ബിനോയ് ജോസഫ്

മഹനീയമായ സ്ത്രീത്വത്തെ, സ്നേഹത്തോടെ മാറോടണക്കുന്ന ഒരു സൽപ്രവൃത്തിയിൽ വിവിധ രാജ്യക്കാരും മതസ്ഥരും കൈകോർത്ത് പങ്കാളികളായപ്പോൾ യുകെയിലെ കിംഗ്സ്റ്റൺ അപ്പോൺ ഹള്ളിലെ സൗഹൃദകൂട്ടായ്മ ലോകത്തിന് തന്നെ മാതൃകയായി. പ്രധാനമായും കേരളത്തിലെ സ്ത്രീകൾക്ക് ബ്രെസ്റ്റ് ക്യാൻസറിനെ കുറിച്ച് ബോധവൽക്കരണം നടത്തുകയും അതിനു വേണ്ട ഫണ്ടിംഗ് കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുക എന്ന ദൗത്യവുമായാണ് ജ്വാല എന്ന കൂട്ടായ്മ “പിങ്ക് മേള” എന്ന പേരില്‍ ഫണ്ട് റെയിസിംഗ് സംഘടിപ്പിച്ചത്. ഹൾ ആൻഡ് ഈസ്റ്റ് യോർക്ക്ഷയർ ഹോസ്പിറ്റലിലെ നഴ്സായ ബോബി തോമസിന്റെ നേതൃത്വത്തിൽ നടത്തിയ ഇവന്റ് ഇന്ത്യൻ ജനതയെയും സംസ്കാരത്തെയും അടുത്തറിയാന്‍ ഉപകരിക്കുന്നതും ഇന്ത്യയിലെ സ്ത്രീകൾ ആരോഗ്യ പരിപാലന രംഗത്ത് നേരിടുന്ന പ്രശ്നങ്ങൾ സമൂഹത്തിന്റെ മുന്നിൽ തുറന്നു കാട്ടുന്നതുമായിരുന്നു.

അതെ, ലോകം മുഴുവൻ പ്രാവർത്തികമാക്കപ്പെടേണ്ട ഒരു ആശയമായി ജ്വാല മാറുകയാണ്. ഇത്   നിയന്ത്രിക്കപ്പെടുകയോ ഭരമേൽപ്പിക്കപ്പെടുകയോ ചെയ്യപ്പെടുന്നില്ല. ഉത്തരവാദിത്വമുള്ള ഒരു തലമുറയുടെ കടമയായി ഇതു മാറുന്നു. സാമൂഹിക നവോത്ഥാനത്തിന്റെ പാതകളിൽ സുവർണ ലിപികളിൽ എഴുതപ്പെടേണ്ട ഒരു  താരാട്ടായി ജ്വാല മനുഷ്യ മനസുകളിൽ ഇടം പിടിക്കുന്നു. യുകെയുടെ മണ്ണിൽ നിന്നും ആയിരക്കണക്കിന് മൈലുകൾക്കപ്പുറമുള്ള ജനതതിയ്ക്ക് ആശ്വാസം പകരുന്ന ഒരു സന്ദേശമായി ജ്വാല എന്ന സൗഹൃദക്കൂട്ടായ്മ തുടക്കം കുറിക്കപ്പെട്ടിരിക്കുന്നു.

സ്ത്രീത്വത്തിന്റെ വേദനയുടെ നിമിഷങ്ങൾ കൺമുന്നിൽ ദർശിച്ച ഓർമ്മകളാണ്  ഈ ആശയം ലോകത്തിനു  നൽകാൻ തനിക്ക് പ്രചോദനമായതെന്ന് ജ്വാലയെ ആവേശത്തോടെ സമൂഹത്തിലേയ്ക്ക്  സമർപ്പിക്കാൻ തന്റെ സുഹൃത്തുക്കളോടൊപ്പം പരിശ്രമിക്കുന്ന ബോബി തോമസ്  മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ബോബി ഇങ്ങനെ കുറിച്ചു… “ഇലഞ്ഞി പൂക്കൾ വീഴുന്ന മുറ്റത്ത് നിന്നും അവൾ മാഞ്ഞപ്പോൾ ഒരു പാട് പേർ നൊമ്പരപ്പെട്ടു… അവൾ അമ്മയായിരുന്നു… ഭാര്യയായിരുന്നു… മകളായിരുന്നു… സഹോദരിയും സുഹൃത്തുമായിരുന്നു… പ്രിയപ്പെട്ട സുഹൃത്തുക്കളടക്കം  ഇങ്ങനെ ഒരു പാട് പേർ ബ്രസ്റ്റ് ക്യാൻസർ മൂലം വിട പറയുമ്പോൾ നമ്മളൊക്കെ മനസ്സിൽ തേങ്ങുന്നു…”

