ന്യൂഡല്‍ഹി: സി.പി.ഐ മുന്‍ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ എബി ബര്‍ദന്‍ അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ഏഴിനാണ് ഇദ്ദേഹത്തെ ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരുവശം പൂര്‍ണമായും തളര്‍ന്നിരുന്നു. 92 വയസ്സാണ് അദ്ദേഹത്തിന്.
ബംഗ്ലദേശിലെ സിലിഹട്ടില്‍ ഹേമേന്ദ്രകുമാര്‍ ബര്‍ദന്റെ മകനായി ജനിച്ച അര്‍ധേന്ദു ഭൂഷണ്‍ ബര്‍ദന്‍ എന്ന എ.ബി.ബര്‍ദന്‍ കുട്ടിക്കാലത്തു തന്നെ മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്കു വന്നു. അച്ഛന്റെ തൊഴില്‍സ്ഥലം മാറ്റമായിരുന്നു കാരണം. എഐഎസ്എഫിലൂടെ 14ാം വയസ്സില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. കമ്യൂണിസത്തിന്റെ പേരില്‍ വീട്ടില്‍ നിന്ന് പുറത്താക്കി. നാഗ്പൂര്‍ സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയ ബര്‍ദന്‍ വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷനായി.
1957ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ നിന്നും സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ടു. 1967, 80 വര്‍ഷങ്ങളിലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ മത്സരിച്ചു തോറ്റുവെങ്കിലും പിന്നീട് സി.പി.ഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ 1964ലും എക്‌സിക്യൂട്ടീവില്‍ 1978ലും അംഗമായി. 1995ല്‍ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി, 1996ല്‍ അന്നത്തെ ദേശീയ ജനറല്‍ സെക്രട്ടറിയായ ഇന്ദ്രജിത്ത് ഗുപ്ത കേന്ദ്ര ആഭ്യന്തരമന്ത്രിയായപ്പോള്‍ പകരം ചുമതല കിട്ടിയത് ബര്‍ദനായിരുന്നു. തുടര്‍ന്നുവന്ന അഞ്ച് പാര്‍ട്ടി കോണ്‍ഗ്രസുകളിലും ബര്‍ദന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനു ശേഷവും രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ഡല്‍ഹിയിലെ സി.പി.ഐ ആസ്ഥാനത്തു തന്നെയായിരുന്നു താമസം. ഭാര്യ നേരത്തെ മരണപ്പെട്ടു. രണ്ടു മക്കളുണ്ട്.