ന്യൂസ് ഡെസ്ക് മലയാളം യുകെ

മെയ് മാസത്തിനുള്ളിൽ ലോക്ക്ഡൗൺ പൂർണമായും പിൻവലിക്കണമെന്ന് ടോറി എംപിമാർ പ്രധാനമന്ത്രി ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടിരുന്നു. മുൻഗണനാക്രമത്തിൽ ഉള്ള 9 ഗ്രൂപ്പുകൾക്കും വാക്സിൻ കൊടുത്തു കഴിഞ്ഞാൽ ലോക്ക്ഡൗൺ തുടരുന്നത് ന്യായീകരിക്കാൻ കഴിയില്ല എന്ന വാദമുഖമാണ് വിമർശകർ ഉന്നയിക്കുന്നത്. എന്നാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എന്ന് പൂർണ്ണമായും പിൻവലിക്കാൻ കഴിയും എന്നതിനെ കുറിച്ച് ഏകപക്ഷീയമായി ഇപ്പോഴേ പറയാൻ സാധിക്കില്ല എന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് മാധ്യമങ്ങളോട് പറഞ്ഞു. മാർച്ച് എട്ടിന് സ്കൂളുകളിൽ കുട്ടികളുടെ തിരിച്ചുവരവിനൊപ്പം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാനാണ് പദ്ധതിയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വൈറസ് വ്യാപനം മൂലം ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള 99 ശതമാനം ആളുകൾക്കും ആദ്യ ഡോസ് പ്രതിരോധകുത്തിവെയ്പ്പ് ഏപ്രിലോടെ നൽകാനാണ് ഗവൺമെൻറ് ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത്. തന്മൂലം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള ആത്മവിശ്വാസത്തിലേയ്ക്ക് രാജ്യത്തിന് എത്തിച്ചേരാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി -22ന് ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ പിൻവലിക്കുന്നതിനുള്ള വിശദമായ രൂപരേഖ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അവതരിപ്പിക്കും എന്നാണ് കരുതപ്പെടുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളും പ്രതിരോധകുത്തിവെയ്പ്പും മൂലം കൊറോണ വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടാൻ രാജ്യത്തിന് കഴിഞ്ഞു എന്ന ആത്മവിശ്വാസത്തിലാണ് ഗവൺമെൻറ്. കോവിഡിന് പിടിച്ച് കെട്ടുന്നതിൽ കൈവരിച്ച പുരോഗതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിലൂടെ നിഷ്പ്രഭമാകുന്നതിനെക്കുറിച്ചുള്ള ആശങ്കയാണ് മന്ത്രിയുടെ വാക്കുകളിൽ നിഴലിക്കുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.