നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബാലചന്ദ്രൻ വെെക്കത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മസ്‌തിഷ്‌ക ജ്വരത്തെ തുടർന്ന് ഇന്നലെ ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന അദ്ദേഹത്തിന്റെ മസ്‌തിഷ്‌കത്തിന്റെ പ്രവർത്തനം ആശാവഹമല്ലെന്നും അപകടനില തരണം ചെയ്‌തിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

പ്രമേഹം അനിയന്ത്രിതമായതിനെ തുടർന്നാണ് ബാലചന്ദ്രനെ നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം.

കൊല്ലം ശാസ്‌താംകോട്ട സ്വദേശിയായ ബാലചന്ദ്രൻ അധ്യാപന രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. നടൻ, തിരക്കഥാകൃത്ത്, നാടക സംവിധായകൻ, രചയിതാവ്, സിനിമ സംവിധായകൻ, നിരൂപകൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രനെ കേരള സംഗീതനാടക അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള ചലച്ചിത്ര അക്കാദമി അവാർ‍ഡ് തുടങ്ങിയ പുരസ്കാരങ്ങളും തേടിയെത്തിയിരുന്നു.

ഉള്ളടക്കം, പവിത്രം, അഗ്നിദേവൻ, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ബാലചന്ദ്രൻ ‘ഇവൻ മേഘരൂപൻ’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2012 ൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്കാരം ‘ ഇവൻ മേഘരൂപൻ’ നേടിയിരുന്നു.

അഗ്നിദേവൻ, ജലമർമ്മരം, വക്കാലത്ത് നാരായണൻകുട്ടി, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, പോപ്പിൻസ്, അന്നയും റസൂലും, ഇമ്മാനുവൽ, നടൻ, ചാർലി, കമ്മട്ടിപാടം, പുത്തൻ പണം, അതിരൻ, ഈട, സഖാവ് തുടങ്ങിയ നാൽപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ടി കെ രാജീവ്‌കുമാർ സംവിധാനം ചെയ്ത ‘കോളാമ്പി’യിലായിരുന്നു അവസാനമായി അഭിനയിച്ചത്.