ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ലണ്ടനിൽ സോമാലിയൻ സ്വദേശികൾ താമസിക്കുന്ന വീടിനു സമീപം പന്നിയുടെ തല ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിദ്വേഷ പ്രചാരണത്തിന് ചിലർ ചെയ്യുന്നതാകാം ഇതെന്നാണ് പ്രശ്നത്തിൽ പോലീസ് നൽകുന്ന വിശദീകരണം. ബ്രിസ്റ്റോളിൽ ഞായറാഴ്ച രാവിലെ 11 മണിയ്ക്കാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
റോഡരികിൽ എല്ലാവർക്കും കാണാവുന്ന തരത്തിലാണ് പന്നിയുടെ തല ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. യാത്രക്കാരുടെയും സമീപവാസികളുടെയും ശ്രദ്ധ ഇതിൽ പതിഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. കഴിഞ്ഞ മാസം ഒരു കുടുംബത്തെ നിർബന്ധിച്ചു ടവർ ബ്ലോക്കിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന്റെ ബാക്കിയാണ് നിലവിലെ സംഭവം എന്നാണ് പ്രദേശവാസികൾ നൽകുന്ന വിശദീകരണം.
ടവർ ബ്ലോക്കിൽ താമസിക്കുന്ന രണ്ട് സോമാലിയൻ കുടുംബങ്ങളെ ലക്ഷ്യം വെച്ചാണ് ഈ സംഭവം നടന്നിരിക്കുന്നത്. പന്നിയിറച്ചി മുസ്ലിം സമൂഹം കഴിക്കാറില്ല. മനഃപൂർവം ഒരു പ്രകോപനം സൃഷ്ടിക്കാനുള്ള സാമൂഹിക വിരുദ്ധരുടെ ശ്രമമാണിതെന്നാണ് ഒരു വിഭാഗം അവകാശപ്പെടുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്വേഷ പ്രചരണം നടത്താൻ ആണ് ഇതിലൂടെ ശ്രമം നടത്തിയിരിക്കുന്നതെന്ന് ചീഫ് ഇൻസ്‌പെക്ടർ ദീപക് കെന്ത് പറഞ്ഞു.
Leave a Reply