ഭക്ഷണത്തിലെ അമിതമായ ഉപ്പിന്റെ ഉപയോഗം അകാല മരണങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പഠനം. ഉപ്പിന്റെ അമിതമായ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ബ്രിട്ടനില്‍ പ്രതിവര്‍ഷം 4000ത്തോളം ജീവനുകളെടുക്കുന്നുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇതിനെ ദേശീയ ആരോഗ്യ ദുരന്തം എന്നാണ് ക്യാംപെയിനര്‍മാര്‍ വിശേഷിപ്പിക്കുന്നത്. 2014ല്‍ ഗവണ്‍മെന്റ് അവതരിപ്പിച്ച വോളന്ററി സോള്‍ട്ട് ടാര്‍ജറ്റ് പാലിക്കാന്‍ ഭക്ഷ്യ കമ്പനികള്‍ തയ്യാറാകുകയാണെങ്കില്‍ ഉപ്പ് അമിതമായി ശരീരത്തില്‍ എത്തുന്നതു മൂലമുണ്ടാകുന്ന ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവയെ ഫലപ്രദമായി തടയാന്‍ കഴിയുമെന്നും ക്യാംപെയിനര്‍മാര്‍ വ്യക്തമാക്കുന്നു. ആക്ഷന്‍ ഓണ്‍ സോള്‍ട്ട് എന്ന ക്യാംപെയിന്‍ ഗ്രൂപ്പിന്റെ തലവന്‍ ഗ്രഹാം മക്ഗ്രിഗോര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉപ്പിന്റെ അളവ് കുറയ്ക്കാനുള്ള നയങ്ങള്‍ രൂപീകരിക്കുന്നതില്‍ ബ്രിട്ടന്‍ ഒരുകാലത്ത് ലോകത്ത് ഒന്നാം നിരയിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുകെയിലാണ് ഈ രീതി തുടങ്ങിവെച്ചത്. മറ്റു രാജ്യങ്ങള്‍ അത് പിന്തുടരുകയായിരുന്നു. ഇപ്പോള്‍ ഈ സമ്പ്രദായത്തിനെ പുനരുജ്ജീവിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടു വര്‍ഷം സമയം ലഭിച്ചെങ്കിലും പിഎച്ച്ഇ ഒന്നും ചെയ്തില്ല. അതിന്റെ ഫലമായി ആയിരങ്ങളാണ് മരിച്ചത്. ഈയൊരു സ്ഥിതിവിശേഷം പിഎച്ച്ഇ മുന്‍കൂട്ടി കാണണമായിരുന്നു. ഇപ്രകാരം സംഭവിക്കുമെന്ന് തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇപ്പോള്‍ അത് സംഭവിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുകെയില്‍ ദിവസവും ഉപയോഗിക്കപ്പെടുന്ന ഉപ്പിന്റെ ശരാശരി അളവില്‍ ഓരോ ഗ്രാം കുറയുമ്പോളും എന്‍എച്ച്എസിന് ലാഭിക്കാന്‍ കഴിയുന്നത് 1.5 ബില്യന്‍ പൗണ്ടാണെന്നത് മറക്കരുത്. ഇത് കണക്കിലെടുത്തുകൊണ്ട് ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി അല്‍പം ധനം വിനിയോഗിക്കാന്‍ പിഎച്ച്ഇ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 52 ശതമാനം ഉല്‍പ്പന്നങ്ങളില്‍ മാത്രമാണ് ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ പിഎച്ച്ഇക്ക് സാധിച്ചിട്ടുള്ളത്.