വിമാനയാത്രക്കിടെ പ്രശ്നമുണ്ടാക്കുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത മലയാളി യാത്രക്കാരനെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ബി.സിയാണ് അറസ്റ്റിലായതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടുചെയ്തു. പറക്കുന്ന വിമാനത്തില്‍നിന്ന് ചാടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതോടെ ജീവനക്കാരും സഹയാത്രികരും പരിഭ്രാന്തരായി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്-മംഗളൂരു വിമാനത്തില്‍ മേയ് എട്ടിനാണ് സംഭവം. ജീവനക്കാരുടെ പരാതിയെ തുടര്‍ന്നാണ് വിമാനം മംഗളൂരുവിലെത്തിയ ഉടനെ ഇയാളെ അറസ്റ്റ് ചെയ്തത്.
”കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരന്‍ മേയ് എട്ടിന് ദുബായില്‍ നിന്ന് മംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കിടെ മോശമായി പെരുമാറുകയും വിമാനത്തിനുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കി ജീവനക്കാര്‍ക്കും സഹയാത്രക്കാര്‍ക്കും അസൗകര്യമുണ്ടാക്കുകയും ചെയ്തു. വിമാനത്തില്‍നിന്ന് കടലിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയതുള്‍പ്പെടെ ഇയാളുടെ പ്രവൃത്തികള്‍ മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിച്ചു’ – മുഹമ്മദിന്റെ അറസ്റ്റിനെക്കുറിച്ച് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
ഡല്‍ഹിയില്‍നിന്ന് വിമാനം പുറപ്പെട്ടതിന് പിന്നാലെ കണ്ണൂര്‍ സ്വദേശി ശൗചാലയത്തിലേക്ക് പോയി. തിരിച്ചെത്തിയ ശേഷം മറ്റൊരു യാത്രക്കാരനെക്കുറിച്ച് ഇയാള്‍ ജീവനക്കാരോട് തിരക്കി. എന്നാല്‍ ആ പേരിലുള്ള വ്യക്തി യാത്രക്കാരുടെ പട്ടികയിലുണ്ടായിരുന്നില്ല. വിമാന ജീവനക്കാര്‍ സമീപത്തുണ്ടായിരുന്നിട്ടും സഹായത്തിനായി ഇയാള്‍ ബെല്‍ അമര്‍ത്തിക്കൊണ്ടിരുന്നു. പിന്നാലെ ഒരു ലൈഫ് ജാക്കറ്റ് കയ്യിലെടുത്ത് ഒരു ക്രൂ അംഗത്തിന് നല്‍കി വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് തനിക്കിത് ധരിക്കണമെന്ന് പറഞ്ഞു. അനാവശ്യചോദ്യങ്ങളുന്നയിച്ച് ജീവനക്കാരെ ശല്യം ചെയ്തു. അറബിക്കടലിന് മുകളിലൂടെ വിമാനം പറക്കുന്നതിനിടെ തനിക്ക് കടലിലേക്ക് ചാടാനാഗ്രഹമുണ്ടെന്ന് പറയുകയും ചെയ്തു – പോലീസ് പറഞ്ഞു.
വിമാനം മംഗളൂരുവില്‍ എത്തിലെത്തിയ ഉടനേ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരരെ കസ്റ്റഡിയിലെടുത്ത് രേഖാമൂലമുള്ള പരാതി സഹിതം ഇയാളെ പോലീസിന് കൈമാറി. യാത്രക്കാരനെതിരെ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു, ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. മേയ് ഒമ്പതിന് രാവിലെ 7.30 നാണ് വിമാനം മംഗളൂരുവിലെത്തിയത്.
Leave a Reply