ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെയ്ക്ക്ഫീൽഡിലെ പിൻഡർ ഫീൽഡ് ആശുപത്രി ഒരു അപൂർവ്വ വിവാഹത്തിനാണ് സാക്ഷ്യം വഹിച്ചത്. ലോകത്തിലെ തന്നെ അപൂർവ്വതകൾ നിറഞ്ഞ ഒരു വിവാഹം. ഒരുപക്ഷേ ഈ കമിതാക്കളുടെ പ്രണയബന്ധത്തിന്റെ സൗന്ദര്യം വരുംകാലങ്ങളിൽ ചരിത്രത്തിൽ ഇടം പിടിച്ചേക്കാം.
ഫോണ്ടാനയും ജോവാൻ സ്ട്രിംഗ്ഫെല്ലോയുമാണ് ഈ അപൂർവ പ്രണയ കഥയിലെ നായികാ നായകന്മാർ . ശ്വാസകോശത്തെ ബാധിക്കുന്ന ഒരു അപൂർവ്വ ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയിലായിരുന്നു ഫോണ്ടാന ആശുപത്രിയിൽ കഴിഞ്ഞത്. ഓക്സിജൻ മെഷീൻ സഹായത്തോടെ ജീവിക്കുന്ന ഫോണ്ടാനയുടെ അവസ്ഥ ഗുരുതരമായപ്പോൾ ഇതിൽ കൂടുതൽ ഒന്നും വൈദ്യശാസ്ത്രത്തിൽ ചെയ്യാനില്ലെന്ന് ഡോക്ടർമാർ പറയുകയും ചെയ്തു. തങ്ങൾക്ക് ഈ വിവരം ഒരു ഞെട്ടലായിരുന്നു എന്നും വിവാഹം കഴിക്കുന്നതിനെ കുറിച്ച് തങ്ങൾ പെട്ടെന്ന് ചിന്തിച്ചതായും 54 വയസ്സുള്ള ജോവാൻ സ്ട്രിംഗ്ഫെല്ലോ പറഞ്ഞു. പിന്നെ നടന്നത് എല്ലാം സ്വപ്നതുല്യമായിരുന്നു. ആശുപത്രി ജീവനക്കാർ എല്ലാ സഹായവും ചെയ്തു.
ഏപ്രിൽ 29 -നായിരുന്നു ദമ്പതികളുടെ വിവാഹം. ഫോണ്ടാനയ്ക്ക് ശ്വാസോച്ഛ്വാസത്തിൽ സഹായിക്കാൻ ഒരു CPAP ഹുഡ് ഉപയോഗിച്ചിരുന്നു. എന്നാൽ വിവാഹത്തിൻെറ സമയത്ത് ദമ്പതികൾക്ക് ചുംബിക്കാനായി താത്കാലികമായി ഇത് ഒഴിവാക്കി കൊടുത്തു . ദമ്പതികളുടെ ആറ് സുഹൃത്തുക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവാഹച്ചടങ്ങിൽ രജിസ്ട്രി ഓഫീസ് നൽകിയ ഒരു കവിത സുഹൃത്തുക്കൾ ചൊല്ലി. ഇത് കൂടാതെ ആശുപത്രി കാന്റീൻ ഒരു കേക്കും നൽകി.
ദമ്പതികളുടെ അറിവില്ലാതെ മിസ്റ്റർ ഫോണ്ടാനയുടെ വാർഡ് മുറി ആശുപത്രി ജീവനക്കാർ അലങ്കരിച്ചിരുന്നു. ഏറ്റവും അത്ഭുതകരമായ കാര്യം വിവാഹത്തിനുശേഷം ഫോണ്ടാനയുടെ ആരോഗ്യസ്ഥിതി കാര്യമായി മെച്ചപ്പെട്ടു എന്നതാണ് . മരുന്നുകൾ പ്രയോജനം ചെയ്തിരുന്നു എന്നിരുന്നാലും തങ്ങളുടെ സ്നേഹമാണ് ഭർത്താവിൻറെ ജീവൻ രക്ഷിച്ചതെന്ന് ജോവാൻ സ്ട്രിംഗ്ഫെല്ലോ പറഞ്ഞു.
Leave a Reply