മാര്‍ കുര്യാക്കോസ്‌ കുന്നശേരിയുടെ സംസ്‌കാരം ഇന്ന്‌ നടക്കും; കണ്ണീരോടെ ക്നാനായ സമൂഹം
17 June, 2017, 8:20 am by News Desk 1

കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ്‌ കുന്നശേരിയുടെ സംസ്‌കാരം ഇന്നു നടക്കും. ഉച്ചകഴിഞ്ഞു രണ്ടിന്‌ അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ ശുശ്രൂഷകള്‍ ആരംഭിക്കും. മെത്രാന്മാരും വൈദികരും സഹകാര്‍മികരായി പങ്കെടുക്കും. തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജേക്കബ്‌ തൂങ്കുഴി വചനസന്ദേശം നല്‍കും.

കെ.സി.ബി.സി. പ്രസിഡന്റ്‌ ആര്‍ച്ച്‌ ബിഷപ്‌ സൂസൈപാക്യം അനുസ്‌മരണ സന്ദേശം നല്‍കും. സമാപന ശുശ്രൂഷയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. നഗരികാണിക്കലിനെ തുടര്‍ന്ന്‌ കത്തീഡ്രല്‍ ദേവാലയത്തോടനുബന്ധിച്ച്‌ പ്രത്യേകം തയാറാക്കിയ കല്ലറയില്‍ മൃതദേഹം സംസ്‌കരിക്കും.
ഇന്നലെ ഉച്ചകഴിഞ്ഞു കാരിത്താസ്‌ ആശുപത്രിയില്‍ നിന്നു വിലാപയാത്രയായി ക്രിസ്‌തുരാജാ കത്തീഡ്രലില്‍ എത്തിച്ച ഭൗതികശരീരം പൊതുദര്‍ശനത്തിന്‌ വച്ചു. വിലാപയാത്രയില്‍ ക്‌നാനായ കത്തോലിക്കാ സമുദായത്തിലെ നിരവധി വൈദികരും ഒട്ടേറെ സിസ്‌റ്റര്‍മാരും ആയിരക്കണക്കിനു അല്‍മായരും പങ്കെടുത്തു. പ്രഥമ മെത്രാപ്പോലീത്തയ്‌ക്ക്‌ പ്രണാമമര്‍പ്പിക്കാന്‍ വഴിനീളെ മിഴിനീരോടെ ജനം കാത്തുനിന്നു. കത്തീഡ്രലില്‍ മൃതദേഹം വീക്ഷിക്കാനും പ്രാര്‍ഥിക്കാനും രാത്രി വൈകിയും ജനങ്ങളുടെ വന്‍തിരക്കാണ്‌ അനുഭവപ്പെട്ടത്‌.
ജലവിഭവ മന്ത്രി മാത്യു ടി. തോമസ്‌, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, ജോസ്‌ കെ. മാണി എം.പി, എം.എല്‍.എമാരായ കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, പി.സി. ജോര്‍ജ്‌, കേരളാ കോണ്‍ഗ്രസ്‌(ജേക്കബ്‌) ചെയര്‍മാന്‍ ജോണി നെല്ലൂര്‍, ആര്‍ച്ച്‌ ബിഷപ്‌ കുര്യാക്കോസ്‌ മാര്‍ സേവേറിയോസ്‌, ആര്‍ച്ച്‌ ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, റവ. ഡോ. സ്‌റ്റാന്‍ലി റോമന്‍, ബിഷപ്‌ തോമസ്‌ മാര്‍ തിമോത്തിയോസ്‌, മാര്‍ തോമസ്‌ മേനാംപറമ്പില്‍, മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍, മാര്‍ ജോസ്‌ പുളിക്കല്‍, കലക്‌ടര്‍ സി.എ. ലത തുടങ്ങി മത, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. മംഗളം പ്രസിദ്ധീകരണങ്ങള്‍ക്ക്‌ വേണ്ടി മാനേജിങ്‌ ഡയറക്‌ടര്‍ സാജന്‍ വര്‍ഗീസ്‌ ആദരാഞ്‌ജലി അര്‍പ്പിച്ചു. മാര്‍ കുര്യാക്കോസ്‌ കുന്നശേരിയുടെ സംസ്‌കാരദിനമായ ഇന്ന്‌ അതിരൂപതയിലെ എല്ലാ സ്‌ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED NEWS

RECENT POSTS
Copyright © . All rights reserved