ഫാ. ഹാപ്പി ജേക്കബ്ബ്

സമൂഹം അകറ്റിനിർത്തുന്നവരെ ചേർത്ത് നിർത്തുവാനും പരിപാലിക്കുവാനും നോമ്പ് നമ്മോട് ആവശ്യപ്പെടുന്നു. ഓരോ ജീവിതത്തിലും വന്നനുഭവിക്കുന്ന കുറവുകളും, ബലഹീനതകളും, പരിമിതികളും പലപ്പോഴും ഇങ്ങനെ ഉള്ളവരെ ഒറ്റപ്പെട്ട ജീവിത അനുഭവങ്ങളിലേക്ക് തള്ളിവിടും . അവരുടെ യാതനകളോ വേദനകളോ നമ്മുടെ സാമൂഹിക ജീവിതങ്ങളിലോ, സാംസ്കാരിക മണ്ഡലങ്ങളിലോ, ആത്മീക തലങ്ങളിലോ എത്തപ്പെടാറുമില്ല. എന്നാൽ ചിലരെങ്കിലും ചില അവസരങ്ങളിൽ തിരിഞ്ഞ് നോക്കി ഇങ്ങനെ ഉള്ളവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരുവാൻ ശ്രമിക്കാറുണ്ട്. എന്നാൽപോലും അവരെ സ്വീകരിക്കുവാനോ, പരിപാലിക്കുവാനോ നമുക്കോ നമ്മുടെ സമൂഹത്തിനോ കഴിയാറുണ്ടോ? നോമ്പിന്റെ ഈ ആഴ്ചയിൽ നമ്മുടെ ചിന്ത അപ്രകാരം ഒരു അത്ഭുതത്തിലേക്ക് ധ്യാനാത്മകമായി ചെന്ന് ചേരാം. വി. ലൂക്കോസ് 5: 12 -16 വലിയ നോമ്പിന്റെ ഒരാഴ്ച പിന്നിടുമ്പോൾ രോഗശാന്തിയുടെയും സമർപ്പണത്തിന്റെയും അനുഭവത്തിൽ നമ്മുടെ കർത്താവിനോടൊപ്പം സഞ്ചരിക്കാം.

1. ദുരിത ബാധിതരെ സുഖപ്പെടുത്തുവാൻ വേണ്ടി പ്രാർത്ഥിക്കാം

ഈ വേദചിന്താ ഭാഗത്ത് കുഷ്ഠം ബാധിച്ച ഒരു രോഗിയെ കർത്താവ് സൗഖ്യപ്പെടുത്തുന്ന ചിന്തയാണ് ‘ ഈ അത്ഭുതകരമായ കണ്ടുമുട്ടൽ രോഗികളേയും, പീഡിതരേയും സുഖപ്പെടുത്തുവാനുള്ള യേശുവിൻറെ അനുകമ്പയും , മനോഭാവവും ശക്തിയും പ്രകടമാക്കുന്നു. നോമ്പിലൂടെ നാം കടന്നു പോകുമ്പോൾ നമ്മുടെ ജീവിതത്തിലും അനുകമ്പയുടെയും രോഗശാന്തിയുടെയും കർത്താവിൻറെ ഈ മാതൃക നമുക്ക് അനുകരിക്കാം. ദുരിതത്തിലും കഷ്ടതയിലും വ്യാധിയിലും, ആസക്തിയിലും കഴിയുന്നവർക്ക് ആശ്വാസവും, പിന്തുണയും, പ്രാർത്ഥനയും നൽകി കൊണ്ട് അവരെ നമുക്ക് സമീപിക്കാം . ദയയുടെയും, അനുകമ്പയുടെയും, പ്രാർത്ഥനയിലൂടെയും പ്രവർത്തികളിലൂടെയും ഇന്നത്തെ ലോകത്ത് വേറിട്ട അനുഭവത്തിൽ ക്രിസ്തുവിൻറെ സൗഖ്യദാനമായ സ്നേഹത്തിൻറെ പ്രതീകങ്ങളായി നമുക്ക് മാറാം.

2. ലോക വേർപാടിന്റെയും പ്രാർത്ഥനയുടെയും ശക്തി.

