ഫാ. ഹാപ്പി ജേക്കബ്ബ്
നോമ്പിലെ ഓരോ ദിനങ്ങളും ഒരുക്കത്തിന്റെയും ഒതുക്കത്തിന്റെയും നിയന്ത്രണത്തിന്റെയും അതനുസരിച്ചുള്ള ജീവിതക്രമങ്ങളുമാണല്ലോ നാം പിൻപറ്റുന്നത്. ഈ ദിവസം കൂടി കഴിഞ്ഞാൽ ദേവാലയവും പ്രാർത്ഥനാ ഇടങ്ങളും കറുപ്പും ദുഃഖവും വിളിച്ചറിയിക്കുന്നു. പ്രാർത്ഥനകളിൽ പൂർണ്ണ അനുതാപവും ഏറിയ സമയവും പഴയ നിയമപ്രവചനങ്ങളും നാം ആവർത്തിക്കുന്നു. ഒട്ടനവധി പ്രാർത്ഥനകളിൽ “ഞങ്ങൾക്കായി നീ ഏറ്റ ഒരു പീഡാ , താഴ്ച്ചകളേറ്റം ധന്യം നാഥാ ” എന്ന് ഉരുവിടുന്നു. ഓശാന ഞായർ വ്യത്യസ്തമായ ഒരു അനുഭവം ആണ് തരുന്നത്. ബാലികാ ബാലന്മാരുടെ ആർപ്പ് വിളികളും, പുരുഷാരത്തിന്റെ ധാരാളിത്വവും, പ്രതീക്ഷിച്ചിരുന്ന രാജകീയ എഴുന്നള്ളിപ്പും, എല്ലാം ശബ്ദമുഖാന്തിരം ആകുന്ന പ്രതീതി. വി. ലൂക്കോസ് 19 : 28 – 44. നമ്മുടെ കാഴ്ചപ്പാടിൽ ഒരു രാജകീയ ഘോഷയാത്ര, അവൻ രാജാധി രാജനെ പോലെ കടന്നു വരുന്നു. ജനസാഗരം വരവേൽപ്പിനോടൊപ്പം ദൈവത്തെ സ്തുതിക്കുന്നു. യാത്ര കുന്നിൻ മുകളിലായപ്പോൾ കർത്താവ് അവിടെ നിന്ന് താഴേക്ക് നോക്കുന്നു. ദേവാലയവും യെരുശലേമും അവൻ കാണുന്നു. ജനം ഹോശന്നാ ഹോശന്നാ പാടുന്നു; കർത്താവ് കണ്ണ് നിറഞ്ഞ് നിൽക്കുന്നു. “ഈ നാളിലെങ്കിലും നിൻറെ സമാധാനത്തിനുള്ളത് നീ അറിഞ്ഞിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു. ഇപ്പോഴോ അത് നിൻറെ കണ്ണിന് മറഞ്ഞിരിക്കുന്നു”. വി. ലൂക്കോസ് 19: 42 . എന്താണ് പ്രശ്നം. യെരുശലേമേ നീ നിൻറെ സാധ്യത നഷ്ടപ്പെടുത്തിയിരിക്കുന്നു.
ഇനി നാം കാണേണ്ട ഓശാന എന്തെന്ന് നോക്കാം. കർത്താവ് ആ സമയം നോക്കി കണ്ടത് ഇപ്രകാരം ആയിരുന്നു. 19: 43, 44 വാക്യങ്ങൾ ശ്രദ്ധിക്കുക. കൂടെ ഉണ്ടായിരുന്നവർ ദേവാലയത്തിന്റെ പ്രൗഡിയും, മനോഹാരിതയും, പണിതിരിക്കുന്ന കല്ലുകളുടെ ഭംഗിയും വർണ്ണിക്കുന്നു. എന്നാൽ കർത്താവ് കണ്ടത് കള്ളന്മാരുടെ ഗുഹ ആയിരുന്നു. തന്നെ പിൻപറ്റിയിരുന്ന ജനസമൂഹത്തിന് അവൻ വൈദ്യനായിരുന്നു, സൗഖ്യദായകൻ ആയിരുന്നു, അപ്പം നൽകുന്നവൻ ആയിരുന്നു, ജീവൻ നൽകുന്നവൻ ആയിരുന്നു. രോഗിക്ക് വൈദ്യൻ ആവശ്യമുണ്ടെന്നും, തെറ്റി പോയവർക്ക് നല്ലിടയൻ എന്നും അവരെ പഠിപ്പിച്ചപ്പോൾ അവർക്ക് മനസ്സിലായില്ല. താൻ കൂടെ ഇരുന്നിട്ടും സ്വന്തം ജനം തിരിച്ചറിഞ്ഞില്ല എന്ന അനുഭവം വ്യഥയായി. എത്ര അത്ഭുതങ്ങൾ അവൻ ഈ ദേവാലയത്തിലും പരിസരത്തിലും നടത്തി. അന്നൊക്കെ അവനെ അറിഞ്ഞ് തിരിച്ച് വരുവാൻ അവസരം ഉണ്ടായിരുന്നു. എന്നാൽ എല്ലാ അവസരങ്ങളും അവർ വൃഥാവിലാക്കി.
