ജയന്‍ ഇടപ്പാള്‍

ജനുവരി ഒന്നിന്, കേരളത്തിന്റെ വടക്കന്‍ അതിര്‍ത്തിയായ മഞ്ചേശ്വരം മുതല്‍, തെക്കന്‍ അതിര്‍ത്തിയായ പാറശ്ശാല വരെ 620 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന, ലോകത്തിന്റെ തന്നെ ശ്രദ്ധയാകാന്‍ പോകുന്ന നവോഥാന മൂല്യ സംരക്ഷണ വനിതാ മതിലിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ലണ്ടനില്‍ മനുഷ്യമതില്‍ തീര്‍ത്തത് യുകെയിലെ പുരോഗമന സംഘടനകള്‍. സമീക്ഷയുകെയുടെയും, വനിതാ വിഭാഗമായ സ്ത്രീ സമീക്ഷയുടെയും നേത്യത്വത്തില്‍ ഡിസംബര്‍ 30ന് ഉച്ചക്ക് 2 മണിക്ക്, ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്റെ മുന്നില്‍ നടന്ന മനുഷ്യമതിലില്‍, ബ്രിട്ടനിലെ മറ്റു പുരോഗമന സാംസകാരിക പ്രസ്ഥാനങ്ങളായ ചേതന, ക്രാന്തി, ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് വുമണ്‍, പ്രോഗ്രസ്സിവ് റൈറ്റേഴ്സ് അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് തുടങ്ങിയവരും സജീവമായി പങ്കെടുത്തു.

ബ്രിട്ടനിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന, 500ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്ത മനുഷ്യമതില്‍ കേരളത്തിലെ നവോഥാന മൂല്യസരക്ഷണത്തിന്റെ പ്രാധാന്യവും, മതേതര സംരക്ഷണത്തിന്റെ അന്തസത്തയും, സ്ത്രീ പുരുഷ സമത്വത്തെയും, കേരളത്തെ വീണ്ടും ഭ്രാന്താലമാക്കരുതെന്നും, വീണ്ടും ജാതിമത വേര്‍തിരിവ് വേണ്ടെന്നും, വിളിച്ചോതുന്ന ഡിസ്‌പ്ലേ ബോര്‍ഡുകളും, ബാനറുകളും കൊണ്ട് ബ്രിട്ടനിലെ വീതി ഇന്നലെ സജീവമായിരുന്നു. വനിതാമതിലിനു എല്ലാ വിധ പിന്തുണയും നല്‍കുന്ന, മനുഷ്യമതിലില്‍ മലയാളികള്‍ക്ക് പുറമെ, ബ്രിട്ടീഷുകാരും, പഞ്ചാബികളും, പങ്കെടുത്തത് ഒരു വലിയ വിജയമായി എന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി സ്വപ്നപ്രവീണും, ജനറല്‍ കണ്‍വീനര്‍ ശ്രീ. ദിനേശ് വെള്ളാപ്പള്ളിയും ഞങ്ങളോട് പറഞ്ഞു

ഇന്ത്യന്‍ ഹൈ കമ്മീഷനു ചുറ്റുമായി മതില്‍ പോലെ നിരന്നു നിന്ന പ്രവര്‍ത്തകര്‍ക്ക് ബ്രിട്ടനിലെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ജനറല്‍ സെക്രട്ടറി സഖാവ്. ഹാര്‍സീവ് ബൈന്‍സ് പ്രതിജ്ഞ വാചകങ്ങള്‍ ചൊല്ലി കൊടുത്തു. മതിലിനു ശേഷം നടന്ന സമാപനയോഗത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി സ്വപ്ന പ്രവീണ് സ്വാഗതം പറഞ്ഞു. യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ശ്രീമതി ജോഗിന്ദര്‍, ചേതന എക്‌സികുട്ടീവ് അംഗം ശ്രീമതി. കവിത ലിയോസ്, ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ദേശീയ വൈസ് പ്രേസിടെന്റും ബ്രിട്ടനിലെ ലേബര്‍ കൗണ്‍സിലറുമായ ശ്രീ സുഗതന്‍ തെക്കേപ്പുര, ലോകകേരളസഭാംഗം ശ്രീ. കാര്‍മേല്‍ മിറാന്‍ഡ, പ്രശസ്ത പത്രപ്രവര്‍ത്തകനും, പുരോഗമന ചിന്തകനുമായ ശ്രീ മുരളിവെട്ടത്തു, എന്നിവരും സംസാരിച്ചു.

മനുഷ്യമതിലില്‍ അണി നിരക്കാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന, എല്ലാ പ്രവര്‍ത്തകര്‍ക്കും പ്രത്യേകം പ്രത്യേകം നന്ദി പറഞ്ഞു കൊണ്ട് ജനറല്‍ കണ്‍വീനര്‍ ശ്രീ. ദിനേശ് വെള്ളാപ്പള്ളി യോഗം അവസാനിപ്പിച്ചു.