പ്രണവ് രാജ്

ലണ്ടന്‍ : ” എന്തുകൊണ്ടാണ് യുകെയിലെ മലയാളികള്‍ക്കായി ഒരു ആം ആദ്മി പാര്‍ട്ടി ഘടകം രൂപീകരിക്കാത്തത് ?. കേരളത്തിലും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നിരുന്നുവെങ്കില്‍ എത്ര നന്നായേനെ ?. കൊല്ലും കൊലയും നടത്തുന്ന , അഴിമതിയില്‍ കുളിച്ച കേരളത്തിലെ ഈ കപട രാഷ്ട്രീയക്കാരെയും ഒരു പാഠം പഠിപ്പിക്കണം . അതിനുവേണ്ടി യുകെയില്‍ ഒരു ആം ആദ്മി പാര്‍ട്ടി ഘടകം രൂപീകരിച്ചുകൊണ്ട് കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കണം . അത് വളരെ അത്യാവശ്യമാണ് ” . ഇങ്ങനെ ചിന്തിക്കുകയും , പരസ്പരം  കണ്ടുമുട്ടുമ്പോള്‍ ഈ ആശങ്ക പങ്ക് വയ്ക്കുകയും ചെയ്യുന്ന യുകെ മലയാളികള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത . യുകെയിലുള്ള മലയാളികള്‍ക്കായി ആം ആദ്മി പാര്‍ട്ടി നിലവില്‍ വരുന്നു . അഴിമതിക്കും , വര്‍ഗ്ഗീയതയ്ക്കും , കൊലപാതക രാഷ്ട്രീയത്തിനും ഏക പരിഹാരമായ ഈ സംശുദ്ധ രാഷ്ട്രീയത്തെ സ്വീകരിക്കാന്‍ യുകെ മലയാളികളും തയ്യാറെടുക്കുന്നു.

ഇന്ത്യന്‍ ജനതയുടെ ഏക പ്രതീക്ഷയായ സാധാരണക്കാരുടെ പാര്‍ട്ടിയെ യുകെയിലുള്ള മലയാളികളും നെഞ്ചിലേറ്റുന്നു . കേരളത്തിലെ മക്കള്‍ രാഷ്ട്രീയത്തിനും , കൊലപാതക രാഷ്ട്രീയത്തിനും ,  പരസ്പര ധാരണയോടെയുള്ള കൂട്ട്കൃഷി രാഷ്ട്രീയത്തിനും ഒക്കെ എതിരായി ഒരു നല്ല രാഷ്ട്രീയ മുന്നണി ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവരാണ് മഹാഭൂരിപക്ഷം വരുന്ന മലയാളികളും . ആം എന്നാൽ സാധാരണ എന്നും , ആദ്മി എന്നാല്‍ മനുഷ്യൻ എന്നുമാണ് ഹിന്ദിയില്‍ അര്‍ത്ഥം. അതായത് ആം ആദ്മി പാർട്ടി എന്നാൽ സാധാരണക്കാരായ മനുഷ്യരുടെ പാർട്ടി എന്നാണർത്ഥം. അതുകൊണ്ട് തന്നെ രാജ്യത്തെ എണ്‍പത് ശതമാനം വരുന്ന സാധാരണക്കാരന്റെ ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകണമെങ്കില്‍ കേന്ദ്രത്തില്‍ കെജരിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി ഭരണത്തില്‍ എത്തിയാല്‍ മാത്രമേ സാധ്യമാവൂ എന്ന് വിശ്വസിക്കുന്നവരാണ് ലോകം മുഴുവനിലുമുള്ള പ്രവാസി മലയാളികളില്‍ മഹാഭൂരിപക്ഷവും .

അതുകൊണ്ട് തന്നെ ബ്രിട്ടണിലെ ആം ആദ്മി പാര്‍ട്ടി അനുഭാവികള്‍ക്ക് ഇത് ഒരു വലിയ സന്തോഷവാര്‍ത്ത കൂടിയാണിത് . ഇന്ത്യയില്‍ നിലവിലുള്ള എല്ലാ പാര്‍ട്ടികളും ഒരേപോലെ ഭയപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകം രൂപീകരിക്കാന്‍ യുകെയിലെ എഴുപതോളം മലയാളികളും അവരുടെ കുടുംബങ്ങളുമാണ് മുന്നോട്ട് വന്നിരിക്കുന്നത് . മെയ് ഒന്നാം തീയതി ലണ്ടനില്‍ വച്ചായിരിക്കും യുകെ മലയാളികള്‍ക്കായുള്ള ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണം നടക്കുന്നത്. കന്നി പ്രസംഗത്തിലൂടെ തന്നെ രാജ്യസഭയെ ഞെട്ടിച്ച ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എം പി  സഞ്ജയ് സിംഗിനെ ഉദ്ഘാടനത്തിനായി യുകെയില്‍ എത്തിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

അങ്ങേയറ്റം ആവേശകരമായ സ്വീകരണമാണ് ഈ ആശയത്തോട് യുകെ മലയാളികളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത് . പതിവില്‍ നിന്ന് വിപരീതമായി യുകെയിലുള്ള അനേകം മലയാളി വനിതകളാണ് ഈ ആശയത്തിന് പിന്തുണയുമായി മുന്നോട്ട് വന്നിരിക്കുന്നത്. കഷ്ടപ്പെട്ട് പഠിച്ച് , ലക്ഷങ്ങള്‍ കടം കയറ്റി യുകെയിലെത്തിയ സാധാരണക്കാരായ അനേകം നഴ്സുമാരാണ് ഇങ്ങനെ ഒരു രാഷ്ട്രീയ കൂട്ടായ്മ തുടങ്ങണമെന്ന് കൂടുതല്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത് .

