ട്രെയിൻ യാത്രക്കിടയില്‍ മധ്യഭാഗത്തെ ബെർത്ത് പൊട്ടിവീണു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന മാറഞ്ചേരി സ്വദേശി മരിച്ചു. മാറഞ്ചേരി വടമുക്ക് പരേതനായ ഇളയേടത്ത് മാറാടിക്കല്‍ കുഞ്ഞിമൂസയുടെ മകൻ അലിഖാൻ (62) ആണ് മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു അപകടം നടന്നത്. ഡല്‍ഹിയിലേക്കുള്ള യാത്രക്കിടയില്‍ തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലില്‍വെച്ചു മധ്യഭാഗത്തെ ബെർത്ത് പൊട്ടി താഴത്തെ ബെർത്തില്‍ കിടക്കുകയായിരുന്ന അലിഖാന്റെ മുകളിലേക്ക് ബെർത്തും അതില്‍ കിടന്നിരുന്ന ആളും വീഴുകയായിരുന്നു.

ചരിഞ്ഞ് കിടക്കുകയായിരുന്ന അലിഖാന്റെ കഴുത്തില്‍ ബെർത്ത് പതിച്ചതിനെത്തുടർന്ന് കഴുത്തിന്റെ ഭാഗത്തെ മൂന്ന് എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയുമായിരുന്നു. ഇതേതുടർന്ന് കൈകാലുകള്‍ തളർന്നുപോയി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റെയില്‍വേ അധികൃതർ ആദ്യം വാറങ്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി ഹൈദരാബാദിലെ കിങ്സ് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഓപ്പറേഷൻ കഴിഞ്ഞെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹ പരിശോധനയ്ക്കുശേഷം ചൊവ്വാഴ്ച രാത്രിയോടെ മാറഞ്ചേരിയിലെ വീട്ടിലെത്തിച്ചു. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് വടമുക്ക് കുന്നത്ത് ജുമുഅത്ത് പള്ളിയില്‍ നടക്കും.

ഷക്കീലയാണ് അലിഖാന്റെ ഭാര്യ. മകള്‍: ഷസ. സഹോദരങ്ങള്‍: ഹിഷാം, അബ്ദുല്ലകുട്ടി, ഉമർ, ബക്കർ, ഹവ്വാവുമ്മ, കദീജ, മറിയു. ചേകന്നൂർ മൗലവിയുടെ സഹോദരി ഭർത്താവാണ് അലിഖാൻ.