ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്‌ഹറിന് യാത്രാവിലക്ക്, ആയുധ ഇടപാട് തടയൽ തുടങ്ങി കടുത്ത നടപടികൾ നേരിടേണ്ടിവരും. അസ്‌ഹറിന്റെ ആസ്തികൾ പാക്കിസ്ഥാൻ മരവിപ്പിക്കും.

മസൂദ് അസ്ഹറിനെതിരെ യുഎന്നില്‍ ഇന്ത്യ നേരത്തെ നടത്തിയ നീക്കങ്ങളെ പാക്കിസ്ഥാനോടുള്ള താല്‍പര്യം മൂലം ചൈന സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് എതിര്‍ക്കുകയായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം അസ്ഹറിനെതിരായ നീക്കം ശക്തമാക്കി. അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ഇന്ത്യയ്ക്കൊപ്പം നില്‍ക്കുകയും ചൈനയ്ക്കുമേല്‍ സമ്മര്‍ദം ശക്തമാക്കുകയും ചെയ്തു.

പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നൽകിയ തെളിവുകൾ പരിഗണിച്ച് അസ്‍ഹറിനെ പാക്കിസ്ഥാൻ ജയിലലടക്കുമോ എന്നാണ് ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്. ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ ജെയ്ഷെ മുഹമ്മദിനുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ വിദേശകാര്യസെക്രട്ടറി വിജയ്ഗോഖ്‍ലെ ചൈനയിലെത്തി കൈമാറിയിരുന്നു. ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തീരുമാനം നീട്ടിവയ്ക്കണമെന്ന് അമേരിക്കയോട് പാക്കിസ്ഥാന്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ അസ്ഹറിനെതിരായ നടപടിയെ തിരഞ്ഞെടുപ്പുമായി കൂട്ടിക്കുഴയ്ക്കരുതെന്ന ഇന്ത്യയുടെ ആവശ്യം അമേരിക്ക അംഗീകരിച്ചു.

009 മുതല്‍ ഇന്ത്യ നടത്തിവരുന്ന നയതന്ത്ര നീക്കമാണ് ലക്ഷ്യം കണ്ടത്. പാക്കിസ്ഥാനിലെ ബഹാവല്‍പുര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദിന്‍റെ തലവന്‍ മസൂദ് അസ്ഹറിനെ യുഎന്‍ രക്ഷാസമിതിയുടെ ഇസ്‍ലാമിക് സ്റ്റേറ്റ് ആന്‍ഡ് അല്‍ ഖ്വായ്ദ സാങ്ഷന്‍സ് കമ്മിറ്റി ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഇതോടെ, ഇയാളുടെ പേരില്‍ വിവിധ രാജ്യങ്ങളിലുള്ള സ്വത്ത് മരവിപ്പിക്കും. യാത്രാവിലക്ക് വരും. ആയുധ ഇടപാടുകള്‍ നടത്താന്‍ കഴിയില്ല. മസൂദ് അസഹ്റിനെതിരെ നിയമനടപടിക്ക് പാക്കിസ്ഥാന്‍ നിര്‍ബന്ധിതമാകും.

പുല്‍വാമ ഭീകരാക്രമണം, പഠാന്‍കോട്ട് ഭീകരാക്രമണം, പാര്‍ലമെന്‍റ് ആക്രമണം, ജമ്മുകശ്മീര്‍ നിയമസഭാ മന്ദിരത്തിനേരെയുണ്ടായ ആക്രമണം എന്നിവയ്ക്ക് പിന്നില്‍ ജെയ്ഷെ മുഹമ്മദായിരുന്നു. മസൂദ് അസഹര്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.