ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളിയെ ഏകദേശം ഒരു മാസമായി കാണാനില്ലെന്ന വാർത്തകൾ പുറത്തുവന്നു. ലണ്ടനിൽ താമസിക്കുന്ന നരേന്ദ്രൻ രാമകൃഷ്ണനെയാണ് കാണാതായതായുള്ള പരാതി ഉയർന്നുവന്നിരിക്കുന്നത് . രാമകൃഷ്ണനെ അവസാനമായി കണ്ടത് കെൻ്റിലെ ഡോവറിൽ ആണ്. കഴിഞ്ഞവർഷം സെപ്റ്റംബർ വരെ അദ്ദേഹം ജെപി മോർഗനില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് വേറെ ജോലി അന്വേഷിക്കുകയായിരുന്നു രാമകൃഷ്ണൻ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഡിസംബർ 8-ാം തീയതി മുതൽ രാമകൃഷ്ണനെ കാണാതായതിൽ കടുത്ത ദുരൂഹത ഉണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. കാണാതായതിന് മുൻപ് അദ്ദേഹത്തിന് ചില കുടുംബപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായുള്ള അനൗദ്യോഗിക വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. യുഎഇയിൽ താമസിക്കുന്ന സഹോദരൻ രാമകൃഷ്ണനെ കണ്ടെത്താനായി പൊതുജനങ്ങളോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
രാമകൃഷ്ണനെ കാണാനില്ലെന്ന് കാണിച്ച് അടുത്ത സുഹൃത്ത് പോലീസിൽ പരാതി നൽകിയതാണ് സംഭവം വാർത്തയാക്കിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് അറിയാൻ സാധിച്ചത്. രാമകൃഷ്ണനെ കാണാനില്ലെന്ന വിവരം ഇന്ത്യൻ ഹൈക്കമ്മീഷനെയും അറിയിച്ചിട്ടുണ്ട്.
നരേന്ദ്രൻ രാമകൃഷ്ണനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 116000 എന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
Leave a Reply