ബാഴ്‌സലോണ- ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയത് ഒടുവിൽ ഫുട്‌ബോൾ ലോകത്ത് സംഭവിച്ചു. അർജന്റീനയുടെ സൂപ്പർ താരം ലിയണൽ മെസി ബാഴ്‌സലോണ വിട്ടു. സ്പാനിഷ് ക്ലബ്ബ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കരാർ പുതുക്കുന്ന കാര്യത്തിൽ വ്യാഴാഴ്ച നടന്ന ചർച്ചയിലും തീരുമാനമാകാത്തതിനെ തുടർന്നാണ് പ്രഖ്യാപനം. രണ്ടു പതിറ്റാണ്ടിലെ ബന്ധം അവസാനിപ്പിച്ചാണ് മെസി ബാഴ്‌സ വിടുന്നത്.

കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് എഫ്.സി ബാഴ്‌സിലോണയും ലയണൽ മെസിയും തമ്മിൽ നേരത്തെ ധാരണയിൽ എത്തിയിരുന്നെങ്കിലും സാമ്പത്തികവും ലാലിഗ വ്യവസ്ഥകളുമായും ബന്ധപ്പെട്ട കാരണങ്ങളാൽ അത് നടക്കാത്ത സഹചര്യമാണുള്ളത്. അതിനാൽ മെസി ഇനി ബാഴ്‌സയിൽ തുടരില്ല. ഇക്കാര്യത്തിൽ ഇരുകൂട്ടരുടെയും ആഗ്രഹം നടക്കാത്തതിൽ അതിയായ സങ്കടമുണ്ട്. ക്ലബ്ബിനായി ചെയ്ത എല്ലാ കാര്യങ്ങൾക്കും എഫ്.ബി ബാഴ്‌സലോണ മെസിയോട് കടപ്പെട്ടിരിക്കുന്നു. വ്യക്തി ജീവിതത്തിലും ഫുട്‌ബോൾ കരിയറിലും മെസിക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ബാഴ്‌സ പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്.

ബാഴ്‌സലോണ വിടേണ്ട സാഹചര്യമുണ്ടാകുമെന്ന് മെസി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇതിന്റെ ഭാഗമായി ക്ലബിന്റെ നായകനായിരുന്ന താരം കടുത്ത നിരാശയിലാണെന്നും റിപ്പോർട്ടുകൾ. അടുത്ത ദിവസങ്ങളിൽ മെസി ബാഴ്‌സയുമായി കരാർ പുതുക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്ന സമയത്താണ് ഏവരെയും ഞെട്ടിച്ച് മെസിക്കു പുതിയ കരാർ നൽകാൻ കഴിയില്ലെന്ന് ബാഴ്‌സ വ്യക്തമാക്കിയത്.

ഇരുപത്തിയൊന്നു വർഷമായി തന്റെ ജീവിതത്തിന്റെ ഭാഗമായി നിൽക്കുന്ന ക്ലബ് വിടേണ്ട അവസ്ഥയുണ്ടാകുമെന്ന് മെസി ഒരിക്കലും കരുതിയിരുന്നില്ലെന്ന് സ്‌പാനിഷ്‌ മാധ്യമം സ്‌പോർട് വെളിപ്പെടുത്തുന്നത്. ഇബിസയിൽ ഒഴിവുകാലം ചിലവഴിച്ചതിനു ശേഷം ബാഴ്‌സലോണയിലേക്ക് കരാർ പുതുക്കാൻ വേണ്ടിയെത്തിയ മെസിക്ക് നിലവിലെ സാഹചര്യത്തിൽ അതീവ ദുഃഖമുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബാഴ്‌സലോണ വിടാൻ താൽപര്യമില്ലെന്ന് മെസി നിരവധി തവണ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ബാഴ്‌സയിൽ തുടരാൻ ക്ലബിന്റെ സാമ്പത്തിക സാഹചര്യങ്ങളെ പരിഗണിച്ച് അമ്പതു ശതമാനം പ്രതിഫലം വെട്ടിക്കുറക്കാനും താരം സമ്മതിച്ചിരുന്നു. എന്നാൽ ക്ലബിനും താരത്തിനും ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

അതേസമയം മെസി ഇനി ചേക്കേറാൻ സാധ്യതയുള്ള ക്ലബ് ഏതാണെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. നിലവിൽ പിഎസ്‌ജിക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നതെങ്കിലും ഫ്രീ ഏജന്റായ താരത്തിനു വേണ്ടി മാഞ്ചസ്റ്റർ സിറ്റിയും രംഗത്തു വരാൻ സാധ്യതയുണ്ട്.