“വിദേശങ്ങളിൽ താമസിക്കുന്ന നമ്മൾക്ക് ചികിത്സാ ചിലവ് ഒരു  വലിയ ഭാരമാവില്ലെങ്കിലും, വേദനകൾക്കിടയിൽ സാമ്പത്തികമായി ഞെരുങ്ങുന്ന കേരളത്തിലെ സാധാരണക്കാരായ സ്ത്രീകൾക്ക് ചെറിയ ഒരു സാന്ത്വനമാകുവാനാണ് ‘ജ്വാല ‘ എന്ന ഈ സൗഹൃദ കൂട്ടായ്മ ഉദ്ദേശിക്കുന്നത്. മാറി വരുന്ന ജീവിതരീതികളും ആഹാരക്രമങ്ങളും നമ്മുടെ നാട്ടിൽ ബ്രസ്റ്റ് ക്യാൻസർ രോഗികളുടെ എണ്ണം കൂട്ടികൊണ്ടിരിക്കുന്നു. പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ ചികിത്സ തുടങ്ങുമ്പോൾ തന്നെ ഒരു കുടുംബം ചെലവ് താങ്ങാനാവാതെ നിശ്ചലമാവുകയാണ്. ഗവൺമെന്റ് ഹോസ്പിറ്റലുകളിൽ മാമോഗ്രാം യൂണിറ്റുകളും മറ്റും സംവിധാനങ്ങളുമുണ്ടെങ്കിലും സാധാരണക്കാർ പലപ്പോഴും അറിയുന്നില്ല. അല്ലെങ്കിൽ പോകാൻ മടിക്കുന്നു. കുടുംബശ്രീയും ആശാ വര്‍ക്കേര്‍ഴ്സും  വഴി കേരളത്തിലെ ഗ്രാമീണ സ്ത്രീകളിൽ ബ്രെസ്റ്റ് ക്യാൻസർ ബോധവൽക്കരണം, ക്യാൻസർ സ്ക്രീനിങ്ങ് ആവശ്യമുള്ളവർക്ക് അർഹമായ സഹായം ചെയ്യുക എന്നതാണ്  ‘ജ്വാല’ ചെയ്യാൻ ഉദ്ദേശിക്കുന്നത്. നിരവധി ആളുകളാണ് പുതിയ ആശയത്തിന് പിന്തുണയും പങ്കാളിത്തവുമായി എത്തുന്നത്” ബോബി തോമസ് തന്റെ സന്തോഷം മറച്ചു വച്ചില്ല.

മനസിൽ നന്മ കാത്തുസൂക്ഷിക്കുന്നവരുടെ ഒരു സമ്മേളനമായിരുന്നു ഹള്ളില്‍ നടന്ന പിങ്ക് മേള. ലോകം മുഴുവൻ പടർന്ന് പന്തലിച്ച്, സ്ത്രീകളുടെ സാമൂഹിക സുരക്ഷിതത്വത്തിലെ ഒരു പ്രധാന കാൽ വയ്പായി ഈ കൂട്ടായ്മ മാറുമെന്ന് ജ്വാല ആദ്യമായി സംഘടിപ്പിച്ച പിങ്ക് മേളയിൽ പങ്കെടുത്തവർ പറഞ്ഞു. ഹള്ളിലെ കോട്ടിങ്ങാം ഹൈസ്കൂളിൽ നടന്ന സൗഹൃദ കൂട്ടായ്മയിൽ ഇരുനൂറിലേറെ പേരാണ് പങ്കെടുത്തത്. മലയാളികൾക്ക് പുറമേ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരും ഇംഗ്ലീഷ് സമൂഹവും ശനിയാഴ്ച നടന്ന കൂട്ടായ്മയിൽ പങ്കെടുത്തു. നിരവധി കലാകാരൻമാരും കലാകാരികളും സ്റ്റേജിൽ വർണ വിസ്മയങ്ങൾ തീർത്തു. ബോളിവുഡ് ഡാൻസും ക്ലാസിക്കൽ ഡാൻസും തിരുവാതിരയും സംഗീതവും സദസിനെ ത്രസിപ്പിച്ചു.

