ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മേടപ്പുലരിയില്‍ കൈനീട്ടവും കൊന്നപ്പൂവുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. സമൃദ്ധിയുടെ നേര്‍ക്കാഴ്ച്ചകളിലേക്ക് മലയാളി കണി കണ്ടുണരുന്ന ദിവസമാണ് വിഷു. ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് വിഷു ആഘോഷിക്കുന്നത്. വിഷുക്കണി കണ്ടുണര്‍ന്ന മലയാളികള്‍ വിഷുക്കൈ നീട്ടം നല്‍കിയും വിഭവങ്ങളൊരുക്കിയും ആഘോഷത്തിന്റെ തിരക്കിലാണ്.

മേടസംക്രാന്തി ദിനത്തിലാണ് വിഷു ആഘോഷിക്കുന്നത്. ഐശ്വര്യപൂര്‍ണമായ വരും വര്‍ഷത്തെ സമ്പദ് കാഴ്ചകളിലേക്ക് കണി കണ്ടുണരുന്ന ദിവസം. ഓട്ടുരുളിയില്‍ ഫലവര്‍ഷങ്ങളും ധാന്യങ്ങളും നാളികേരവും കൃഷ്ണവിഗ്രഹവും കൊന്നപ്പൂവും ഒരുക്കിയാണ് കണിവെക്കുക. ഒപ്പം രാമായണവും ഉണ്ടാകും. പുലര്‍ച്ചെ എഴുന്നേറ്റ് വീട്ടിലെ മുതിര്‍ന്നവര്‍ കണിയൊരുക്കും. പിന്നീട് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ കണി കാണിക്കും. കണികണ്ടതിന് ശേഷം കൈനീട്ടം നല്‍കലും പതിവാണ്

വിഷുക്കണി ദര്‍ശന പുണ്യം തേടി ആയിരങ്ങള്‍ ശബരിമല സന്നിധാനത്തെത്തി. മലയാളികളും അന്യ സംസ്ഥാനക്കാരുമായ ഭക്തരുടെ വന്‍തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. ഭക്തര്‍ക്ക് തന്ത്രിയും മേല്‍ശാന്തിയും വിഷുകൈനീട്ടവും നല്‍കി.

ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജന തിരക്ക്. ക്ഷേത്രത്തിൽ ഇന്ന് വിഷു വിളക്ക് ആഘോഷമാണ്. മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി പുലർച്ചെ രണ്ടിന് മുറിയിൽ കണി കണ്ടതിന്‌ശേഷം തീർത്ഥകുളത്തിൽ കുളിച്ചെത്തി ശ്രീലക വാതിൽ തുറന്ന് ഗുരുവായൂരപ്പനെ കണികാണിച്ചു. രണ്ടര മുതൽ മൂന്നര വരെയായിരുന്നു ഭക്തർക്ക് വിഷുക്കണി ദർശനത്തിനുള്ള അവസരം. ഇന്നലെ രാത്രി അത്താഴപ്പൂജക്ക് ശേഷം കീഴ്ശാന്തി നമ്പൂതിരിമാർ ചേർന്ന് ക്ഷേത്ര മുഖമണ്ഡപത്തിൽ കണി ഒരുക്കിയിരുന്നു. വിഷുപ്പുലരിയിൽ കണ്ണനെ കണി കണ്ട് അനുഗ്രഹം നേടാൻ ആയിരങ്ങളാണ് ഗുരുവായൂരിലെത്തിയത്. തിരക്ക് കണക്കിലെടുത്ത് ദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.