നഗാല: അഭയാര്‍ത്ഥി ക്യാമ്പില്‍ ബോക്കോ ഹറാം നടത്താന്‍ തീരുമാനിച്ച ആക്രമണത്തില്‍ നിന്ന് കൗമാരക്കാരിയായ ചാവേര്‍ അവസാന നിമിഷം പിന്‍വാങ്ങി. അരയില്‍ ബന്ധിച്ചിരുന്ന ബോംബുകള്‍ ഊരിയെറിഞ്ഞ് പെണ്‍കുട്ടി ഓടിരക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇവളുടെ ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ നൈജീരിയയിലെ ദിക്വാ അഭയാര്‍ത്ഥി ക്യാമ്പില്‍ സ്‌ഫോടനം നടത്തി. സംഭവത്തില്‍ അമ്പത്തെട്ട് പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനം നടത്താന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ പിന്നീട് പ്രാദേശിക സേന കസ്റ്റഡിയിലെടുത്തു. ബോക്കോ ഹറാം ആസൂത്രണം ചെയ്തിട്ടുളള മറ്റ് ബോംബാക്രമണങ്ങളുടെ വിവരങ്ങള്‍ ഈ പെണ്‍കുട്ടിയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്.
താന്‍ ആളുകളെ കൊല്ലാന്‍ പോകുകയാണെന്ന് മനസിലായതോടെ പെണ്‍കുട്ടി ഭയന്നതായി അവളെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. തന്നെ ക്യാംപിലെത്തിച്ചയാളുടെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ അവള്‍ക്കു ഭയമുണ്ടായിരുന്നു. മാസങ്ങളായി ഭീകരര്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നവരില്‍പ്പെട്ടവളാണ് ഈ പെണ്‍കുട്ടി. താന്‍ ചെയ്ത കാര്യങ്ങള്‍ പെണ്‍കുട്ടി ഉദ്യോഗസ്ഥരോട് വിവരിച്ചു. തന്റെ നടപടികളുമായി മുന്നോട്ട് പോയിരുന്നെങ്കില്‍ സംഭവിക്കാവുന്ന ദുരന്തം അവളെ സങ്കടപ്പെടുത്തുന്നുമുണ്ട്.

അവരുടെ നിര്‍ദേശം അനുസരിച്ചെങ്കില്‍ സ്വന്തം പിതാവിനെ ഉള്‍പ്പെടെയുളളവരെ താന്‍ കൊല്ലേണ്ടി വരുമായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. ദൗത്യത്തില്‍ നിന്ന് പിന്‍മാറാന്‍ കൂട്ടത്തിലുണ്ടായിരുന്നവരോടും താന്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അവരുടെ മനസ് മാറ്റാന്‍ തനിക്കായില്ല. താന്‍ വലിച്ചെറിഞ്ഞ ബോംബുകളും പെണ്‍കുട്ടി സൈനികര്‍ക്ക് കാട്ടിക്കൊടുത്തു. ആറ് വര്‍ഷമായി ബോക്കോഹറാം നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 20,000 ജീവനുകള്‍ നഷ്ടമായിട്ടുണ്ട്. ഇരുപത്തഞ്ച് ലക്ഷം പേര്‍ക്ക് വിടു,കളും നഷ്ടമായി.