ജ്വാലയുടെ പ്രവർത്തനങ്ങൾ ബോബി സോമനാഥും ഡോ. ദീപ ജേക്കബും വിശദീകരിച്ചു. ബോബി തോമസിനൊപ്പം ഡോ. ദീപ ജേക്കബ്,  സോമനാഥ് വിശ്വനാഥൻ, സജി കോക്കനട്ട് ലഗൂൺ, ലീനാ സാജു, ഷിജി ഷൈൻ,  ക്രിസ്റ്റി ഫ്രാൻസിസ്, ഡോ. ഇർഷാദ്, രാജേഷ് ചിത്രൻ, ജോഗേഷ്, അശ്വിൻ മാണി, സാൻ ജോർജ്, ആൻറണി ആൻഡ്രൂസ്, യോഗേഷ്, വിൻസെന്റ്, സങ്കേഷ്, പ്രിയ, അഞ്ജു ഡോമനിക്, ആനി ജോസഫ്, ബിൻസി രാജു, റോഷ്ന ഇർഷാദ്, ലെവിൻ, ആൻമി, ഷൈബി വർഗീസ്, മീന, കവിത മഹാരാഷ്ട്രക്കാരിയായ യോഗിത, ശ്രീലങ്കൻ വംശജരായ നിഷാദി, നിരഞ്ജല പെരേര എന്നിവർ ഇവൻറിന് ജീവനേകാൻ കൈയും മെയ്യും മറന്ന് അത്യദ്ധ്വാനം ചെയ്തു. ഉമാ രാജേഷ്, ജെന്നി ജോൺ, അലിൻ തോമസ്, അനിറ്റ ചൗധരി, അശുതോഷ് കോട്ട്വാൽ, യോഗാ സാഗർ, ശ്രീനിധി കൃഷ്ണൻ, രൂപശ്രീ എൻ.എസ്, അൻസിറ്റാ ഡിസൂസ, ദീപ, മോളി, പ്രിയാ, സെൽന, യോഗിത, ശ്രേയ രാജേഷ്, സാന്‍ ജോർജ്, ഗായത്രി, ഗീഥി, റീബ, സന്ധ്യ, പ്രിയാ തോമസ് എന്നിവർ സ്റ്റേജിൽ വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. ഡോ. ഡൊമനിക് രാജ് കുമാർ  നടത്തിയ ഇന്ത്യയെക്കുറിച്ചുള്ള സ്ളൈഡ് ഷോ വിജ്ഞാന പൂർണമായിരുന്നു. ബ്രെസ്റ്റ് ക്യാൻസർ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു അമ്മയുടെ ജീവിതത്തിന്റെ നേർക്കാഴ്ച സ്റ്റേജിൽ തൻമയത്വത്തോടെ ഒരു ഷോർട്ട് പ്ളേയായി അവതരിപ്പിച്ചത് സദസിന്റെ മുക്തകണ്ഠമായ പ്രശംസ നേടിയെടുത്തു.

പിങ്ക് മേളയിൽ നിന്ന് സ്വരൂപിച്ച ഫണ്ടിൽ നിന്ന് 500 പൗണ്ടിന്റെ ചെക്ക് ഇവൻറിൽ വച്ച് ഹൾ ആൻഡ് ഈസ്റ്റ് യോർക്ക്ഷയർ ഹോസ്പിറ്റലിലെ ബ്രെസ്റ്റ് ക്യാൻസർ യൂണിറ്റിന് കൈമാറി. ബാക്കി തുക കേരളത്തിലെ കുടുംബശ്രീ യൂണിറ്റുകൾ വഴി ബ്രെസ്റ്റ് ക്യാൻസർ അവയർനസ് പ്രോഗ്രാം നടത്താനായി ഉപയോഗിക്കാനാണ് ഉദ്ദേശം. അയ്യമ്പുഴ, കറുകുറ്റി, കല്ലൂർക്കാട് എന്നീ പഞ്ചായത്തുകളിൽ കുടുംബശ്രീയുമായി സഹകരിച്ച് പദ്ധതികൾക്ക് രൂപരേഖ തയ്യാറാക്കി വരികയാണ്. മെയ് മാസത്തിൽ വിവിധ സ്ഥലങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടക്കും.