വെസ്റ്റ്ബാങ്ക്: ജൂത യുവതിയും പലസ്തീന്‍ യുവാവും തമ്മിലുളള പ്രണയം വിഷയമായ ബോര്‍ഡര്‍ ലൈഫ് എന്ന നോവലിന് ഇസ്രയേല്‍ പാഠ്യപദ്ധതിയില്‍ വിലക്ക്. ഹൈസ്‌കൂള്‍ ക്ലാസുകളിലാണ് ഈ നോവല്‍ പഠിക്കാനുണ്ടായിരുന്നത്. ഈ നോവല്‍ ജൂതന്‍മാരും അല്ലാത്തവരും തമ്മിലുളള വിവാഹത്തെ പ്രോത്സാഹിപ്പിക്കുമെന്ന ആശങ്ക ഉയര്‍ന്നതോടെയാണ് നോവല്‍ പാഠ്യ പദ്ധതിയില്‍ നിന്ന് പുറത്തായത്. 2014ല്‍ ദോറിത് റബിന്യാന്‍ എഴുതിയ നോവലാണിത്. ബോര്‍ഡര്‍ ലൈഫ് എന്ന ഈ നോവല്‍ ഇസ്രയേലില്‍ വന്‍ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു.അടുത്തിടെ നടന്ന അറബ്-ജൂത പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് നോവലിന്റെ നിരോധനം എന്നതും ശ്രദ്ധേയമാണ്.

ഒരു വിദ്ഗ്ദ്ധ സമിതി ബോര്‍ഡര്‍ ലൈഫിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്‌തെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇത് ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിപ്പിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സമിതി എത്തിച്ചേരുകയായിരുന്നു. പുസ്തകം സിലബസില്‍ നിലനിര്‍ത്തണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ഈ പുസ്തകം ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിപ്പിക്കാന്‍ പറ്റിയതല്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥന്‍ ഡാലിയ ഫെനിഗ് കത്തെഴുതിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ പ്രണയത്തില്‍പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഇത്തരമൊരു പുസ്തകം പാഠ്യപദ്ധതിയില്‍ വേണമോയെന്ന കാര്യം ആലോചിക്കണമെന്നുമായിരുന്നു ഫെനിഗിന്റെ ആവശ്യം.

ഇസ്രയേലിലെ ബേണ്‍സ്്‌റ്റെയിന്‍ സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായ കൃതിയാണിത്. ഇതിലെ പ്രണയ കഥ ന്യൂയോര്‍ക്കിന്റെ പശ്ചാത്തലതത്തിലാണ് നടക്കുന്നതെന്ന് എഴുത്തുകാരി ചൂണ്ടിക്കാട്ടുന്നു. പ്രധാന കഥാപാത്രങ്ങള്‍ തമ്മിലുളള സാമ്യങ്ങളും വൈജാത്യങ്ങളും എടുത്ത് കാട്ടാനാണ് താന്‍ ഇതില്‍ ശ്രമിച്ചിട്ടുളളതെന്നും ഇവര്‍ പറയുന്നു. ഇതിലെ കഥാപാത്രങ്ങള്‍ അവധിക്കാലത്ത് വിദേശത്ത് വച്ച് കണ്ടുമുട്ടുകയും അടുക്കുകയുമാണ് ചെയ്യുന്നത്. തര്‍ക്ക ഭൂമിയുമായി കഥയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മധ്യപൂര്‍വ്വ ദേശത്തെ തടസങ്ങള്‍ മറികടന്ന് ഇങ്ങനെയൊരു ബന്ധത്തിന് സാധ്യതയുണ്ടെന്നതാണ് വിദ്യാഭ്യാസ മന്ത്രാലയത്തെ ഭീഷണിപ്പെടുത്തുന്നതെന്നും അവര്‍ പറയുന്നു. പുസ്തകത്തിന് ഏര്‍പ്പെടുത്തിയിട്ടുളള നിരോധനം തികച്ചും അപഹാസ്യമാണെന്നും റബിന്യാന്‍ കൂട്ടിച്ചേര്‍ത്തു.