വെസ്റ്റ് യോർക്ക് ഷെയറിലെ കിത്തിലി ആസ്ഥാനമായി സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് പുതിയ മിഷൻ നിലവിൽ വരുന്നു. സെൻറ് അൽഫോൻസാ മിഷൻ എന്ന നാമധേയത്തിൽ അറിയപ്പെടുന്ന പുതിയ മിഷന്റെ ഉദ്ഘാടനം സെപ്റ്റംബർ 25-ാം തീയതി സീറോ മലബാർ സഭയുടെ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ പിതാവ് നടത്തും. സെപ്റ്റംബർ 25-ാം തീയതി ബുധനാഴ്ച 5 മണിക്ക് നടക്കുന്ന തിരുകർമ്മങ്ങൾക്കും ഉത്ഘാടന ചടങ്ങുകൾക്കും മാർ റാഫേൽ തട്ടിൽ പിതാവിനൊപ്പം ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും നേതൃത്വം നൽകും. കിത്തിലിയിലെ സെൻറ് ജോസഫ് ദേവാലയത്തിൽ വച്ചായിരിക്കും ചടങ്ങുകൾ നടക്കുക.
കിത്തിലി കേന്ദ്രീകൃതമായി സീറോ മലബാർ സഭയ്ക്ക് ഒരു മിഷൻ എന്ന കിത്തിലി നിവാസികളുടെ ചിരകാല സ്വപ്നത്തിനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് സെന്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രഡ് ദേവാലയത്തിന്റെ വികാരിയും പുതിയതായി രൂപീകൃതമാകുന്ന മിഷന്റെ നിയുക്ത ഡയറക്ടറുമായ ഫാ. ജോസ് അന്ത്യാംകുളം (MCBS ) ന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്. കിത്തിലിയിലെ സീറോ മലബാർ സമൂഹം നിലവിൽ സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ഇടവകയിലെ അംഗങ്ങളാണ്. ലീഡ്സ് സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ഇടവക വിഭജിച്ച് പുതിയതായി ഒരു മിഷൻ കൂടി നിലവിൽ വരുന്നതോടുകൂടി വെസ്റ്റ് യോർക്ക് ഷെയറിലെ സീറോ മലബാർ സഭയുടെ വളർച്ചയ്ക്ക് ഒരു പുതിയ നാഴിക കല്ലാകും.
വെസ്റ്റ് യോർക്ക് ഷെയറിലെ സീറോ മലബാർ സഭയുടെ വളർച്ചയ്ക്ക് കിത്തിലിയിലെ വിശ്വാസികൾ നൽകിയ പിന്തുണ ചരിത്രത്തിന്റെ ഭാഗമാണ്. വെസ്റ്റ് യോർക്ക് ഷെയറിലെ സീറോ മലബാർ വിശ്വാസികളുടെ അജപാലന ദൗത്യവുമായി ഫാ. ജോസഫ് പൊന്നോത്ത് ഒന്നര പതിറ്റാണ്ടുകൾക്ക് മുമ്പ് എത്തുമ്പോൾ കിത്തിലി ആയിരുന്നു അദ്ദേഹത്തിൻറെ ആസ്ഥാനം. കിത്തിലി നിവാസികൾ നൽകിയ പിന്തുണ ഫാ. ജോസഫ് പൊന്നോത്തിനെ ഭൂവിസ്തൃതിയിൽ വിശാലമായി കിടക്കുന്ന വെസ്റ്റ് യോർക്ക് ഷെയറിലെമ്പാടും ഓടിനടന്ന് സഭാ പ്രവർത്തനങ്ങൾക്ക് തുടക്കമിടാനും ഏകോപിപ്പിക്കാനും സഹായകരമായി. ലീഡ്സ് ആസ്ഥാനമായി വെസ്റ്റ് യോർക്ക് ഷെയറിലെ വിശ്വാസികൾ ഫാ. ജോസഫ് പൊന്നോത്തിൻ്റെ നേതൃത്വത്തിൽ ഒത്തുകൂടിയപ്പോഴും, ഫാ. മാത്യു മുളയോലിയുടെ നേതൃത്വത്തിൽ ഇടവക ദേവാലയം ആയപ്പോഴും കിത്തിലിയിലെ വിശ്വാസികൾ സഭയുടെ വളർച്ചയ്ക്ക് നിർണ്ണായകമായ സംഭാവനകളാണ് നൽകിയത്.
പുതിയ മിഷന്റെ ഉദ്ഘാടനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ബുധനാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി നിയുക്ത മിഷൻ ഡയറക്ടർ ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു.
Leave a Reply