ഫാ. ഹാപ്പി ജേക്കബ്ബ്
ദൈവസാന്നിധ്യം അനന്തമായ സാധ്യതകൾ നൽകുന്ന വിരുന്നാണ് ; നോമ്പോ അതിലേക്കുള്ള മാർഗ്ഗവും. ഈ വസ്തുത വളരെ നല്ലവണ്ണം മനസ്സിലാക്കിയിട്ടുള്ള വരുമാണ് നാം ഓരോരുത്തരും. അവിശ്വസിക്കുന്ന തരത്തിലുള്ള വാർത്തകളാണല്ലോ ഓരോ പ്രഭാതവും നൽകിക്കൊണ്ടിരിക്കുന്നത് . എന്തായിരിക്കാം കാരണം. മാനസിക വിഭ്രാന്തിയായോ, ലഹരി ഉപയോഗമായോ എന്ന് ഒക്കെ വർണ്ണിച്ച് നമ്മെ തന്നെ ഉന്നത ബോധ അവസ്ഥയിൽ എത്തിച്ച് നിർവൃതിയായി അടുത്ത സംഭവത്തിലേക്ക് ശ്രദ്ധ തിരിക്കുന്നവരാണ് നാം. എന്നാൽ നാമും നമ്മുടെ സംസ്കാരവും നമ്മുടെ നാടും ഇങ്ങനെ ആയിരുന്നില്ലല്ലോ. പിന്നെ എന്താ ഇപ്പോൾ ഇങ്ങനെ. പ്രാർത്ഥനാപൂർവ്വം ചിന്തിക്കുക, ഉത്തരം ബോധ്യമായാൽ പാലിക്കുക.
ഒരു പട്ടണത്തിലൂടെ കടന്നുപോകുന്ന കത്തൃസന്നിധിയിൽ ശരീരം ആസകലം കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യൻ “കർത്താവേ അവിടുത്തേക്ക് മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യം ആക്കുവാൻ കഴിയും എന്ന് പറഞ്ഞു. കർത്താവ് അവനെ തൊട്ടു . അവന് സൗഖ്യം വന്നു. ലൂക്കോസ് 5 :12 – 13.
1 . സ്വയത്തെ മനസ്സിലാക്കാത്ത ജനത.
നമ്മുടെ ദൃഷ്ടി പലപ്പോഴും കാഴ്ച മാത്രമല്ല കാണരുതാത്തവയും നൽകുന്നതാണ്. എന്നാൽ വേണ്ടുന്നതും വേണ്ടാത്തതും വേർതിരിപ്പാനും കാണേണ്ടത് കാണുവാനും ദൈവം നമുക്ക് ജ്ഞാനം നൽകിയിട്ടുണ്ട്. എന്നാൽ പാപബോധം പോലും വരാതെ അധമ ചിന്തകളും പ്രവർത്തികളും നമ്മെ ഭരിച്ചിട്ടും തിരിച്ചറിയുവാൻ പോലും കഴിയാതെ വരുന്നതല്ലേ ഇന്നിന്റെ ശാപം. അന്ധകാരം മൂടപ്പെട്ടു എന്നിട്ടും പ്രകാശത്തെ അന്വേഷിക്കുന്നില്ല. മണ്ണ് കൊണ്ടാണ് ശരീരം മെനഞ്ഞതെങ്കിലും ആത്മാവ് ദൈവത്തിൻറെ വകയാണ് എന്ന് തിരിച്ചറിയാത്ത തലമുറ. ഇവൻ ശരീരം മുഴുവൻ കുഷ്ഠം നിറഞ്ഞിട്ടും, സമൂഹം ആട്ടിയോടിച്ചിട്ടും, സാമൂഹിക ജീവിതം നിഷേധിച്ചിട്ടും, കുടുംബം ഒഴിവാക്കിയിട്ടും അവൻ നിലനിന്നു. ജീവിതം അവസാനിപ്പിക്കുവാൻ അവന് തോന്നിയില്ല. കാരണം അവൻറെ അന്തരംഗം പ്രകാശമുള്ളതായിരുന്നു. പ്രതീക്ഷയുടെ തിരുനാളം അവനുണ്ടായിരുന്നു. ഇരുട്ടി വെളുക്കുമ്പോൾ അവസാനിക്കുന്നതല്ല ജീവിതം എന്ന് അവന് ബോധമായിരുന്നു. അവന് ആത്മാവിനെ നൽകിയവൻ അവന് കൃപ നൽകും എന്ന് അവന് അറിയാമായിരുന്നു. ഈ തിരിച്ചറിവ് എന്തേ നമുക്ക് ഇല്ലാതെ പോകുന്നു.
2 . ദൈവശക്തിയെ തിരിച്ചറിയാത്ത ജനത.
