ഡോഡോമ ( ടാന്‍സാനിയ): ഒറ്റ രാത്രികൊണ്ട് കോടീശ്വരനാകാന്‍ സാധിക്കുമോ? അത്ഭുതങ്ങള്‍ നടന്നാല്‍ അങ്ങനെ സംഭവിച്ചേക്കാമെന്നായിരിക്കാം ഉത്തരം. അത്തരത്തിലൊരു അത്ഭുതമാണ്, അല്ല മഹാഭാഗ്യമാണ് ടാന്‍സാനിയയിലെ തൊഴിലാളിയെ തേടിയെത്തിയത്.
കണ്ടെത്തിയ രണ്ട് വലിയ രത്‌നക്കല്ലുകളാണ് ഇയാളെ പണക്കാരനാകാന്‍ സഹായിച്ചത്. ഇരുണ്ട വയലറ്റ്- നീല നിറങ്ങളിലുള്ള രത്‌നക്കല്ലുകളാണ് കണ്ടെത്തിയത്. ഇത് സര്‍ക്കാരിന് കൈമാറിയതിന് പിന്നാലെ 774 കോടി ടാന്‍സാനിയന്‍ ഷില്ലിങ് ( ഏകദേശം 25 കോടിയോളം രൂപ) ആണ് സര്‍ക്കാര്‍ പ്രതിഫലമായി കൈമാറിയത്.
ഇതുവരെ കണ്ടെത്തിയവയില്‍ വെച്ച് ഏറ്റവും വലിയ അപൂര്‍വ രത്‌നക്കല്ലുകള്‍ കണ്ടെത്തിയതാകട്ടെ സനിനിയു ലൈസര്‍ എന്ന സാധാരണക്കാരനായ ഖനിത്തൊഴിലാളിയും. ടാന്‍സാനിയയുടെ വടക്കന്‍ പ്രദേശത്തുള്ള ഖനികളിലൊന്നില്‍ നിന്നാണ് ഈ രത്‌നക്കല്ലുകള്‍ കണ്ടെത്തിയത്.
ആദ്യത്തെ രത്‌നക്കല്ലിന് 9.27 കിലോയും രണ്ടാമത്തേതിന് 5.10 കിലോയുമാണ് ഭാരം. ടാന്‍സാനിയയിലെ ആ പ്രദേശത്ത് മാത്രം കാണപ്പെടുന്ന അപൂര്‍വ രത്‌നക്കല്ലുകളായ ഇവയെ ടാന്‍സാനൈറ്റ് രത്‌നങ്ങളെന്നാണ് വിളിക്കുന്നത്. രാജ്യത്ത് രത്‌നഖനനം ആരംഭിച്ചതിന് ശേഷം കണ്ടെത്തിയ ഏറ്റവും വലിയ രത്‌നക്കല്ലുകള്‍ എന്നാണ് ഖനനമന്ത്രാലയം ഇതേപ്പറ്റി പ്രതികരിച്ചത്.
ലൈസറില്‍നിന്ന് ബാങ്ക് ഓഫ് ടാന്‍സാനിയ രത്‌നക്കല്ലുകള്‍ വാങ്ങുകയും ചെക്ക് കൈമാറുന്നതിന്റെയും തത്സമയ സംപ്രേഷണം ടാന്‍സാനിയന്‍ ടെലിവിഷനില്‍ നടന്നു. പണം കൈമാറുന്ന ചടങ്ങിനിടെ ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മാഗുഫുലി ലൈസറിനെ ഫോണില്‍ വിളിക്കുകയും ചെയ്തു.
ലൈസറിനേപ്പോലുള്ള സാധാരണക്കാരായ ഖനിത്തൊഴിലാളികള്‍ക്ക് അവര്‍ കണ്ടെത്തുന്ന രത്‌നം സര്‍ക്കാരിന് വില്‍ക്കാന്‍ അനുവാദം നല്‍കുന്ന തരത്തില്‍ ടാന്‍സാനിയയില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ഇതുപ്രകാരം തൊഴിലാളികളില്‍ നിന്ന് രത്‌നം വാങ്ങാന്‍ രാജ്യത്തെമ്പാടും പ്രത്യേക കേന്ദ്രങ്ങളും സര്‍ക്കാര്‍ തുടങ്ങിയിരുന്നു.
അപൂര്‍വരത്‌നങ്ങളായതിനാല്‍ ഇവിടെനിന്ന് ഖനനം ചെയ്‌തെടുക്കുന്ന രത്‌നക്കല്ലുകള്‍ അനധികൃതമായി രാജ്യത്തുനിന്ന് കടത്തപ്പെടുന്നുണ്ട്. ഇത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.
Leave a Reply