ദേശീയപതാക താഴ്ത്തുന്നതിനിടെ ഇരുമ്പ് കൊടിമരം വൈദ്യുതി കമ്പിയിലേക്ക് മറിഞ്ഞുവീണ് ഷോക്കേറ്റ് വൈദികന്‍ മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരി തലശ്ശേരി അതിരൂപതാംഗം ഇരിട്ടി എടൂര്‍ കുടിലില്‍ വീട്ടില്‍ ഫാ. മാത്യു കുടിലില്‍(ഷിന്‍സ് അഗസ്റ്റിന്‍-29) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് ആറു മണിക്കാണ് അപകടമുണ്ടായത്. ഉടന്‍ മുള്ളേരിയയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സഹ വികാരി മുള്ളേരിയ ബെല്ലി സ്വദേശി സെബിന്‍ ജോസഫിനെ (28) പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേശീയ പതാക താഴ്ത്തവേ പതാക, കെട്ടിയ കയറില്‍ കുരുങ്ങി. പതാക അഴിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇരുമ്പ് കൊടിമരം പൊക്കി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാരം മൂലം മറിയുകയും സമീപത്തുണ്ടായിരുന്ന എച്ച്.ടി. വൈദ്യുതി കമ്പിയില്‍ തട്ടുകയുമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒന്നരവര്‍ഷം മുമ്പാണ് ഫാദര്‍ ഷിന്‍സ് മുള്ളേരിയ ചര്‍ച്ചിലെ വികാരിയായി ചുമതല ഏറ്റത്. 2020 ഡിസംബറിലാണ് വൈദിക പട്ടം ലഭിച്ചത്. തുടര്‍ന്ന് ചെമ്പന്‍തൊട്ടി, നെല്ലിക്കമ്പോയില്‍ എന്നിവിടങ്ങളില്‍ സഹവികാരിയായി ജോലി ചെയ്തിരുന്നു. മുള്ളേരിയയില്‍ ചുമതലയേറ്റ ശേഷം പുത്തൂര്‍ സെന്റ് ഫിലോമിന കോളേജില്‍ എം.എസ്.ഡബ്ലിയുവിന് ചേര്‍ന്നിരുന്നു. കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമാണ്.

ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരം അറിഞ്ഞ് മോണ്‍സിഞ്ഞോര്‍ മാത്യു ഇളംതുരുത്തി പടവില്‍, വിവിധ ഇടവകളിലെ വികാരിമാര്‍, വിവിധ മഠങ്ങളില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ എന്നിവരും സ്ഥലത്തെത്തി. അച്ഛന്‍: പരേതനായ അഗസ്റ്റിന്‍. അമ്മ: ലിസി. സഹോദരങ്ങള്‍: ലിന്റോ അഗസ്റ്റിന്‍, ബിന്റോ അഗസ്റ്റിന്‍.