ലണ്ടന്‍: യുകെയില്‍ മലയാളികള്‍ക്കിടയില്‍ ഇത് രണ്ടാമത്തെ വീട് എന്ന ആശയം പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ചിലര്‍ ഒരു മുതല്‍ മുടക്കായും ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉദ്ദേശിച്ചും ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ ആദ്യം വാങ്ങിയ വീടില് സംതൃപ്തര്‍ അല്ലാത്തത് കൊണ്ടാണ് രണ്ടാമത്തെ വീടിനായി ശ്രമിക്കുന്നത്. കാരണം ഏതായാലും ശ്രദ്ധാപൂര്‍വ്വം ചെയ്താല്‍ രണ്ടാമത്തെ വീട് വാങ്ങല്‍ പല തരത്തിലും ഗുണകരമാക്കാം. വാടകയ്ക്ക് നല്കാന് വീട് വാങ്ങുന്നവര്‍ ഇത് ശ്രദ്ധിച്ച് വേണം ചെയ്യാന്‍. ഇപ്പോള്‍ സാമ്പത്തിക മേഖലയില്‍ നടപ്പില്‍ വരുത്തുന്ന പരിഷ്കാരങ്ങള്‍ വാടക മേഖലയെയും സാരമായി ബാധിക്കുകയാണ്. എന്നാല്‍ വാടകയ്ക്ക് നല്‍കാനുളള വീടുകള്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൊയ്യാനാകും. വാടക വീടുകളുടെ നികുതി നിരക്കില്‍ ഇത്തവണ ചാന്‍സലര്‍ ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ വാടകക്ക് നല്‍കാനുളള വീടുകള്‍ വാങ്ങുന്നവര്‍ക്ക് മൂന്ന് ശതമാനം സ്റ്റാമ്പ് നികുതി ഏര്‍പ്പെടുത്തി. പുതിയ വാടകക്കാരെ കുറിച്ച് പരിശോധിക്കണമെന്ന നിര്‍ദേശവും വീടുടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവയെല്ലാം തന്നെ വീടുകള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ക്ക് മോശം വാര്‍ത്തകള്‍ തന്നെയാണ്. എന്നാല്‍ രാജ്യമെമ്പാടും വാടകയില്‍ വന്‍ വര്‍ദ്ധനയുണ്ടായിരിക്കുന്നു എന്നതാണ് വീട് വാടകയ്ക്ക് നല്‍കുന്നവര്‍ക്കുളള നല്ലവാര്‍ത്ത. പ്രതിമാസം 743 പൗണ്ടാണ് ഏറ്റവും കുറഞ്ഞ വാടക നിരക്ക്.
ഗ്രേറ്റര്‍ ലണ്ടനിലാണ് വാടകനിരക്ക് ഏറ്റവും കൂടുതല്‍. 1544 പൗണ്ടാണ് ഇവിടുത്തെ ഏറ്റവും കുറഞ്ഞ വാടക. വീട് ആവശ്യമുളളവരുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ബ്രിട്ടീഷ് ജനതയുടെ ആയുര്‍ദൈര്‍ഘ്യമുയര്‍ന്നതും കുടിയേറ്റവുമാണ് ഇതിന് പ്രധാന കാരണങ്ങള്‍. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ ജനസംഖ്യാവളര്‍ച്ചയില്‍ ഏറ്റവും വേഗതയുള്ള രാജ്യവും ബ്രിട്ടനാണ്. ആവശ്യമുളളതിലും പത്ത് ലക്ഷം വീടുകള്‍ കുറവാണെന്നതാണ് രാജ്യത്തെ വാടകനിരക്ക് കൂട്ടുന്ന പ്രധാന ഘടകം. ഇത് വീടുടമകള്‍ക്ക് ഏറെ അവസരങ്ങള്‍ നല്കുന്നു. എന്നാല്‍ ആദ്യമായി ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇവിടെ നിന്ന് ലാഭം നേടാന്‍ നിങ്ങള്‍ക്ക് കഴിയൂ.
