ആർത്തവ അയിത്തത്തിന്റെ പേരിൽ വീടിന് പുറത്ത് താമസിപ്പിച്ച സ്ത്രീയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു. നേപ്പാളിലെ ബജുരായിലാണ് ദാരുണ സംഭവം. അംബ ബൊഹ്റ എന്ന മുപ്പത്തിയഞ്ചുകാരിയേയും മക്കളേയുമാണ് ആർത്തവമായതിന്റെ പേരിൽ ഭർതൃവീട്ടുകാർ വീടിനോട് ചേർന്നുള്ള ചെറുകുടിലിലേക്ക് മാറ്റി താമസിപ്പിച്ചത്.

ഒരു മുറി മാത്രമുള്ള കുടിലിൽ ഏറെ കഷ്ടപ്പെട്ടാണ് കഴിഞ്ഞത്. കൊടുംതണുപ്പായിരുന്നു പുറത്ത്. തണുപ്പ് ചെറുക്കാൻ ഇവർ കുടിലിനകത്ത് നെരിപ്പോടിൽ വിറകിട്ട് തീ കത്തിച്ചിരുന്നു. പുക പുറത്തേക്ക് പോകാൻ കുടിലിന് ജനാലകളോ മറ്റ് വിടവുകളോ ഇല്ലായിരുന്നു. ഇതേ തുടർന്ന് ഇവർ ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.

മൂവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയിട്ടുണ്ടെന്നും അതിന്റെ റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാനാവൂ എന്നും പൊലീസ് അറിയിച്ചു. ഇവര്‍ പുതച്ചിരുന്ന കമ്പിളി പകുതി കത്തിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ കാലിലും പൊള്ളലേറ്റ പാടുണ്ട്. ഇതിന് മുമ്പും നേപ്പാളിൽ ആർത്തവ അയിത്തത്തിന്റെ പേരിലുള്ള അനാചാരങ്ങളും ഇതേ തുടർന്നുള്ള അപകടങ്ങളും ഉണ്ടായിട്ടുണ്ട്.