ഫാ. ഹാപ്പി ജേക്കബ്ബ്
ഈ ആഴ്ചയിൽ 4 പ്രധാന സംഭവങ്ങളാണ് ചിന്തയായ് വന്ന് ഭവിക്കുന്നത്. ദാവീദിന്റെ വംശത്തിലെ രാജാവായി അഭിഷിക്തനും രക്ഷിതാവുമായി കർത്താവിനെ ആനയിക്കുന്ന ഓശാന പെരുന്നാൾ. പിന്നീട് നന്ദി സൂചകമായ പെസഹാ പെരുന്നാളും, ദുഃഖവെള്ളിയും ഉയിർപ്പ് പെരുന്നാളും. സാധാരണ ചിന്തയിൽ ദുഃഖവെള്ളിയും ഈസ്റ്ററും പ്രാധാന്യം ഏറെ കൽപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ യഥാർത്ഥമായും പെസഹായുടെ ഈ ദിനം വളരെ സൂക്ഷ്മതയോടെ നാം ആചരിക്കുമ്പോൾ അതിവേദനയുടെയും, ചതിവിന്റെയും ഇതെല്ലാം അറിഞ്ഞിട്ടും ശുശ്രൂഷ എന്താണെന്നും കാൽവരിയിൽ അനുഭവിപ്പാൻ പോകുന്ന ബലി മനസ്സിലാകുന്ന ഭാഷയിൽ വ്യാഖ്യാനിക്കുകയും ചെയ്യുന്ന ദിനമാണ്. ആദ്യം ശിഷ്യഗണത്തിൽ ചേർക്കപ്പെട്ട പത്രോസും കൂടെ ഇരുന്ന് ഒരേ പാത്രത്തിൽ ഭക്ഷണം കഴിച്ച യൂദാസും ഒക്കെ തന്റെ ഗുരുവിനെ ഒറ്റുകയും തള്ളി പറയുകയും ചെയ്യുമ്പോൾ അനുഭവിച്ച വേദന കൂർത്ത മുള്ളുകളെക്കാൾ വേദനാജനകമായിരുന്നു. ഞാൻ വരുന്നതുവരെയും നിങ്ങൾക്ക് ആത്മീയ ആഹാരമായി ഈ ശരീരവും രക്തവും ആത്മീയ ഭക്ഷണം ആയി അവർക്ക് നൽകപ്പെട്ടു. വി. ലൂക്കോസ് 22: 7- 23. ദൈവം തൻറെ ജനത്തെ നൂറ്റാണ്ടുകളുടെ അടിമത്വത്തിൽ നിന്നും വിടുവിച്ചതിന്റെ നന്ദി സമർപ്പണം ആയിരുന്നു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ. പ്രായപൂർത്തിയായ ഏതൊരു യഹൂദനും തൻറെ പാപത്തിന്റെ പ്രായശ്ചിതമായി ആടുകളെയും, പ്രാവിനെയും ചെങ്ങാലികളേയും പാപപരിഹാര ബലിയായി സമർപ്പിക്കപ്പെടുന്ന ദിവസം തന്നെ രക്ഷകനെ ഒറ്റി കൊടുക്കുന്നു. വിടുതൽ ആണ് പെസഹായെങ്കിൽ വീണ്ടെടുക്കും പെസഹാ തന്നെ. പുറപ്പാട് : 12: 1- 14. മരണത്തിൽ നിന്നും മക്കളെ വീണ്ടും കൊള്ളുവാൻ കട്ടളപ്പടിമേൽ പൂശിയ രക്തം ഇടയാക്കി. ഇന്നിതാ പുതിയ കുഞ്ഞാട് ബലി ആകുന്നു. ഒറ്റുകാരും ചതിയന്മാരും നീചന്മാരും ആയ നമുക്ക് രക്ഷ നൽകുവാൻ, സംഹാര ദൂതനിൽ നിന്ന് മുദ്ര ഇടുവാൻ ദൈവത്തിൻറെ കുഞ്ഞാട് അറുക്കപ്പെടുന്നു . ഇതാ ലോകത്തിൻറെ പാപത്തെ ചുമക്കുന്ന ദൈവത്തിൻറെ കുഞ്ഞാട്’ യോഹന്നാൻ 1 : 29 . അപ്പം എടുത്ത് അവർക്ക് കൊടുക്കുമ്പോഴും വീഞ്ഞ് കൊടുക്കുമ്പോഴും വരും ദിവസങ്ങളിൽ തന്റെ ശരീരം ഇത് പോലെ ഭാഗിക്കപ്പെടുമെന്നും അവർക്ക് അറിയിപ്പ് കൊടുക്കുന്നു. എന്നിട്ടും അവരിൽ യാതൊരു ഭാവ വ്യത്യാസവും കാണുന്നില്ല. ഓരോ വിശുദ്ധ കുർബാന നാം അനുഭവിക്കുമ്പോഴും വീണ്ടെടുപ്പിന്റെയും വിടുതലിന്റെയും പുതിയ ഉടമ്പടി ആയും വ്യക്തിപരമായി രക്ഷകൻ അനുഭവിച്ച വേദനയും മരണവും ആണ് തന്നെ നിലനിർത്തുന്ന വസ്തുത എന്ന് നാം തിരിച്ചറിയുക.
