ന്യൂസ് ഡെസ്ക്, മലയാളം യുകെ

പകൽ സമയങ്ങളിൽ കാലടി പാലത്തിലെ ഗതാഗത കുരുക്ക് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് പേടിസ്വപ്നമായി മാറി തുടങ്ങിയിരിക്കുന്നു. എം സി റോഡിൽ പെരുമ്പാവൂരിനും നെടുമ്പാശ്ശേരി എയർപോർട്ടിനും ഇടയിലാണ് പാലം. പലപ്പോഴും കിലോമീറ്ററുകളോളം രൂപപ്പെടുന്ന ഗതാഗത കുരുക്കിന്റെ പ്രധാന കാരണം പാലത്തിൻറെ വീതിയില്ലായ്മയും എയർപോർട്ടിൽ എത്താനുള്ള സമയം കണക്കുകൂട്ടി അവധി കഴിഞ്ഞ് വീട്ടിൽ നിന്ന് തിരിച്ചു പോകുന്ന ഒട്ടേറെ മലയാളികൾക്കാണ് പാലത്തിലെ ഗതാഗത കുരുക്കും മൂലം യാത്ര മുടങ്ങിയത്.

കഴിഞ്ഞദിവസം വെസ്റ്റ് യോർക്ക് ഷെയറിൽ നിന്നുള്ള മലയാളി കുടുംബത്തിന് യാത്ര പാലത്തിലെ ഗതാഗത കുരുക്കു മൂലം മുടങ്ങിയിരുന്നു. 6 ലക്ഷത്തിൽ അധികം രൂപയാണ് ഇവർക്ക് ടിക്കറ്റ് ചാർജ് ഇനത്തിൽ മാത്രം നഷ്ടമായത്. യാത്ര മുടങ്ങിയ മലയാളി കുടുംബം അടുത്ത ദിവസത്തെ വേറെ ടിക്കറ്റ് ബുക്ക് ചെയ്താണ് യുകെയിൽ എത്തിയത്.

പതിറ്റാണ്ടുകൾ പഴക്കമുള്ള പാലത്തിൻറെ നവീകരണത്തിനായി വിവിധ സർക്കാരുകളുടെ ഭാഗത്തുനിന്നും യാതൊരു ശ്രമവും ഉണ്ടാകുന്നില്ല എന്നതാണ് ഏറ്റവും ദയനീയമായ കാര്യം.

1963 ലാണ് കാലടിയിൽ പെരിയാറിന്റെ ഇരു കരകളെയും ബന്ധിപ്പിച്ച് പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത് അതുകഴിഞ്ഞ് എം സി റോഡിൽ പല വീതി കൂട്ടൽ ഉൾപ്പെടെയുള്ള പല നവീകരണങ്ങൾ നടന്നെങ്കിലും പാലം ഉദ്ഘാടന സമയത്തെ അതെ രീതിയിലാണ് ഇപ്പോഴും തുടരുന്നത്. കാലടി പാലത്തിന് സമാന്തരമായി പുതിയ പാലം ഒക്ടോബറിൽ തുറക്കുമെന്ന് 2023 ഏപ്രിൽ മാസത്തിൽ കേരളത്തിൻറെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. പുതിയ പാലത്തിൻറെ വിശദാംശങ്ങൾ കേരളത്തിലെ മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പ്രഖ്യാപനങ്ങളെല്ലാം ജലരേഖയായതിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് നെടുമ്പാശ്ശേരി എയർപോർട്ടിനെ ആശ്രയിക്കുന്ന കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലയിൽ നിന്നുള്ള പ്രവാസികൾ ആണ്.