തിരുവനന്തപുരം: ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അലൻ എന്ന 18-കാരൻ കുത്തേറ്റ് മരിച്ച കേസിൽ നിർണായക പുരോഗതി. ജഗതി സ്വദേശിയായ ജോബി (20)യാണ് കുത്തിയതെന്നാണ് പോലീസ് സ്ഥിരീകരിച്ചത്. മ്യൂസിയം പോലീസിൽ രണ്ട് ക്രിമിനൽ കേസുകളുള്ള ഇയാൾ ഒളിവിൽ കഴിയുകയാണ്. അരിസ്റ്റോ ജങ്ഷൻ തോപ്പിൽ ഡി–47-ൽ മഞ്ജുവിന്റെ മകൻ അലൻ തിങ്കളാഴ്ച നെഞ്ചിൽ കുത്തേറ്റ് മരിച്ചു.
തർക്കത്തിനിടയിൽ അലന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയെ തുടർന്നാണ് അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞത്. ഇവർ നഗരത്തിൽ തന്നെ ഒളിവിൽ കഴിയുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ ഷാഡോ പോലീസ് ഉൾപ്പെടെയുള്ള പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരിക്കുകയാണ്. തർക്കം വളർന്നു കൊലപാതകത്തിലേക്ക് നീങ്ങാൻ ഇടയാക്കി. പുറത്തുനിന്ന് ഗുണ്ടകളെ വിളിച്ചു വരുത്തിയതാണെന്ന് പോലീസ് അറിയിച്ചു. ഇതിന് പിന്നിൽ 16-കാരനായ വിദ്യാർത്ഥിയുടെ ഇടപെടലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സന്ദീപ് (27), അഖിലേഷ് (20) എന്നിവരാണ് റിമാൻഡിലുള്ളത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. അലനെ ആക്രമിച്ചത് ഹെൽമെറ്റ് കൊണ്ട് അടിച്ചുവീഴ്ത്തിയതിനു ശേഷമായിരുന്നുവെന്നും, വാരിയെല്ലുകൾക്കിടയിലൂടെ ഹൃദയത്തിലേക്കാണ് ആയുധം തറച്ചതെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.











Leave a Reply