ഈ പെസഹ വിശുദ്ധ സംസർഗത്തിലേയ്ക്കുള്ള വിളിയാണ്. കർത്താവ് തന്നെ മുന്നമേ ഒരുക്കിയിട്ടുള്ള വിരുന്നിലേക്കാണ് ക്ഷണിക്കുന്നത്. സാധാരണ സുഹൃത്തുക്കളും സ്നേഹിതന്മാരും നമ്മെ വിളിക്കുമ്പോൾ എന്തെങ്കിലും ഒരു പങ്ക് നാം കൊണ്ട് പോകാറുണ്ട്. ഒന്നും ആവശ്യമല്ലെങ്കിൽ ഒരു പൂവോ ഒരു സമ്മാനമോ നാം കരുതും. എന്നാൽ ഈ വിരുന്നിന് നാം കടന്ന് വരുമ്പോൾ നമ്മുടെ പാപങ്ങളും, ഭാരങ്ങളും രോഗങ്ങളും വേദനകളും എല്ലാം ആ മേശമേൽ വയ്ക്കാം. മറ്റൊരു തരത്തിൽ പറഞ്ഞാൽ നമ്മെ തന്നെ സമർപ്പിക്കുക. ഉദയം അസ്തമയത്തോടെ അകന്നിരിക്കുന്നത് പോലെ അവൻ നമ്മുടെ പാപങ്ങളെ അകറ്റും. സങ്കീർത്തനം 103: 12 . സകല സമൃദ്ധിയെയും കവിയുന്ന ദൈവ സമാധാനം ഫിലിപ്പിയർ 4 : 7 , നമുക്ക് വേണ്ടി ക്രിസ്തു മരിച്ച് ദൈവസ്നേഹം നമ്മിൽ നിറച്ചു. റോമര്‍ 5 : 8.
ഒറ്റിക്കൊടുത്തവനേയും നമ്മേയും കർത്താവ് അറിയുന്നു. നാം എല്ലാവരെയും പാപം ചെയ്ത് ദൈവ തേജസ്സ് നഷ്ടപ്പെടുത്തിയിരിക്കുന്നു . നാല്പത് ദിവസം നോമ്പും ഉപവാസവും ആത്മ തപനത്തിന് നമുക്ക് ഇടയായെങ്കിൽ ഈ പെസഹാ വീണ്ടെടുപ്പ് ആയിരിക്കും. അല്ലാത്തപക്ഷം ഒറ്റുകാരോടും അവിശ്വാസികളോടും ഉള്ള കൂട്ടായ്മ ആയിത്തീരും. സർവ്വ ജനത്തേയും വീണ്ടെടുക്കുവാൻ മാനവേഷൻ ധരിച്ച ദൈവപുത്രൻ വേദനയും നിരാശയും അല്ല ദൈവഹിതവും മാനവ സ്നേഹവും ആണ് കാട്ടി തന്നത്. ആ സ്നേഹം പറയുന്നത് നീ സ്വീകരിച്ചാൽ ഇനിമുതൽ പാപി അല്ല ദൈവ മക്കളാണ്. അന്നത്തെ പോലെ തന്നെ ആ വിരിച്ചൊരുക്കിയ മാളിക ഇന്നും നമ്മെ വിളിക്കുന്നു. ക്ഷമിക്കുവാൻ, ശുശ്രൂഷിക്കുവാൻ, ദൈവമക്കളാകുവാൻ.
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
Leave a Reply