സ്ത്രീ പുരുഷ ലിംഗ സമത്വം ഏറെ ചര്‍ച്ചചെയ്യപ്പെട്ട കാര്യമാണ് എങ്കിലും ഇന്നും സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ സ്ത്രീ പുരുഷ സമത്വം ചോദ്യചിഹ്നമാകുന്നു. എന്തിനെപ്പറ്റിയും ഏതിനെപ്പറ്റിയും തുറന്നു ചോദിക്കാനുള്ള ചങ്കൂറ്റത്തില്‍ നമ്മുടെ യുവതലമുറ വളരുകയാണ്. കാലം ഏറെ മാറി എന്ന് പറയുമ്പോഴും സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങളും അസമത്വങ്ങളും സമൂഹത്തില്‍ അതുപോലെതന്നെ നിലനില്‍ക്കുന്നു.  ഇവിടെ ആരണ്യ ജോഹര്‍ എന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സമൂഹത്തില്‍ കാണുന്ന ഇത്തരം അസമത്വങ്ങള്‍ തന്റെ കവിതയിലൂടെ ചോദ്യം ചെയ്യുകയാണ്. ‘എ ബ്രൗണ്‍ ഗേള്‍സ് ഗൈഡ്ടു ജെണ്ടര്‍’ എന്ന് പേരിട്ടിരിക്കുന്ന കവിത അണ്‍ഇറേസ് പോയറ്ററി എന്ന സംഘടനയാണ് സമൂഹമധ്യത്തില്‍ എത്തിച്ചിരിക്കുന്നത്.
എത്ര പെട്ടന്നാണ് നമ്മള്‍നിര്‍ഭയയെയും സമാനരീതിയില്‍ കൊലചെയ്യപ്പെട്ട പെണ്‍കുട്ടികളെയും മറന്നത്, പീഡനത്തിനിരയായി ഇന്ത്യയുടെ മകള്‍ എന്ന പേരില്‍ അറിയപ്പെടാതിരിക്കുന്നതിനായി, ശരീരം മൂടുന്ന രീതിയില്‍ നമ്മള്‍ വസ്ത്രം ധരിക്കുന്നു. ഇതിലൂടെ കന്യകാത്വമല്ല, എന്റെ ജീവനാണ് ഞാന്‍ സംരക്ഷിക്കുന്നത്. ആരണ്യ പറയുന്നു. 15 വയസ്സില്‍ 32 കാരന്റെ പ്രണയം നിഷേധിച്ചതിനെ തുടര്‍ന്ന് ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി, നമ്മുടെ സഹോദരിയോ, ബന്ധുവോ, സുഹൃത്തോ ആയേക്കാം. അല്ലെങ്കില്‍ ആ അവസ്ഥ നമുക്കും വന്നേക്കാം.. ഈ രീതികള്‍ക്ക് മാറ്റം വരണം എങ്കില്‍, സമൂഹത്തില്‍ നല്ലവരായ ഒരു ശതമാനം പുരുഷന്മാര്‍ കൂടി മനസ്സുവയ്ക്കണം എന്ന് ആരണ്യ പറയുന്നു.

വാക്കുകളിലെ തീഷ്ണതകൊണ്ടും, ചിന്തയുടെ ആഴം കൊണ്ടും മുംബൈ സ്വദേശിനിയായ ഈ 18 കാരിയുടെ കവിത ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ കവിത വൈറലായിക്കൊണ്ടിരിക്കുകയാണ്. പുരുഷന് ആര്‍ത്തവത്തെ കുറിച്ചും സ്ത്രീയുടെ പ്രശ്‌നങ്ങളെക്കുറിച്ചും അറിയേണ്ട, സ്ത്രീശരീരം അവനുലൈംഗികത മാത്രമാണ്…എന്ന അര്‍ത്ഥത്തില്‍ ആരംഭിക്കുന്ന ആരണ്യയുടെ കവിത, പുരുഷാധിപത്യ സമൂഹത്തിന്റെയും അവനവനിലേക്ക് തന്നെ ചുരുങ്ങാനുള്ള അടിച്ചമര്‍ത്തപ്പെട്ട സ്ത്രീയുടെ ത്വരയെയും വരച്ചു കാണിക്കുന്നു. സ്ത്രീയുടെശരീരം ഒരു പളുങ്കുപാത്രം പോലെയാണ് എന്നാണ് സമൂഹം കരുതുന്നത്. അതിനു കോട്ടം സംഭവിക്കുന്നത് അവളുടെ ജീവിതത്തിന്റെ അവസാനമായി കണക്കാക്കപ്പെടുന്നു.

 

സ്ത്രീ എന്നത് കേവലം ഒരു ഉപഭോഗവസ്തു മാത്രമല്ല, അവളോട് കേവലം ലൈംഗികാകര്‍ഷണം മാത്രമല്ല തോന്നേണ്ടത് എന്ന് ആരണ്യ തന്റെ കവിതയിലൂടെ പറയുന്നു. വിവാഹം കഴിച്ചു എന്നതിന്റെ പേരില്‍ ഭാര്യയെ ബലാത്കാരം ചെയ്യുന്ന പുരുഷനെ ആരണ്യ കവിതയിലൂടെ പരിഹസിക്കുന്നുണ്ട്. സ്വാതന്ത്ര്യ ബോധത്തോടെ ചിന്തിക്കുന്ന സ്ത്രീകള്‍ സമൂഹത്തില്‍ വര്‍ധിക്കുന്നു എന്ന് കാണിക്കുകയാണ് ആരണ്യ ജോഹര്‍ . മുംബൈ സ്വദേശിനിയായ ആരണ്യ, സമൂഹത്തില്‍ എല്ലാവരും കൂട്ടായിപ്രയത്‌നിച്ചാല്‍ സമത്വം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. അത്തരത്തിലുള്ളൊരു നല്ലനാളേക്കായാണ് ആരണ്യയുടെ ഓരോ ചുവടും. ദിവസവും പീഡനക്കേസുകൾ റിപ്പോർട്ട്  ചെയ്യപ്പെടുന്ന നമ്മുടെ നാട്ടിൽ മാറ്റത്തിന്റെ അലയൊലികൾ അടിക്കട്ടെ എന്ന് പ്രത്യാശിക്കാം…