സ്ത്രീ സുരക്ഷയ്ക്കായി ഡെല്‍ഹിയിലും , കേരളത്തിലും , ഇന്ത്യ മുഴുവനിലും ആം ആദ്മി പാര്‍ട്ടിയും കെജരിവാളും സ്വീകരിക്കുന്ന സത്യസന്ധവും സുതാര്യമായ നടപടികള്‍ ഇന്ത്യയിലും വിദേശത്തുമുള്ള ഇന്ത്യന്‍ വനിതകള്‍ക്കിടയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ സ്വീകരണമാണ് നല്‍കിയിരിക്കുന്നത്. എട്ട് വയസ്സുള്ള ആസിഫ എന്ന കാശ്മീരിലെ പാവം പെണ്‍കുഞ്ഞിനെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്ന കൊലപാതികള്‍ക്ക് വധശിക്ഷ നല്‍കണം എന്ന് ആവശ്യപ്പെട്ട് ഡെല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാൾ മരണംവരെ നിരാഹാരസമരം ആരംഭിച്ചിരിക്കുകയാണ് . ലക്ഷക്കണക്കിന്‌ സ്ത്രീകളാണ് പിന്തുണ അറിയിച്ചുകൊണ്ട്‌ ഈ നിരാഹാര പന്തലിലേയ്ക്ക് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്.

സ്വാതി മലിവാളിന് പിന്തുണ അര്‍പ്പിച്ച് കെജരിവാള്‍ നടത്തിയ പ്രസംഗം കാണുവാന്‍ ഈ വീഡിയോ ക്ലിക്ക് ചെയ്യുക

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

  

രാജ്യത്ത് മറ്റ് എല്ലാ പാര്‍ട്ടികളും ഇതുപോലെയുള്ള സംഭവങ്ങളെ വെറും രാഷ്ട്രീയ മുതലെടുപ്പിന് മാത്രമാണ് ഉപയോഗിക്കുന്നത് എന്നും , എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ ഇടപെടലുകള്‍ സത്യസന്ധവും പ്രായോഗികവുമാണെന്നത് രാജ്യത്തെ വനിതകള്‍ക്ക് ആം ആദ്മി പാര്‍ട്ടിയില്‍  വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി . അതുകൊണ്ട് തന്നെയാണ് ലോകം മുഴുവനിലുമില്ല ഇന്ത്യന്‍ വനിതകള്‍ ആം ആദ്മി പാര്‍ട്ടിയുടെ സംശുദ്ധ രാഷ്ട്രീയത്തെ ഏറ്റെടുത്തിരിക്കുന്നതും . ആദ്യമൊക്കെ മടിച്ചു നിന്നിരുന്ന മലയാളികള്‍ ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയെ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നാണ്‌ സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.

ഇപ്പോള്‍ ചെങ്ങന്നൂരില്‍ മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിന് സാധാരണ ജനങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച്  തട്ടിപ്പ് നടത്തിയില്ലെങ്കില്‍ ചെങ്ങന്നൂരില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിന് അനുകൂലമായി വിധിയെഴുത്ത് ഉണ്ടാകുമെന്നാണ് കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പെടുന്നത് . തങ്ങളില്‍ ആര് ജയിച്ചാലും കുഴപ്പമില്ല പക്ഷെ ഒരിക്കലും ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ ജയിക്കരുതെന്നാണ്‌ അവര്‍ എല്ലാവരും ഒരേപോലെ ആഗ്രഹിക്കുന്നത്. കാരണം കേരളത്തില്‍ ഒരു സീറ്റിലെങ്കിലും ആം ആദ്മി പാര്‍ട്ടി ജയിച്ചാല്‍ വിദ്യാസമ്പന്നരായ കേരള ജനത ഡെല്‍ഹിയിലെപ്പോലെ 140 സീറ്റിലും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു . അതുകൊണ്ട് തന്നെ പരസ്പരം വോട്ട് കച്ചവടം നടത്തിയിട്ടാണെങ്കിലും ആം ആദ്മി പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ അവര്‍ എല്ലാം മറന്ന് ഒന്നിക്കും.

എന്നാല്‍ പ്രവാസികളായ മലയാളി സമൂഹം പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലാതാവണം എന്നാണ്‌ ആഗ്രഹിക്കുന്നതും . അതുകൊണ്ട് തന്നെയാണ് ഒരു നേതാവിന്റെയും പിന്‍ബലമോ , സാമ്പത്തിക സഹായമോ ഇല്ലാതെ പ്രവാസലോകത്ത് എല്ലായിടത്തും ആം ആദ്മി ഘടകങ്ങള്‍ നിലവില്‍ വന്നതും. ആം ആദ്മി പാര്‍ട്ടിയുടെ മറ്റ്‌ പ്രവാസി ഘടകത്തെക്കാളും ക്രിയാത്മകമായി യുകെയിലുള്ള ഈ ആം ആദ്മി കൂട്ടായ്മയ്ക്ക് കേരളത്തിലെ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാന്