മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജിന്റെ പുതിയ സൂപ്പര്‍ഹിറ്റായ പാവാടയില്‍ താരത്തിന്റെ അമ്മ വേഷത്തിലേക്ക് ആദ്യം തീരുമാനിച്ചത് പ്രശസ്ത നടിയും നര്‍ത്തകിയുമായ ശോഭനയെ ആയിരുന്നു എന്ന് വെളിപ്പെടുത്തല്‍. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള നായകന്‍മാരുടെ അമ്മവേഷം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ശോഭന ആ വേഷം നിരസിയ്ക്കുകയായിരുന്നു. പാവാടയുടെ നിര്‍മാതാവായ നടന്‍ മണിയന്‍പിള്ള രാജുമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിയ്ക്കുന്നത്. ശോഭന വേഷം നിരസിച്ചതിനെത്തുടര്‍ന്ന് ആ വേഷം ചെയ്ത ആശ ശരത്തിന് അഭിനന്ദന പ്രവാഹമാണെന്നും മണിയന്‍ പിള്ള രാജു വ്യക്തമാക്കുന്നു. സിസിലി വര്‍ഗീസ് എന്ന കഥാപാത്രം ആശ ശരത്തിന് അവാര്‍ഡുകള്‍ നേടിക്കൊടുക്കുമെന്നുവരെ ഉറപ്പിച്ചു കഴിഞ്ഞരീതിയിലാണ് ചിലര്‍ അഭിനന്ദിയ്ക്കുന്നതെന്നും മണിയന്‍പിള്ള പറയുന്നു. മനോരമ ആഴ്ചപ്പതിപ്പിലാണ് മണിയന്‍ പിള്ള രാജു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിയ്ക്കുന്നത്.
സിസിലിയാകാന്‍ ആദ്യം ക്ഷണിച്ചത് ശോഭനയെയായിരുന്നെന്നും എന്നാല്‍ ഉള്‍ക്കൊള്ളാനാകാത്ത കാരണങ്ങളിലൂടെ ശോഭന തങ്ങളെ ഒഴിവാക്കിയെന്നും പാവാടയുടെ നിര്‍മാതാവ് രാജു വ്യക്തമാക്കുന്നു. പാവാടയില്‍ രണ്ടാംപകുതിയില്‍ വരുന്ന ശക്തമായ കഥാപാത്രമാണ് സിസിലി. നായകനായ പൃഥ്വിരാജിന്റെ അമ്മയുടെ കഥാപാത്രം. തിരക്കഥ പൂര്‍ത്തിയായതോടെ മണിയന്‍ പിള്ളയ്ക്കും സംവിധായകന്‍ മാര്‍ത്താണ്ടനും തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രയ്ക്കും ഒരു കാര്യത്തില്‍ ഒട്ടും അഭിപ്രായവ്യത്യാസമുണ്ടായിരുന്നില്ല. സിസിലിയായി ശോഭന തന്നെ വേണം. ശോഭനയുമായി അടുത്തബന്ധമുള്ള മണിയന്‍ പിള്ള ഇരുവരെയും കൂട്ടി അടുത്തദിവസം തന്നെ ചെന്നൈയിലെത്തി ശോഭനയെ കണ്ടു. തിരക്കഥ പൂര്‍ണമായും വായിച്ചുകേള്‍പ്പിച്ചു. ഗംഭീരം എന്ന മറുപടി പാവാട ടീമിന് ആത്മവിശ്വാസം നല്‍കി. പക്ഷെ, ശോഭന പാവാടയില്‍ അഭിനയിച്ചില്ല.
ചില നൃത്തപരിപാടികള്‍ ഏറ്റിട്ടുണ്ട്. ചെന്നൈയില്‍നിന്ന് കേരളത്തില്‍വന്ന് പടം ചെയ്യാനുള്ള സമയമില്ല. അതുകേട്ടയുടനെ മണിയന്‍പിള്ള രാജു ശോഭനയ്ക്ക് ഒരു ഉറപ്പുനല്‍കി. കേരളത്തില്‍ വരേണ്ട. ശോഭനയുടെ രംഗങ്ങള്‍ ചെന്നൈയില്‍ സെറ്റിട്ട് ചിത്രീകരിക്കാം. അതുകേട്ടപ്പോള്‍ ശോഭന യഥാര്‍ഥ കാരണം വ്യക്തമാക്കിയെന്ന് മണിയന്‍ പിള്ള രാജു. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള നായകന്‍മാരുടെ അമ്മവേഷം ചെയ്യാന്‍ താല്‍പര്യമില്ല. ജ്യേഷ്ഠസഹോദരിയൊക്കെ ആകാം. പക്ഷെ, അമ്മയായാല്‍ അത് ഡാന്‍സ് പ്രൊഫഷനെയും ബാധിക്കുമെന്ന് ശോഭന.
പ്രണയം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ വൃദ്ധനായില്ലേ എന്ന് തുടങ്ങി പലവിധ ചോദ്യങ്ങള്‍ രാജു മറുപടിയായി ഉയര്‍ത്തിയെങ്കിലും ശോഭന തയ്യാറായില്ല. നിരാശ മറച്ചുവച്ച് സൗഹൃദത്തോടെ മൂവരും ശോഭനയോട് യാത്ര പറഞ്ഞു. മടക്കയാത്രയിലാണ് ആശ ശരത് എന്ന പേരുയര്‍ന്നുവന്നത്. ശോഭനയോട് കഥ പറഞ്ഞത് ആശയോട് മറച്ചുവയ്ക്കാന്‍ മണിയന്‍പിള്ള തീരുമാനിച്ചു. അതിന് പ്രേരിപ്പിച്ചത് ശോഭനയെപ്പോലെ ആശയും നൃത്തപരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. ശോഭന പറഞ്ഞ കാര്യങ്ങള്‍ ആശയും പറഞ്ഞേക്കാം. അങ്ങനെ ആശയെ വിളിച്ച് മണിയന്‍ പിള്ള കഥാപാത്രത്തെകുറിച്ച് പറഞ്ഞു. നായകന്റെ അമ്മവേഷം എന്ന് എടുത്തുപറയാതെ വളരെ പ്രധാന്യമുള്ള ഒരു അമ്മയായി ആശ അഭിനയിക്കണം എന്നുപറഞ്ഞു. മണിയന്‍ പിള്ള രാജുവിനെ സ്‌ക്രീനിലൂടെ ഇഷ്ടപ്പെട്ടിരുന്ന ആശ ആ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ചു. അത് തെറ്റിയതുമില്ല.