അന്നത്തെ കാലത്തിൽ മാത്രമല്ല; ഇന്നും എത്ര അവസരങ്ങൾ നാം പാഴാക്കി. നാശത്തിൽ നിന്നും കരകയറുവാൻ ഇനിയും അവസരം പാഴാക്കല്ലേ. ആദിമകാലം മുതൽ തന്നെ നാം പഠിക്കുന്ന അനുഭവങ്ങളും, അഭിമുഖീകരിച്ച ജീവിതവും ഒക്കെ എത്ര വലിയ പാഠങ്ങളാണ്. നമ്മെ ഓർത്ത് നമ്മുടെ രക്ഷകന്റെ കണ്ണ് നിറയുവാൻ ഇടയാക്കരുത്. ആർപ്പു വിളികളേക്കാൾ ആത്മസമർപ്പണം നിർവഹിക്കുക .
മറ്റൊരു ചിന്ത കൂടി നമ്മെ സ്പർശിക്കണം. മറ്റുള്ളവർ നമ്മെപ്പറ്റി എന്ത് കരുതും എന്നുള്ളത്. എന്ത് മോശം കാര്യം ചെയ്താലും ഈ ചിന്ത വരില്ല. എന്നാൽ ദൈവികമായി മാറ്റപ്പെടണം എന്ന ചിന്ത വരുമ്പോൾ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് നാം ഓർക്കാറുണ്ട്. എന്നാൽ സമൂഹത്തിൽ പല പ്രാവശ്യം പലരും അവനെ സ്വീകരിച്ചതായി കേൾക്കുമ്പോൾ നാം ഉത്തരം മുട്ടി നിൽക്കേണ്ടിവരും. വി. യോഹന്നാൻ 7: 40- 53. കർത്താവിനെ പിടിച്ച് കൊണ്ടു വരുവാനായി അയക്കപ്പെട്ടവർ വെറുംകൈയായി തിരിച്ചു വന്നപ്പോൾ അവർ പറയുകയാണ് “ഇവനെപ്പോലെ നന്നായി സംസാരിക്കുന്നവനെ ഞങ്ങൾ കണ്ടിട്ടില്ല. മറ്റുള്ളവർ കർത്താവിനെ സാക്ഷിക്കുമ്പോഴും സ്വന്തം എന്ന് കരുതുന്ന നാം അവനെ തിരസ്കരിക്കുകയല്ലേ.
പല പ്രാവശ്യം ലഭിച്ച കൃപകളും അവസരങ്ങളും നാം നിഷേധിക്കുമ്പോൾ കല്ല് കല്ലിൻമേൽ ശേഷിക്കാത്ത കാലം വരും എന്ന ഓർമ്മപ്പെടുത്തൽ നമ്മുടെ ഉള്ളിൽ തിരിച്ചറിയപ്പെടണം. കാൽവരിയിൽ വേദനയിൽ കഴിയുമ്പോഴും അവൻ പ്രാർത്ഥിച്ചത് പിതാവ് ഇവരോട് പൊറുക്കണമേ എന്നാണ്. അധികാരവും പ്രൗഡിയും അഴിഞ്ഞ് പോയാലും ദൈവകൃപ അത് മാത്രം മതി എന്ന് നാം കാംക്ഷിക്കുക. 2 പത്രോസ് 3 : 9 “ചിലർ താമസം എന്ന് വിചാരിക്കുന്നത് പോലെ കർത്താവ് തന്നെ വാഗ്ദത്തം നിവർത്തിക്കുവാൻ താമസിക്കുന്നില്ല. ആരും നശിച്ചു പോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ച് നിങ്ങളോട് ദീർഘ ക്ഷമ കാണിക്കുന്നതേയുള്ളൂ.
ഓശാന പെരുന്നാളിൽ സംബന്ധിക്കുമ്പോൾ ആർപ്പും ആരവും നിമിഷം കൊണ്ടവസാനിക്കും, എന്നാൽ ദൈവത്തിന് പ്രീതി ഉള്ളവരായി അവനെ രക്ഷകനായി സ്വീകരിപ്പാനും അവനോടൊപ്പം കുരിശിന്റെ പാതയിൽ നടപ്പാനും ഉയിർപ്പിന്റെ ജീവൻറെ ഫലം പ്രാപിപ്പാനും സംഗതിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കഴിഞ്ഞ നാല്പത് ദിനങ്ങളിലും പ്രാർത്ഥനയും ഉപവാസവും നോമ്പും നമ്മെ ശക്തീകരിച്ച് ശുദ്ധീകരിച്ചത് പോലെ ഈ ആഴ്ചയിലെ ആത്മീക അനുഭവങ്ങൾ ദൈവത്തോട് ചേരുവാൻ നമുക്ക് ബലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
Leave a Reply