ലണ്ടന്‍: വിഷാദരോഗം കൗമാരക്കാരില്‍ വ്യാപകമായുണ്ടെന്ന് പഠനം. പതിനാല് വയസുള്ള പെണ്‍കുട്ടികളില്‍ നാലിലൊന്ന് പേരും ഈ രോഗത്തിന് അടിമകളാണെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനും യൂണിവേഴ്‌സിറ്റി ഓഫ് ലിവര്‍പൂളും നടത്തിയ പഠനത്തില്‍ വ്യക്തമായി. 24 ശതമാനം പെണ്‍കുട്ടികളില്‍ ഈ മാനസിക കണ്ടെത്തിയപ്പോള്‍ 9 ശതമാനം ആണ്‍കുട്ടികളും ഇതിന് ഇരകളാണെന്ന് വ്യക്തമായിട്ടുണ്ട്. കുട്ടികള്‍ ഈ രോഗാവസ്ഥ തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നതും മാതാപിതാക്കള്‍ ചികിത്സക്കായി എത്തിക്കുന്നതും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നത് മാതാപിതാക്കള്‍ക്ക് തങ്ങളുടെ പെണ്‍കുട്ടികളുടെ രോഗത്തെക്കുറിച്ച് മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നാണ്.
2000-01 കാലയളവില്‍ ജനിച്ച 10,000 കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തു വന്നത്. വിവിധ പ്രായങ്ങളില്‍ കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് മാതാപിതാക്കളോട് ചോദിച്ചറിയുകയായിരുന്നു. 14 വയസെത്തിയപ്പോള്‍ കുട്ടികളോട് തന്നെ ഇക്കാര്യം ചോദിച്ച് വിവരങ്ങള്‍ ശേഖരിച്ചു. നാഷണല്‍ ചില്‍ഡ്രന്‍സ് ബ്യൂറോയില്‍ ഇതിന്റെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൗമാരപ്രായമെത്തുന്നതു വരെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വിധത്തിലുള്ള വൈകാരിക പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. എന്നാല്‍ പിന്നീട് ഇതിന് മാറ്റമുണ്ടാകുന്നുണ്ടെന്ന് പഠനം കണ്ടെത്തി.
വിചിത്രമായ കാര്യം മാനസിക പ്രശ്‌നങ്ങളേക്കുറിച്ച് മാതാപിതാക്കള്‍ പറയുന്നതില്‍ നിന്ന് തികച്ചും വിഭിന്നമായാണ് കുട്ടികള്‍ പ്രതികരിച്ചത് എന്നതാണ്. ആണ്‍കുട്ടികളിലാണ് വിഷാദം ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നതെന്നാണ് മാതാപിതാക്കള്‍ അഭിപ്രായപ്പെടുന്നത്. ഇത് പെണ്‍കുട്ടികളുടെ മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങളില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നില്ല എന്ന വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും വ്യക്തമാക്കുന്നു.
Leave a Reply