വിദ്യാര്‍ത്ഥികളെയാണോ, കുട്ടികളുളള കുടുംബത്തെയാണോ പ്രൊഫഷണലുകളെയാണോ വാടകക്കാരായി വേണ്ടതെന്ന് തീരുമാനിക്കേണ്ടത് വീട്ടുടമകളാണ്. ഇതിലൂടെ എവിടെ വീട് വാങ്ങണമെന്ന കാര്യം തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഏത് തരം വീട് വാങ്ങണമെന്നതും വാടകക്കാരെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഇതിനായി നിങ്ങള്‍ക്ക് ഏജന്റുമാരുടെ ഉപദേശം തേടാവുന്നതാണ്. വെബ്സൈറ്റുകളിലൂടെയും ഇത്തരം വിവരങ്ങള്‍ ശേഖരിക്കാം. മിക്ക വാടകക്കാര്‍ക്കും ഒന്നോ രണ്ടോ കിടപ്പുമുറികളുളള വീടാണ് ആവശ്യം. വലിയ കെട്ടിടങ്ങള്‍ വാങ്ങി കിടപ്പുമുറികളാക്കി നല്‍കാനാകും. എന്നാല്‍ ഇത് പല പ്രശ്നങ്ങളും ഉയര്‍ത്തുന്നു. സുരക്ഷിതത്വത്തിന്റെയും ആരോഗ്യത്തിന്റെയും മറ്റും പ്രശ്നങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ വരുമാനം കുറയ്ക്കുന്നതോടൊപ്പം ഇത് മാനേജ് ചെയ്യാന്‍ മുഴുവന്‍ സമയം നീക്കി വയ്ക്കേണ്ടിയും വന്നേക്കാം.
തൊഴില്‍ ശാലകളോടടുത്ത് വീടുകള്‍ വാങ്ങുന്നത് ഏറെ സഹായകമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. കാരണം വാടകയ്ക്ക് വീട് തേടുന്നവര്‍ തങ്ങളുടെ ജോലി സ്ഥലത്തിനടുത്ത് തന്നെ അത് വേണമെന്ന് ആഗ്രഹിക്കുന്നവരാകും. ആശുപത്രികള്‍, സര്‍വകലാശാലകള്‍, വലിയ സ്വകാര്യ കമ്പനികള്‍, തുടങ്ങിയവയ്ക്ക് സമീപമോ, പൊതുഗതാഗത സൗകര്യമുളളതിനടുത്തോ വീടുകള്‍ വാങ്ങുന്നത് നന്നായിരിക്കും. ഇതിന് പുറമെ അടുത്ത് കടകള്‍ ഉളളതും പ്രയോജനകരമാകും. അതേസമയം നിശാക്ലബ്ബുകള്‍ക്കടുത്ത് വീടുകള്‍ വാങ്ങാനേ പാടില്ലെന്നും വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നു. നിങ്ങളുടെ കയ്യിലുളള പണത്തിന് താങ്ങാന്‍ കഴിയുന്ന വീടുകള്‍ മാത്രം തെരഞ്ഞെടുക്കാനും ശ്രദ്ധിക്കുക. തിരക്ക് പിടിച്ച് തീരുമാനങ്ങള്‍ എടുക്കരുതെന്ന നിര്‍ദേശവും ഉണ്ട്.
ഏപ്രില്‍ ഒന്നിന് ശേഷം മാത്രമേ പുതിയ വീടുകള്‍ വാങ്ങാന്‍ ശ്രമിക്കാവൂ എന്നാണ് വിദഗ്ദ്ധരുടെ നിര്‍ദേശം. ഏപ്രില്‍ മുതല്‍ മൂന്ന് ശതമാനം സ്റ്റാമ്പ് നികുതി വര്‍ദ്ധിക്കുന്നതിനാല്‍ ഇപ്പോള്‍ വീട് വാങ്ങാന്‍ ധാരാളം പേര് എത്തുന്നുണ്ട്. ഇത് വീടുകളുടെ വില കൃത്രിമായി കുതിച്ച് കയറാന്‍ ഇടയാക്കും. അതൊഴിവാക്കാനാണ് ഈ നിര്‍ദേശം. ഏപ്രില്‍ മുതല്‍ സ്റ്റാമ്പ് നികുതി വര്‍ദ്ധിക്കുന്നതിനാല്‍ അപ്പോള്‍ ആവശ്യക്കാരുടെ ഒഴുക്ക് കുറയാനും വിലയിടിയാനും സാധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പതിനെട്ടിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുളളവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ വീടുകള്‍ തയാറാക്കുന്നതെങ്കില്‍ അവിടെ വേണ്ട ഫര്‍ണിച്ചറുകളും ഒരുക്കേണ്ടതുണ്ട്. കാരണം ഈ പ്രായത്തിലുളളവര്‍ ഫര്‍ണിഷ്ഡ് വീടുകള്‍ തെരയുന്നവരാണ്. എന്നാല്‍ കുടുംബങ്ങള്‍ക്ക് അതാവശ്യമില്ല. അവര്‍ സ്വന്തം ഫര്‍ണിച്ചറുകള്‍ കൊണ്ട് വന്ന് ഉപയോഗിച്ച് കൊളളും.