ചെന്നൈ: മാനേജ്‌മെന്റ്ിന്റെ പീഡനത്തേത്തുടര്‍ന്ന് തമിഴനാട്ടില്‍ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തു. ഫീസടക്കാത്തതിനേത്തുടര്‍ന്ന് മാനേജ്‌മെന്റ് ഇവര്‍ക്കെതിരേ പീഡന നടപടികള്‍ ആരംഭിച്ചിരുന്നു. തങ്ങളില്‍ നി്ന്ന് കൂടുതല്‍ ഫീസ് ഈടാക്കിയതായി ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുണ്ട്. തമിഴ്‌നാട്ടിലെ വില്ലുപുരം കല്ലാകുറുച്ചി എസ്വിഎസ് യോഗാ മെഡിക്കല്‍ കോളെജിലെ ബിരുദ വിദ്യാര്‍ത്ഥിനികളാണ് ഇന്നലെ രാത്രി കോളെജിനടുത്തുള്ള കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. ന്യൂറോപതി വിദ്യാര്‍ത്ഥിനികളാണിവര്‍.
ന്യൂറോപതി വിദ്യാര്‍ത്ഥിനികളായ ഇ ശരണ്യ, വി പ്രിയങ്ക (ഇരുവരും 18), ടി മോനിഷ (19) എന്നിവരാണ് ജീവനൊടുക്കിയത്. വിദ്യാര്‍ത്ഥികളോടുള്ള പീഡനത്തിനെതിരെ കോളെജ് മാനേജ്‌മെന്റിനും ചെയര്‍മാനുമെതിരെ വിദ്യാര്‍ത്ഥികള്‍ നിരവധി തവണ പരാതികള്‍ നല്‍കിയതാണെന്നും എന്നാല്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും മൂവരും ഒപ്പുവെച്ച ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. കോളെജ് അധികൃതര്‍ക്കെതിരെ നടപടിഎടുക്കാന്‍ തങ്ങളുടെ മരണം വഴിവെക്കുമെന്നാണ് പ്രതീക്ഷയെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

കോളേജ് ചെയര്‍മാന്‍ വാസുകി സുബ്രഹ്മണ്യനെതിരെയാണ് ആരോപണം. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മകന്‍ സുഖി വര്‍മയെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വില്ലുപുരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതായി വില്ലുപുരം റെയ്ഞ്ച് ഡിഐജി അനീസാ ഹുസൈന്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളില്‍ നിന്നും അമിത ഫീസ് ഈടാക്കുന്നുവെന്ന ആരോപണം നേരത്തെയും ഇതേ കോളെജിനെതിരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ സെപ്തംബറിലും ഒക്ടോബറിലും വിദ്യാര്‍ത്ഥികള്‍ ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടര്‍ന്ന് കോളെജിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തിയിരുന്നു.

മാനേജ്‌മെന്റ് അമിത ഫീസ് ഈടാക്കുകയണ്. ആറ് ലക്ഷം രൂപ വാങ്ങിയെങ്കിലും പണം കൈപറ്റിയതിന്റെ ബില്ലുകളൊന്നും തന്നില്ല. വേണ്ടത്ര ക്ലാസുകളോ അധ്യാപകരോ ഇല്ലാത്ത കോളേജില്‍ ഒന്നും പഠിപ്പിക്കുന്നില്ല. ഞങ്ങള്‍ ആത്മഹത്യ ചെയ്ത ശേഷം ചെയര്‍മാന്‍ വാസുകി സുബ്രഹ്മണ്യം പറയുക ഞങ്ങള്‍ക്ക് സ്വഭാവ ദൂഷ്യമുണ്ടെന്നായിരിക്കും. അത് വിശ്വസിക്കരുത്. സംഭവം അന്വേഷിച്ച് അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ പറയുന്നു.