ടായാലും വൃദ്ധസദനകളിൽ തള്ളുന്ന പുതുതലമുറക്ക് ഒരു വഴികാട്ടിയാകട്ടെ ദേവസി ചിറമേൽ എന്ന യുവാവിന്റെ കണ്ണ് നനയിക്കുന്ന പ്രവർത്തി എന്ന് ആശംസിക്കുന്നു… ഡേവിസിന്റെ ഫേസ്ബുക് പോസ്റ്റിനു കിട്ടിയ ഷെയറുകളുടെ  എണ്ണവും ലൈക്കുകളും ഇതിന്റെ തെളിവാണ് ..
 

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം..

‘ചെരിപ്പിടാത്ത അപ്പച്ചനെയാണെനിക്കിഷ്ടം’

ഞാന്‍ ജോലി ചെയ്യുന്ന രാജ്യമായ ബഹറിനിലെക്ക് കുറേക്കാലമായി എന്റെ അപ്പച്ചനെ ഞാന്‍ ക്ഷണിക്കുന്നു. അപ്പോഴോക്കെ സന്തോഷത്തോടെ അപ്പച്ചന്‍ അത് നിരസിക്കുമായിരുന്നു. അതിനിടയില്‍ മൂന്ന് പ്രാവശ്യം എന്റെ അമ്മച്ചി ബഹറനില്‍ വന്ന് പോയീ. അപ്പോഴും അപ്പച്ചന്‍ വന്നില്ല. ഈ കഴിഞ്ഞ ഡിസംബറില്‍ ആണ് ഞാന്‍ ആ വിവരം അറിയിന്നുന്നത്, അപ്പച്ചന്‍ വരാന്‍ മടിക്കുന്നതിന്റെ കാരണം.
കൃഷിക്കാരായ തനി നാട്ടിന്‍പുറത്തുകാരാണ് ഞങ്ങളുടെ കുടുംബം. ഇന്നേവരെ എന്റെ അപ്പച്ചന്‍ ചെരിപ്പ് ധരിച്ചിട്ടില്ല. PANTS എന്നാ പാശ്ചാത്യരുടെ കോണകവും ഇടാറില്ല. അതുകൊണ്ട് മുണ്ടും ഷര്‍ട്ടും ഉടുത്ത് ചെരിപ്പിടാതെ വന്നാല്‍ എന്റെ മോന് അവന്റെ കൂട്ടുകാരുടെയും മറ്റുള്ളവരുടേയും മുന്‍പില്‍ ഞാന്‍ ഒരു അപമാനം ആകും എന്ന് കരുതിയിട്ടാണ് അപ്പച്ചന്‍ വരാന്‍ മടിക്കുന്നത് എന്ന്.
ഇന്ന് ഞങ്ങള്‍ ബഹറിനിലെക്ക് പോകുകയാണ്. അപ്പച്ചന്‍ ഈ അറബിനാട്ടില്‍ നിന്ന് തിരിച്ചുപോകുന്നതുവരെ അപ്പച്ചന്റെ കൂടെ ഞാനും മുണ്ട് ഉടുത്ത് ചെരിപ്പിടാതെ ഉണ്ടാവും. ഞാന്‍ ഇന്ന് ആരായിരിക്കുന്നുവോ അത് എന്റെ പിതാവിന്റെ ആ നഗ്‌നമായ കാലുകള്‍ കൊണ്ട് കുന്നും, മലയും, പാടവും, പറമ്പും, കല്ലും, മുള്ളും ചവിട്ടി പൊടിഞ്ഞ രക്തത്തിന്റെ പ്രതിഫലം ആണ്. മക്കളുടെ പത്രാസ്സിന് അനുസരിച്ച് മാതാപിതാക്കളെ കോലം കേട്ടിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.
ചെരുപ്പ് ഇടാതെ നടക്കുമ്പോള്‍ കാലിന് ചെറിയൊരു വേദന ഉണ്ട്, പക്ഷെ ആ വേദനക്ക് നല്ലോരു സുഖം കിട്ടുന്നത്, മാതാപിതാക്കള്‍ നമ്മള്‍ക്ക് വേണ്ടി അനുഭവിച്ച കഷ്ടതകള്‍ ഓര്‍ക്കുമ്പോള്‍ ആണ്. മാതപിതാക്കള്‍ മക്കള്‍ക്കുവേണ്ടി അനുഭവിക്കുന്ന വേദന മനസിലായത് ഞാനും ഒരു പിതാവ് ആയപ്പോഴാണ്. കുഴിമാടത്തില്‍ പൂക്കള്‍ വക്കുന്നതിന് പകരം ജീവിച്ചിരിക്കുമ്പോള്‍ മാതപിതാക്കളുടെ കയ്യില്‍ നമ്മള്‍ക്ക് പൂക്കള്‍ കൊടുക്കാം.
വാര്‍ദ്ധക്യത്തിലായിരിക്കുന്ന മാതാപിതാക്കളെ ബഹുമാനിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മക്കളുടെയും കടമയും, ഉത്തരവാദിത്വവും ആണന്ന് ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു.
ദൈവമേ അങ്ങേക്ക് നന്ദി.

FullSizeRender (40)

FullSizeRender (41)