പാപത്തെയും, രോഗത്തെയും, ശാപത്തെയും വിട്ട് സമാധാനം ആഗ്രഹിക്കുന്ന സമയം ആണല്ലോ നോമ്പിൻറെ കാലം. അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത നമ്മുടെ കർത്താവ് അവരോട് പറയുകയാണ് എനിക്ക് മനസ്സുണ്ട്, നീ സൗഖ്യമാകുക. വാക്ക് മാത്രമല്ല കൈ നീട്ടി അവനെ തൊട്ടു. അവൻ സൗഖ്യമായി. പാപവും ഭാരവും വിട്ടൊഴിയുവാൻ എൻറെ അടുക്കലേക്ക് വരുവാൻ നമ്മുടെ കർത്താവ് ആഹ്വാനം ചെയ്യുന്നു. ഈ വിളി എന്തേ നമ്മുടെ തലമുറ കേൾക്കുന്നില്ല? എല്ലാം തികഞ്ഞു എന്ന് നാം ഓരോരുത്തരും ചിന്തിക്കുമ്പോൾ നമ്മുടെ ജീവിത രീതികളും ആശ്രയത്വവും നമ്മെ എവിടെ കൊണ്ടെത്തിച്ചു . ഒരുവന്റെ മുഖം ഓർത്തിരിക്കുവാൻ നമുക്ക് കഴിയുന്നുണ്ടോ? എന്തിനേറെ ഒരു ഫോൺ നമ്പർ ഓർത്തെടുക്കുവാനുള്ള ശേഷി നമുക്കുണ്ടോ. നാം ‘എന്ന് നമ്മുടെ ശക്തിയെ ഉപയോഗപ്പെടുത്താതെ ആധുനികതയുടെ അനുഭവങ്ങളെ ആശ്രയിച്ചു അന്ന് നഷ്ടമായി തുടങ്ങി നമ്മുടെ കഴിവുകളെ നമ്മൾ ആശ്രയിക്കുന്ന പലതും ഇന്ന് നമ്മെ അടിമകളാക്കി കളഞ്ഞു. ഒരു തിരിച്ചറിവ് നമുക്ക് ഉണ്ടാകണം. എൻറെ പ്രശ്നങ്ങൾ എന്റേത് മാത്രമല്ല. ഞാൻ തിരിഞ്ഞ് എൻറെ ദൈവ മുമ്പാകെ വരുമ്പോൾ അവൻ എന്റെ ഭാരങ്ങളെ നീക്കും, രോഗങ്ങളെ അകറ്റും, അവന്റെ കൈയിൽ എന്നെ വഹിക്കും.
3 . കാര്യസാധനം മാത്രം ലക്ഷ്യമാക്കുന്ന ജനത.
ജീവിതം ഒരു യാത്രയാണ്. ഒത്തിരി ആളുകളും, ജയങ്ങളും തോൽവിയും രാജ്യങ്ങളും, ദേശങ്ങളും ഒക്കെ നമ്മെ സ്വാധീനിക്കാറുണ്ട്. നമ്മെ രൂപപ്പെടുത്തിയിട്ടും ഉണ്ട്. എന്നാൽ ഇവയിൽ ഏതിലെങ്കിലും ആത്മാർത്ഥത നമുക്കുണ്ടോ. ഒന്ന് തിരിഞ്ഞ് നോക്കുവാനോ, കൂട്ടത്തിൽ അവശരായവരെ കൈപിടിച്ച് കൂടെ നടത്തുവാനോ നമുക്ക് സാധ്യമാകുന്നുവോ? സൗഖ്യം പ്രാപിച്ചവൻ തനിക്ക് സൗഖ്യം നൽകിയവനെ സ്തുതിക്കുന്ന ഭാഗം നാം ശ്രദ്ധിക്കുക . ഇതൊരു പ്രാർത്ഥനയാണ് സമർപ്പണം ആണ്. ആവശ്യം വരുമ്പോൾ മാത്രമല്ല എന്നും സ്തോത്രം അർപ്പിക്കാനും സമർപ്പിതമായ ജീവിതം നയിക്കുവാനും നമുക്ക് സാധ്യമാവണം. ആത്മാർത്ഥത നിറഞ്ഞ സമീപനം ജീവിതത്തോട് കാണിക്കുവാൻ ശീലിക്കണം. ചെറിയ സന്തോഷവും ചെറിയ സങ്കടവും ജീവിതഭാഗമെന്ന് നാം തിരിച്ചറിയണം. എന്ത് വന്നാലും എന്നും കൂടെയുള്ളവനെ തിരിച്ചറിയാതെ എങ്ങനെ മുന്നോട്ട് പോകും. നൈമിഷിക സന്തോഷം തരുന്നത് വിട്ടുപോകും എന്ന് തിരിച്ചറിയുക.
ഓരോ നാളും സന്തോഷം മാത്രമല്ല എന്നും ഏത് പ്രയാസങ്ങൾക്കൊടുവിലും പ്രത്യാശയുടെ നാളുകൾ നമുക്കുണ്ട് എന്നും ആ പ്രത്യാശ കെട്ടുപോകാത്ത അനുഭവം നൽകുന്ന ദൈവസാന്നിധ്യം ആണെന്നും മനസ്സിലാക്കുക.
” എനിക്ക് മനസ്സുണ്ട്, നീ സൗഖ്യമാകുക”
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
Leave a Reply