വാഷിംഗ്ടണ്‍: പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് എച്ച് 1 ബി, എല്‍ 1 വിസകളുടെ ചട്ടങ്ങള്‍ അമേരിക്ക കൂടുതല്‍ കര്‍ശനമാക്കി. വിസക്കായി അപേക്ഷിക്കുന്നയാളുടെ അര്‍ഹത തെളിയിക്കേണ്ടത് സ്‌പോണ്‍സറാകുന്ന കമ്പനിയുടെ ഉത്തരവാദിത്തമാക്കിയാണ് മാറ്റിയിരിക്കുന്നത്. 13 വര്‍ഷമായി തുടരുന്ന വിസാ നിയമങ്ങളിലാണ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഐടി ജീവനക്കാരാണ് ഇത്തരം വിസകള്‍ കൂടുതലായി ഉപയോഗിക്കുന്നത്.

പുതിയ ചട്ടമനുസരിച്ച് വിസ കാലാവധി നീട്ടുന്നതിനും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. അപേക്ഷകര്‍ വിസക്ക് അര്‍ഹരാണെന്ന് സ്‌പോണ്‍സര്‍ തന്നെ തെളിയിക്കേണ്ടി വരും. നിലവില്‍ വിസയുള്ളവര്‍ക്കും ബാധകമായ ചട്ടമാണ് ഇത്. ചട്ടങ്ങള്‍ കര്‍ശനമാക്കുന്നതിലുള്ള ആശങ്ക അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ അറിയിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.

അമേരിക്കയിലേക്ക് പോകുന്ന ബ്രിട്ടീഷ് യാത്രക്കാര്‍ക്കും ഇനി മുതല്‍ കൂടുതല്‍ നിയനന്ത്രണങ്ങള്‍ നേരിടേണ്ടി വരും. ഡിപ്പാര്‍ച്ചറിനു മുമ്പായി യാത്രക്കാര്‍ തങ്ങളുടെ യാത്രയുടെ കാരണം എയര്‍ലൈന്‍ ജീവനക്കാരോടോ സുരക്ഷാ ജീവനക്കാരോടോ വെളിപ്പെടുത്തേണ്ടി വരും. കൂടുതല്‍ സ്വകാര്യ വിവരങ്ങള്‍ ഒരു ഫോമില്‍ പൂരിപ്പിച്ചു നല്‍കുകയും വേണം. മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും ഓഫ് ചെയ്യാനും യാത്രക്കാര്‍ നിര്‍ബന്ധിതരാകും.