വിമാനത്താവളത്തിനുള്ളില്‍ വെച്ച് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞടുത്തത് നിര്‍ത്തിയിട്ടിരുന്ന ഇന്‍ഡിഗോ വിമാനത്തിനടിയിലേക്ക്. ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വിമാനത്തിനടുത്തേക്ക് ചീറിയെത്തിയ കാര്‍ വിമാനത്തിന്റെ ടയറില്‍ ഇടിയ്ക്കാതെ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

ഗോഫസ്റ്റ് എയര്‍ലൈനിന്റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് ഡിസയര്‍ കാറാണ് നിയന്ത്രണം വിട്ട് വിമാനത്തിനടുത്തേക്ക് പാഞ്ഞെത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനത്തിന് താഴെ കാര്‍ കിടക്കുന്നതായി വീഡിയോയില്‍ കാണാം. കാര്‍ ടയറില്‍ ഇടിയ്ക്കുന്നത് മുമ്പ് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയതാണ് വലിയ അപകടമൊഴിവാക്കിയത്.

അമിതജോലി മൂലം ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടന്നയുടനെ ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.