നാലാം അധ്യായത്തിന്റെ അവസാന ഭാഗത്ത് രോഗശാന്തിയും ശുശ്രൂഷകളും നിറഞ്ഞ ഒരു ദിവസത്തിന് ശേഷം കർത്താവ് ഒരു ഏകാന്ത സ്ഥലത്തേക്ക് പ്രാർത്ഥിക്കാൻ പോയി എന്ന് വായിക്കുന്നു. കർത്താവിൻറെ ജീവിതത്തിലും പ്രേഷിത പ്രവർത്തിയിലും ലോക വേർപാടും പ്രാർത്ഥനയും എത്രമാത്രം പ്രാധാന്യം ഉണ്ട് എന്ന് ഈ ഭാഗം സൂചിപ്പിക്കുന്നു. ദൈനംദിന ജീവിതത്തിൻറെ തിരക്കിലൂടെ നാം പാഞ്ഞ് ഓടുമ്പോൾ ഈ നോമ്പ് കാലം ഇങ്ങനെ ഒരു പുതിയ പാഠം നമുക്ക് നൽകുന്നു. ഏത് പ്രവർത്തനത്തിന് മുൻപായും ഏത് ശുശ്രൂഷ മേഖലയിലും പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും ശക്തിയും ബലവും എത്ര വലുതാണ് എന്ന് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു. പ്രാർത്ഥനയുടെ ശക്തിയിലും കരുത്തിലും മുന്നോട്ടുള്ള ജീവിതത്തിൽ നവീകരണവും ശക്തിയും നമുക്ക് കണ്ടെത്താം.

3. പ്രാർത്ഥനയോടൊപ്പം പ്രവർത്തനവും

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യേശു ആശ്രാന്തമായി ജനക്കൂട്ടത്തോടൊപ്പം നടക്കുകയും, ശുശ്രൂഷിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും, ഭൂതങ്ങളെ പുറത്താക്കുകയും ചെയ്യുന്നത് ഈ ഭാഗത്ത് നാം കാണുന്നു. നാം അനുഭവിക്കുന്ന സൗഖ്യവും കൃപകളും ദൈവ രാജ്യത്തിൻറെ സദ് വാർത്ത ഘോഷിക്കുവാനും ആവശ്യങ്ങളിലായിരിക്കുന്നവർക്ക് ശാന്തിയും പുനസ്ഥാപനവും നൽകുവാൻ ഈ നോമ്പിന്റെ നാളുകൾ സാധ്യമാകണം. യേശുക്രിസ്തുവിൽ നാം അനുഭവിക്കുന്ന പ്രത്യാശയും രോഗശാന്തിയും നമുക്ക് ചുറ്റുമുള്ളവരുമായി പങ്കുവയ്ക്കുന്ന യഥാർത്ഥ സമർപ്പണ വ്യക്തിത്വങ്ങളായി നമുക്ക് ചേരാം.

ജനസാഗര മധ്യേ കർത്താവ് കഴിഞ്ഞപ്പോഴും തടസ്സങ്ങൾ എല്ലാം അതിജീവിച്ച് അവൻറെ സന്നിധിയിലേക്ക് കടന്ന് വന്ന ആ കുഷ്ഠരോഗി നമുക്ക് ഒരു പ്രചോദനം ആകണം. കാരണം തൻറെ സൗഖ്യം കർതൃ സന്നിധിയിൽ എന്ന് അവൻ പരിപൂർണ്ണമായി വിശ്വസിച്ചു. യേശു കൈ നീട്ടി അവനെ തൊട്ടു. അവൻറെ എല്ലാ കുറവുകളും നീങ്ങി അവൻ സൗഖ്യപ്പെട്ടു. സൗഖ്യദാനത്തിന് ശേഷം കർത്താവ് അവനെ ഉപദേശിക്കുന്നു. ആ കാലത്ത് യഹൂദ ജനം പിന്തുടർന്ന ആചാരങ്ങളോടും നിയമങ്ങളോടും ഉള്ള ആദരവും അതിനുമപ്പുറം ആചാരങ്ങൾ ചിട്ടയോടും ശരിയായ രീതിയിലും പാലിക്കാനുള്ള കർത്താവിൻറെ ആഗ്രഹവും അടിവരയിട്ട് ഓർമിപ്പിക്കുന്നു. അത് കൂടാതെ ശുദ്ധീകരണത്തിനായി ഒരു യാഗം അർപ്പിക്കുവാൻ അവനോടുള്ള കൽപ്പന രോഗശാന്തിയുടെ സാധ്യത ചിത്രമാണ് ‘ ശുദ്ധീകരണത്തിനുള്ള നിർദിഷ്ട ആചാരം പിന്തുടരുന്ന പിന്തുടരുന്നതിലൂടെ അവൻറെ പൂർണ്ണ സൗഖ്യത്തിന്റെ അത്ഭുതകരമായ ഇടപെടൽ സമൂഹത്തിന് നൽകുന്നു. നോമ്പിന്റെ ദിനങ്ങൾ അനുഗ്രഹമാകട്ടെ. വിശുദ്ധിയിലേക്കുള്ള പരിശീലനവും പൈശാചികമായ അനുഭവങ്ങളിൽ നിന്നുള്ള രക്ഷയ്ക്കും നമ്മുടെ പ്രാർത്ഥന ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സ്നേഹത്തോടെ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907