കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ സാക്ഷിയായ കെമിക്കൽ എക്സാമിനർ വിചാരണയ്ക്കിടെ കൂറുമാറിയതായി കോടതി. പൊലീസിൻ്റെ ചീഫ് കെമിക്കൽ എക്സാമിനേഷൻ ലാബിലെ അസി. കെമിക്കൽ എക്സാമിനർ പി.ജി. അശോക് കുമാറാണ് കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്. ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ.കെ. ബാലകൃഷ്ണൻ കേസ് പരിഗണിക്കുന്ന വേളയിലാണ് കോടതിയിൽ നാടകീയ സംഭവങ്ങൾ.

വിദേശവനിതയുടെ നെഞ്ചിലെ അസ്ഥിക്കുള്ളിലെ മജ്ജയിൽ വെള്ളത്തിൽ കണ്ടുവരുന്ന ഡയാ​റ്റം എന്ന സൂക്ഷ്മജീവിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അശോക് കുമാർ മൊഴിനൽകുകയായിരുന്നു. ഇതേ സൂക്ഷ്മ ജീവിയുടെ സാന്നിദ്ധ്യം മൃതദേഹം കാണപ്പെട്ട തുരുത്തിലെ ചെളിയിൽ നിന്ന് പൊലീസ് ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്കയച്ച വെള്ളത്തിലും ഉണ്ടായിരുന്നുവെന്ന് അശോക് കുമാർ കോടതിയിൽ മൊഴിനൽകി. മുങ്ങിമരണ കേസുകളിലാണ് സാധാരണ ഇത്തരം പരിശോധന നടത്താറുള്ളതെന്നും സാക്ഷി വിശദീകരിച്ചു.

പൊലീസും പ്രോസിക്യൂഷനും ശ്രദ്ധിക്കാതെ പോയ ഇക്കാര്യം സാക്ഷിയുടെ ക്രോസ് വിസ്താരത്തിൽ പ്രതിഭാഗം ഉന്നയിക്കുകയായിരുന്നു. ഇപ്രകാരം ഡയാ​റ്റം മജ്ജയിൽ കാണുന്നത് മുങ്ങിമരണം സംഭവിച്ചാലല്ലേ എന്ന പ്രതിഭാഗത്തിൻ്റെ ചോദ്യത്തിന് എക്സാമിനർ അതേസ എന്നായിരുന്നു രേഖകളുടെ അടിസ്ഥാനത്തിൽ മറുപടി നൽകിയത്.

മാത്രമല്ല മൃതദേഹത്തിൽ നിന്ന് ശേഖരിച്ച് നൽകിയ ആന്തര അവയവ ഭാഗങ്ങളിൽ പുരുഷബീജത്തിൻ്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെന്നും കെമിക്കൽ എക്സാമിനർ മൊഴിനൽകിയിട്ടുണ്ട്. മൃതദേഹം എത്ര വർഷം കഴിഞ്ഞാലും, എത്ര ചീഞ്ഞാലും ആന്തരാവയവങ്ങളിൽ പുരുഷബീജത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ അത് നിലനിൽക്കുമെന്നും എക്സാമിനർ കോടതിയിൽ വ്യക്തമാക്കി. പ്രോസിക്യൂഷൻ്റെ വാദങ്ങളെ തള്ളിക്കൊണ്ടാണ് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള സാക്ഷിമൊഴി കോടതിയിൽ എത്തിയത്.

കേവളത്ത് വിദേശവനിതയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. സാക്ഷിമൊഴിയിൽ നിന്ന് വിദേശവനിത പീഡിപ്പിക്കപ്പെട്ടില്ലെന്ന് തെളിഞ്ഞത് പ്രോസിക്യൂഷന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇതേ തുടർന്നാണ് സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ മോഹൻരാജ് സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കാൻ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.