ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിൽ ജോലി വാങ്ങി നൽകാമെന്ന വാഗ്ദാനം നൽകി സാധാരണക്കാരുടെ കയ്യിൽ നിന്നും കോടികൾ പണം വാങ്ങി വിസ തട്ടിപ്പ് നടത്തിയിരിക്കുകയാണ് യുകെയിൽ താമസക്കാരായ മലയാളി ദമ്പതികൾ. കൊല്ലം സ്വദേശികളായ ദിലീപും ഭാര്യ അനു മോഹനുമാണ് ഇത്തരത്തിൽ നിരവധി പേര് പറ്റിച്ച് പണം സ്വരൂപിച്ചിരിക്കുന്നത്. ഇവരുടെ കയ്യിൽ പണം നൽകി നഷ്ടപ്പെട്ട അഭിലാഷ് എന്ന പരവൂർ സ്വദേശി കൊല്ലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒരു ഹാർഡ്‌വെയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സാധാരണക്കാരനായ അഭിലാഷിനു അയർലൻഡിൽ ഷോപ്പ് കീപ്പർ ജോലി ഉറപ്പാക്കും എന്ന വാഗ്ദാനം നൽകിയാണ് ഇവർ 3,50,000 രൂപ തട്ടിയെടുത്തത്. അഭിലാഷിൽ നിന്നും മാത്രമല്ല മറ്റ് നിരവധി പേരിൽ നിന്നും ഇത്തരത്തിൽ വിസ ഉറപ്പാക്കി ദിലീപും ഭാര്യയും പണം തട്ടിയെടുത്തിട്ടുണ്ട് എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിരവധി പേരുടെ കയ്യിൽ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടെങ്കിലും, ഇതുവരെയും ആരെയും യുകെയിൽ എത്തിക്കുകയോ ജോലി നൽകുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. രണ്ടുവർഷം മുൻപാണ് ഇവർ എ &ഡി എന്ന പേരിൽ കമ്പനി ആരംഭിച്ച് ഇത്തരത്തിൽ വിസ കച്ചവട രംഗത്തേക്ക് ഇറങ്ങുന്നത്.

എന്നാൽ ഇവർക്കെതിരെ കേരള പോലീസിൽ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും, സംഭവം യുകെയിൽ ആയതിനാൽ നിയമനടപടികൾക്ക് കാലതാമസം ഉണ്ടാകും. നാട്ടിലുള്ള അനുമോഹന്റെ അമ്മയായ അംബിക ദേവിയുടെ അക്കൗണ്ടിലേക്കാണ് ഇവർ പണം അടക്കുവാൻ ആവശ്യപ്പെട്ടതെന്ന് അഭിലാഷ് പോലീസിൽ വ്യക്തമാക്കിയിട്ടുണ്ട്. നാട്ടിലുള്ള ഭാര്യയുടെ അമ്മയ്ക്ക് തങ്ങൾ പണം നൽകാനുള്ളതിനാലാണ് ഈ അക്കൗണ്ടിലേക്ക് പണം അയക്കാൻ ആവശ്യപ്പെട്ടതെന്ന് ദിലീപ് പറഞ്ഞതായി അഭിലാഷ് തന്റെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പണം നൽകി രണ്ടാഴ്ചയ്ക്കുശേഷം അഭിലാഷിന് ഓഫർ ലെറ്റർ ലഭിച്ചില്ലെങ്കിലും, ഇത് വ്യാജമാണെന്ന് പിന്നീടുള്ള അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്ന് പണം തിരികെ നൽകാൻ ദിലീപിനോട് ആവശ്യപ്പെട്ടെങ്കിലും പിന്നീട് നൽകാം എന്ന വാഗ്ദാനം നൽകി ഇതുവരെയും തന്നെ പറ്റിക്കുകയാണെന്ന് അഭിലാഷ് പറഞ്ഞു. മലയാളികൾ മാത്രമല്ല തമിഴ് നാട്ടിൽ നിന്നുള്ളവരും ദമ്പതികളുടെ തട്ടിപ്പിനിരയായ വാർത്തകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. നാട്ടിലും യുകെയിലും ആയി പലരിൽ നിന്നും ഇവർ ഒരു കോടി 80 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നാട്ടിൽ അവധിക്ക് വന്ന് തിരിച്ചു പോകുന്ന സമയത്ത് ഏകദേശം ഇരുപതോളം പേരുടെ കയ്യിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയാണ് ദിലീപ് യുകെയിലേക്ക് മടങ്ങിപ്പോയതെന്നും പരാതിയിൽ ഉന്നയിക്കുന്നു. നാട്ടിലെ അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുന്നതിനാൽ ലണ്ടൻ പോലീസിനും, ഇവർ യുകെയിൽ ആയതിനാൽ കേരള പോലീസിനും കാര്യമായി ഒന്നും ചെയ്യുവാൻ കഴിയുകയില്ലെന്ന ആത്മവിശ്വാസമാണ് ഇവരെ ഈ തട്ടിപ്പിൽ കൂടുതൽ പിടിച്ചു നടത്തുന്നതെന്ന് പരാതിക്കാർ ആരോപിച്ചു.

യുകെയിലും ഇത്തരത്തിൽ ഇവരുടെ ചതിക്കിരയായവർ നിരവധിയാണ്. തുടർന്ന് ദിലീപിനും ഭാര്യക്കും എതിരെയുള്ള പരാതി നിരവധി പേർ ചേർന്ന് ബ്രിട്ടീഷ് ഹോം ഓഫീസിൽ സമർപ്പിച്ചിട്ടുണ്ട്. അതിനിടെ കെന്റിലെ ഒരു നഴ്സിംഗ് ഹോമിൽ ദമ്പതികൾ നടത്തിയ ഒന്നരക്കോടിയുടെ നിക്ഷേപം നഷ്ടത്തിൽ ആയതായും വാർത്തകൾ പുറത്തുവരുന്നുണ്ട്. ദമ്പതികൾക്ക് എതിരെ നിരവധി പേരാണ് ഇപ്പോൾ പരാതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്.
നാട്ടിലെ സാധാരണക്കാരായ ആളുകളുടെ പണം തട്ടിയെടുത്ത് യുകെയിൽ ആഡംബര ജീവിതം നയിക്കുകയാണ് ഇവരെന്ന് പണം നഷ്ടമായവരിൽ പലരും കുറ്റപ്പെടുത്തി. ദിലീപിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടും ഫോണിലുള്ള വിവരങ്ങളും ചോർത്തി എടുത്ത ചെറുപ്പക്കാരാണ് ഇപ്പോൾ ഇയാൾ നടത്തുന്ന തട്ടിപ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയത്