ഫാ. ഹാപ്പി ജേക്കബ്ബ്

ഒന്ന് എനിക്കറിയാം ഞാൻ കുരുടൻ ആയിരുന്നു, ഇപ്പോൾ കണ്ണ് കാണുന്നു. വി. യോഹന്നാൻ 9 :25. കത്തൃ കൃപയാൽ കാഴ്ച ലഭിച്ച ജന്മനാ അന്ധനായിരുന്ന ഒരുത്തന്റെ വെളിപ്പെടുത്തലാണ് ഈ വാക്യം . ഈ അധ്യായം ഒരു സംഭാഷണവും അനേകം ആളുകൾ അവരുടെ ഭാഗങ്ങൾ വ്യക്തമാക്കുന്നതും കാണാം. വ്യക്തിപരമായി സ്വാധീനിച്ച രണ്ട് വാക്യങ്ങൾ ഈ അധ്യായം തരുന്നതിൽ ഒന്നാണ് മുകളിൽ ഉദ്ധരിച്ചത്. സമൂഹത്തിന്റെയും സഭകളുടെയും ഉത്തരവാദിത്വവും യഥാർത്ഥമായ ക്രിസ്തീയ സാക്ഷ്യം എന്തെന്നും ഈ അദ്ധ്യായം പഠിപ്പിക്കുന്നു. ഒരർത്ഥത്തിൽ നാം എല്ലാവരും ഗുരുക്കന്മാരാണ്. മറഞ്ഞിരിക്കുന്നതിനെ വെളിവാക്കുന്നവൻ എന്നാണല്ലോ വാക്യാർഥം. കർത്താവ് പഠിപ്പിച്ചു ഒരു കുരുടന് മറ്റൊരു കുരുടനെ വഴികാട്ടുവാൻ കഴിയില്ലായെന്ന്. അത്തരത്തിൽ ധർമ്മം തിരിച്ചറിഞ്ഞ് യഥാർത്ഥ ഗുരു അത് വ്യക്തിയും, സമൂഹവും സഭയും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം എന്ന് മാത്രം പറയുവാൻ ഈ ദിനം ഇടയാക്കട്ടെ .

1 . ഇവനെപ്പോലെ നാമും ബലഹീനൻ .

എന്തുകൊണ്ട് ഇവന് ഇങ്ങനെ സംഭവിച്ചു ? എല്ലാവരുടെയും ചോദ്യം ഒരുപോലെ ഉത്തരവും ഒരുപോലെ. ഇവനോ ഇവൻറെ അമ്മയപ്പന്മാരോ പാപം ചെയ്തു. ബലഹീനനായവരെ പൊതുവേ സാധൂകരിക്കുന്ന കാഴ്ചപ്പാട്. എന്നാൽ തിരിച്ചറിയാത്ത ഭാഗം ഇതാണ്. ഈ മനുഷ്യൻ അന്ധനായിരുന്നു. എന്നാൽ ഏതെല്ലാം മേഖലകളിൽ അന്ധകാരം പ്രാപിച്ചവരാണ് നാം ഓരോരുത്തരും. വ്യക്തികളും സമൂഹങ്ങളും സഭകളും ഈ അന്ധതകളും ബലഹീനതകളും മൂടിവച്ചാണല്ലോ ഇന്ന് പ്രവർത്തനങ്ങൾ നടത്തുന്നത്. സാമൂഹികമായും ആത്മീകമായും ഉത്ബോധനങ്ങൾ ഏറെയുണ്ടെങ്കിലും അന്ധത, ഇരുട്ടിൻറെ പ്രവർത്തനം മുൻപിലത്തേക്കാൾ ഏറിയോ എന്ന് നാം പരിശോധിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഈ ചോദ്യങ്ങൾക്ക് വിരുദ്ധമായതും സാധാരണക്കാരുടെ ഉത്തരങ്ങൾക്ക് വിപരീതമായതുമായ അഭിപ്രായമാണ് കർത്താവ് നൽകിയത്. ഇവനോ ഇവൻറെ അമ്മയപ്പന്മാരോ ചെയ്ത പാപം നിമിത്തമല്ല ; ദൈവ പ്രവൃത്തി വെളിപ്പെടുവാൻ അത്രേ ഇവൻ ഇങ്ങനെ ആയത്. എന്നും സ്വർഗ്ഗസ്ഥനായ പിതാവേ എന്ന് വിളിച്ച് പ്രാർത്ഥിച്ചാലും നിൻറെ ഹിതം എന്നിൽ നിറവേറണമേ എന്ന് ആശയോടെ പ്രാർത്ഥിപ്പാൻ എത്രപേർക്ക് കഴിയും. അമിതമായ മദ്യപാനം, മയക്ക് മരുന്നുകളുടെ ദുരുപയോഗം, സത്യാനന്തര ജീവിതലോകം ഇവയെല്ലാം അന്ധകാരത്തിലും ബലഹീനതയിലും നമ്മെ കൊണ്ടെത്തിക്കുമ്പോൾ വെളിച്ചം പകരേണ്ടവരല്ലേ നാമും സമൂഹവും സഭയും.

2 . ദൗത്യം തിരിച്ചറിഞ്ഞ് പ്രവർത്തിപ്പാൻ ഉത്സുകരാകുക.

ഞാൻ ലോകത്തിൻറെ പ്രകാശം എന്ന് അരുളി ചെയ്തവന്റെ ശിഷ്യന്മാരാണല്ലോ നാമെല്ലാവരും. പ്രകാശം ഇല്ലാത്ത ഇടത്ത് അന്ധകാരം ഉണ്ടാവും എന്ന് നാം ബോധവാന്മാരും ആണ്. എന്നാൽ ചുറ്റുപാടും അന്ധകാരം നിറയുമ്പോൾ അല്പം പ്രകാശം കൊടുക്കുന്ന ചിരാതുകൾ ആകുവാൻ നമുക്ക് എന്തേ കഴിയുന്നില്ല. അപര്യാപ്തത അല്ല നമ്മുടെ ഉള്ളിൽ തെളിച്ചമുള്ളവരുടെ എണ്ണം കുറയുന്നുണ്ടോ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു. പൗലോസ് ശ്ലീഹാ പറയുന്നു എല്ലാവരും പാപം ചെയ്ത് ദൈവ തേജസ്സ് നഷ്ടപ്പെടുത്തിയിരിക്കുന്നു. റോമർ 3: 21. കർത്താവ് അരുളി ചെയ്യുന്നു നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്ക് പാപം ഇല്ലായിരുന്നു. എന്നാൽ ഞങ്ങൾ കാണുന്നു എന്ന് പറയുന്നതുകൊണ്ട് നിങ്ങളുടെ പാപം നില നിൽക്കുന്നു. (യോഹന്നാൻ 9: 41) അനുദിനം നാം കേൾക്കുന്ന വാർത്താ സംഭവങ്ങൾ എങ്കിലും നമ്മുടെ ബോധത്തെ ഉണർത്തി തിരിച്ചറിവ് സാക്ഷാൽ സത്യ പ്രകാശത്തിലൂടെ നേടി കർമ്മോത്സുകരാകുവാൻ ഇടയാകട്ടെ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

3 . ആരുടെ കണ്ണാണ് തുറക്കപ്പെടേണ്ടത്; നമ്മുടേതോ, മറ്റുള്ളവരുടേതോ?

മണ്ണ് കുഴച്ച് കണ്ണിൽ തേച്ച് ശിലോഹോവിൽ കഴുകുവാൻ പറയുമ്പോൾ ഒരുപാട് ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ടാവും. എന്നാൽ അതിനേക്കാൾ ഉപരി അവൻ കണ്ണ് തുറന്നപ്പോൾ ഒരുപാട് പേർ അന്ധരെന്ന് തിരിച്ചറിഞ്ഞു. കാലാകാലങ്ങളായി ഇവനെ അപമാനിച്ചവരെല്ലാം ഈ ദിവസം അറിയുന്നു തങ്ങൾ അന്ധരെന്ന്. തന്റെ മുമ്പിൽ നിൽക്കുന്ന ദൈവത്തെ അവൻ തിരിച്ചറിയുന്നു, അവനിൽ വിശ്വസിക്കുന്നു. എന്നാൽ കാഴ്ച ഉണ്ടെന്ന് അഭിമാനിച്ചിരുന്ന ജനസമൂഹം അവനെ കണ്ടെത്താനാവാതെ ഇന്നും ഉഴലുന്നു. രണ്ടാമതായി സ്വാധീനിച്ച വാക്യം ഇതാണ്. കാണാത്തവർ കാണ്മാനും കാണുന്നവർ കുരുടൻമാർ ആകുവാനും ഇങ്ങനെ ന്യായവിധിക്കായി ഞാൻ ലോകത്തിൽ വന്നു എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 9: 39) അഭ്യസ്തവിദ്യർ എന്ന് അഭിമാനിക്കുന്ന നാമും , നമ്മെ ഉൾക്കൊള്ളുന്ന സമൂഹവും, അന്ധർക്കും ബലഹീനർക്കും കാഴ്ച കൊടുക്കേണ്ട സഭയും സാക്ഷ്യം വിട്ടകലാതെ ദൈവ തേജസ്സും പ്രകാശവും കൈമുതലായി സൂക്ഷിക്കുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

“വെളിവ് നിറഞ്ഞോരീശോ
നിൻ വെളിവാൽ ഞാൻ കാണുന്നു”

ഹാപ്പി ജേക്കബ് അച്ചൻ.

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907