വെസ്റ്റ് യോർക് ഷെയറിലെ വെയക്ഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെയ്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രഥമ ഫുട്ബോൾ മത്സരത്തിന് വിജയകരമായ സമാപനം. ജൂൺ 24-ാം തീയതി ശനിയാഴ്ച ലീഡ്‌സിലെ മികച്ച ഫുട്ബോൾ ഗ്രൗണ്ടുകളിൽ ഒന്നായ വെസ്റ്റ് റൈഡിങ് ഫുട്ബോൾ ക്ലബ്ബിൻറെ മൈതാനത്താണ് ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 16 ടീമുകൾ മത്സരങ്ങളിൽ പങ്കെടുത്തു.


പ്രൊഫഷണൽ സമീപനങ്ങൾ കൊണ്ടും, സമയനിഷ്ടത കൊണ്ടും ശ്രദ്ധേയമായ മത്സരത്തിൽ വിവിധ ടീമുകൾ കാൽപന്തുകളിയിൽ വിസ്മയങ്ങൾ തീർത്തു. മുൻ നിശ്ചയപ്രകാരം കൃത്യം പത്തരയോടെ ആരംഭിച്ച മത്സരങ്ങൾ വെയ്ക് ഫീൽഡ് കൗൺസിൽ അംഗമായ സാമൻന്താ ഹാർവെ ഉദ്ഘാടനം ചെയ്തു. കലാശ പോരാട്ടത്തിനായി ഫൈനലിൽ എത്തിയത് ലണ്ടനിൽ നിന്നുള്ള നോർത്തേൺ എഫ്സിയും, ഈസ്റ്റ് ഹാമ് എഫ്സിയുമാണ്. പെനാൽറ്റി ഷൂട്ടൗട്ടിലേയ്ക്ക് നീണ്ട മത്സരത്തിൽ വിജയികളുടെ കപ്പ് ഉയർത്തിയത് നോർത്തേൺ എഫ് സി ആണ് .

സെമിഫൈനൽ വരെ എത്തിയ മറ്റ് ടീമുകൾ ബറീഷ് ബേർസ്റ്റും റോസ് പെറ്റൽസും ആണ് . ഫൈനലിൽ വിജയികളായ നോർത്തേൺ എഫ്സിയ്ക്കുള്ള ട്രോഫി വെയ്ക് ഫീൽഡ് വാരിയേഴ്സ് പ്രസിഡന്റ് ജിമ്മി ദേവസി കുട്ടി അണിയിച്ചു. ലെഫ് ലൈൻ പ്രോഡക്റ്റിന്റെ ബിസിനസ് ഡെവലപ്മെൻറ് മാനേജർ ദീപു മാത്യു ക്യാഷ് അവാർഡായ 750 പൗണ്ട് കൈമാറിയപ്പോൾ വെയ്ക്ക്ഫീൽഡ് വാരിയേഴ്സ് ഭാരവാഹി സെനോ മാത്യു മെഡൽ അണിയിച്ച് വിജയികളെ ആദരിച്ചു. രണ്ടാം സ്ഥാനത്ത് എത്തിയ ഈസ്റ്റ് ഹാമ് എഫ് സിക്കുള്ള ട്രോഫി വെയ്ക് ഫീൽഡ് വാരിയേഴ്സ് സെക്രട്ടറി അജിത് സുകുമാരൻ സമ്മാനിച്ചപ്പോൾ , ക്യാഷ് അവാർഡ് ട്രഷറർ രാഘവേന്ദ്രൻ നായർ നൽകി. ജെറിൻ ജെയിംസ് വിജയികളെ മെഡൽ അണിയിച്ച് അനുമോദിച്ചു. മികച്ച ഗോളിയായി തിരഞ്ഞെടുക്കപ്പെട്ട നോർത്തേൺ എഫ് സി യുടെ ആഷിക് ആൻറണിക്ക് പി.ആർ.ഒ സജേഷ് കെ .എസ് മെഡൽ സമ്മാനിച്ചു. ഏറ്റവും അധികം ഗോളുകൾ നേടിയ റോസ് പേറ്റേഴ്സിന്റെ ജെഫിൻ ജെസീന്തയ്ക്ക് എ എസ് എം പ്ലമ്പേഴ്സിന്റെ ഉടമ അലക്സ് സെബാസ്റ്റ്യനും മികച്ച കളിക്കാരനുള്ള മെഡൽ സാൻറ്റോ മാത്യുവും സമ്മാനിച്ചു. റഫറികൾക്കുള്ള ഉപഹാരം മിനിമോൾ ജോജിയും ലക്ഷ്മി സജേഷും കൈമാറി.

വെസ്റ്റ് യോർക്ക് ഷെയറിലെ കായികപ്രേമികൾക്ക് ആവേശമായി മലയാളികളുടെ ഇടയിൽ സ്പോട്സിനെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി വെയ്ക്ക് ഫീൽഡ് കേന്ദ്രമായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ് പ്രവത്തിക്കുന്നത് . ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രസക്തി വലുതാണ്. ഫുട്ബോൾ , ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങി അംഗങ്ങളുടെ ശാരീരിക, മാനസിക ഉല്ലാസത്തിന് ഉപകരിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ കായികവും, കായികേതരവുമായി വിനോദങ്ങൾക്ക് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് അംഗങ്ങൾക്ക് പിന്തുണ നൽകും.