ജനീവ: കമ്പ്യൂട്ടറുകളിലും മൊബൈല്‍, ടാബ്ലറ്റ് എന്നിവയിലും ഏറെനേരം ചെലവഴിക്കുന്നത് കുട്ടികളുടെ ആരോഗ്യം ക്ഷയിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ ഉപയോഗം വര്‍ദ്ധിച്ചതോടെയാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം ഉപകരണങ്ങള്‍ക്കു മുന്നില്‍ ഏറെ നേരം ചെലവഴിക്കാന്‍ തുടങ്ങിയത്. 11 വയസ് വരെ പ്രായമുള്ള കുട്ടികളും ഇതുമൂലം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ദിവസവും ആവശ്യമായ വ്യായാമം ചെയ്യാന്‍ പോലും യുവാക്കള്‍ തയ്യാറാകുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.
ദിവസവും രണ്ട് മണിക്കൂറിലേറെ സമയം സോഷ്യല്‍മീഡിയയും മറ്റും ഉപയോഗിക്കുന്നതായാണ് വ്യക്തമായത്. 2002 മുതല്‍ 2014 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ കാര്യമായ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം. സ്ത്രീകളിലും പുരുഷന്മാരിലും സോഷ്യല്‍ മീഡിയ ഉപയോഗത്തിന്റെ നിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. 15 വയസും അതിനു മേലും പ്രായമുള്ള പെണ്‍കുട്ടികളുടെ ഇടയില്‍ ഇത് മൂന്നിരട്ടിയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
2014ല്‍ ഇംഗ്ലണ്ടിലെ 11നും 15നുമിടയില്‍ പ്രായമുള്ള 74.6 ശതമാനം പെണ്‍കുട്ടികളും 83.6 ശതമാനം ആണ്‍കുട്ടികളും ദിവസവും രണ്ടു മണിക്കൂര്‍ കംപ്യൂട്ടര്‍, ടാബ്ലറ്റ്, ഫോണ്‍ എന്നിവ ഉപയോഗിച്ചിരുന്നു. സ്കോട്ട്ലന്‍ഡില്‍ ഈ കണക്ക് 79.9 ശതമാനം, 83.6 ശതമാനം എന്നിങ്ങനെയാണ്. 42 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ പെണ്‍കുട്ടികളുടെ കംപ്യൂട്ടര്‍ ഉപയോഗത്തില്‍ സ്കോട്ട്ലന്‍ഡിനാണ് ഒന്നാം സ്ഥാനം. വെയില്‍സ് നാലാം സ്ഥാനത്തും ഇംഗ്ലണ്ട് ഏഴാം സ്ഥാനത്തും എത്തി. രണ്ട് ലക്ഷം കുട്ടികളിലാണ് ലോകാരോഗ്യ സംഘടന പഠനം നടത്തിയത്.
Leave a Reply