ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒറ്റ ഡോസ് മാത്രം നൽകേണ്ട ജോൺസൺ ആൻഡ് ജോൺസൺ പ്രതിരോധ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് യുഎസ് റെഗുലേറ്ററി അതോറിറ്റി നടത്തിയ അവലോകനത്തിൽ കണ്ടെത്തി. നിലവിലുള്ള വാക്സിനുകൾ നിശ്ചിത ഇടവേളകളിൽ രണ്ട് ഡോസ് ആണ് നൽകേണ്ടത്. ഈ സാഹചര്യത്തിൽ സിംഗിൾ ഷോട്ട് ജോൺസൺ ആൻഡ് ജോൺസൺ കൊറോണ വാക്സിൻ കൂടുതൽ വേഗത്തിലും ഫലപ്രദവുമായി പ്രതിരോധ കുത്തിവെയ്പ്പ് ലോകമെങ്ങും നടപ്പിലാക്കാൻ ഉപകരിക്കും എന്ന് കരുതപ്പെടുന്നു.

യുഎസിൽ അംഗീകാരം ലഭിച്ച മൂന്നാമത്തെ കോവിഡ് വാക്സിനാണ് ജോൺസൻ ആൻഡ് ജോൺസന്റേത്. ഫൈസർ, മൊഡോണ വാക്‌സിനുകൾക്ക് നേരത്തെ തന്നെ അനുമതി ലഭിച്ചിരുന്നു. ചെലവ് കുറവ്, ഫ്രീസറിനു പകരം റെഫ്രിജറേറ്ററിൽ സൂക്ഷിക്കാം തുടങ്ങിയ അനുകൂല ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ജോൺസൺ ആൻഡ് ജോൺസൻെറ വാക്സിൻ മറ്റു വാക്സിനുകളെക്കാൾ മേൽക്കൈ നേടുമെന്നാണ് കരുതപ്പെടുന്നത്. സിംഗിൾ ഷോട്ട് ജോൺസൺ ആൻഡ് ജോൺസൺ കൊറോണാ വാക്സിൻ 30 ദശലക്ഷം ഡോസുകളാണ് യുകെ ഓർഡർ ചെയ്തിരിക്കുന്നത്.