എ.കെ.ജി. സെന്ററിലേക്കു സ്‌ഫോടകവസ്‌തു എറിഞ്ഞവരെ പിടികൂടാന്‍ വൈകുന്നത്‌ പോലീസിനും സി.പി.എമ്മിനും ഒരുപോലെ തിരിച്ചടിയാകുന്നു. അന്വേഷണ സംഘം ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഉള്ള ഒരാള്‍ അക്രമിയല്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. രണ്ടാം പ്രതിയായി കണ്ടെത്തിയ സ്കൂട്ടര്‍ യാത്രക്കാരന് ആക്രമത്തില്‍ പങ്കില്ലെന്ന് സ്ഥിരീകരിച്ചു. നഗരത്തില്‍ തട്ടുകട നടത്തുന്ന ഒരാളാണ് ഇതെന്നാണ് പോലീസ് വിശദീകരണം.

പ്രതികളെ കണ്ടെത്താന്‍ വൈകുന്നതോടെ ആരോപണത്തിന്റെ കുന്തമുന സി.പി.എമ്മിനു നേരേ തിരിക്കുകയാണ്‌ പ്രതിപക്ഷ കക്ഷികള്‍.സംഭവം നടന്നിട്ട് രണ്ടുദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായില്ലയെന്നുമാത്രമല്ല പൊലീസും സര്‍വത്ര ആശയക്കുഴപ്പത്തിലാണ്. രണ്ട് പ്രതികളെന്നായിരുന്നു പോലീസന്റെ ആദ്യ നിഗമനം. എന്നാല്‍ സ്കൂട്ടര്‍ യാത്രക്കാരന്‍ പ്രതിയല്ലെന്ന് കണ്ടതോടെ വീണ്ടും എകെജി സെന്‍ററിലേക്ക് കല്ലെറിയുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ട ഒറ്റ പ്രതിയിലേക്ക് ചുരുങ്ങി നില്‍ക്കുകയാണ് അന്വേഷണം.

കല്ലെറിഞ്ഞ്‌ എ.കെ.ജി. സെന്ററിന്റെ ഒരു ജനല്‍ച്ചില്ലെങ്കിലും പൊട്ടിക്കുമെന്ന്‌ അഞ്ചുദിവസം മുമ്പ്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിട്ട ആണ്ടൂര്‍ക്കോണം സ്വദേശിയാണു പോലീസ്‌ കസ്‌റ്റഡിയിലുള്ളത്‌. കല്ലെറിയുന്നതു താന്‍ ഒറ്റയ്‌ക്കായിരിക്കുമെന്നും ഇയാള്‍ കുറിച്ചിരുന്നു. എന്നാല്‍, മദ്യലഹരിയിലാണു ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിട്ടതെന്നാണ്‌ ഇയാളുടെ നിലപാട്‌. എ.കെ.ജി. സെന്ററിനുനേരേ സ്‌ഫോടകവസ്‌തു എറിഞ്ഞയാള്‍ ചുവന്ന സ്‌കൂട്ടറിലാണ്‌ എത്തിയത്‌. കസ്‌റ്റഡിയിലുള്ളയാള്‍ക്കും ചുവന്ന സ്‌കൂട്ടറുണ്ട്‌. എന്നാല്‍, ആക്രമണസമയത്ത്‌ ഇയാള്‍ എ.കെ.ജി. സെന്റര്‍ പരിസരത്തുണ്ടായിരുന്നെന്നു സ്‌ഥിരീകരിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ആക്രമണം നടന്ന ദിവസം ഇയാളുടെ ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നെന്നു കണ്ടെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആക്രമണത്തെ തള്ളിപ്പറയാത്ത കോണ്‍ഗ്രസാണ്‌ സംഭവത്തിനു പിന്നിലെന്ന ആരോപണം സി.പി.എം. കടുപ്പിച്ചു. എന്നാല്‍, കണ്ണടച്ചു കോണ്‍ഗ്രസ്‌ ഉള്‍പ്പെടെ ആരിലും ഉത്തരവാദിത്വം അടിച്ചേല്‍പ്പിക്കാന്‍ തയാറല്ലെന്ന നിലപാടിലാണ്‌ സി.പി.ഐ.

പിന്നില്‍ കോണ്‍ഗ്രസ്‌ ആണെന്ന്‌ ഇപ്പോള്‍ പറയാനാവില്ലെന്നാണ്‌ ഇന്നലെ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്‌. ഇ.പി. ജയരാജന്‍ തറപ്പിച്ചു പറയുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്‌ എന്തെങ്കിലും തെളിവുകളുണ്ടായിരിക്കും. ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതില്‍ കേരളത്തിലെ പോലീസിനു നല്ല കഴിവുണ്ട്‌. പിന്നെ എല്ലാ കേസും 24 മണിക്കൂറിനുള്ളില്‍ കണ്ടെത്താനാകില്ല. ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കുന്നതാണെങ്കില്‍ അതിന്‌ താമസമുണ്ടാകുമെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.

ആക്രമണം സി.പി.എം. ആസൂത്രണം ചെയ്‌തതാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്‌ പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍. ആദ്യം പഴി കോണ്‍ഗ്രസില്‍ കെട്ടിവച്ചശേഷം അതില്‍നിന്ന്‌ പിന്മാറിയെന്ന ആരോപണം ഇ.പി. ജയരാജന്‍ തള്ളി. ആക്രമണം ഇ.പി. ജയരാജന്‍ ആസൂത്രണം ചെയ്‌തതാണെന്ന കെ. സുധാകരന്റെ പ്രസ്‌താവന മറുപടി അര്‍ഹിക്കുന്നില്ലെന്ന്‌ മന്ത്രി എം.വി. ഗോവിന്ദനും പ്രതികരിച്ചു.
നുണപ്രചാരണത്തിന്‌ അപാര തൊലിക്കട്ടിയുള്ള നേതാവാണ്‌ സുധാകരനെന്നാണ്‌ എം.വി. ഗോവിന്ദന്റെ വാക്കുകള്‍.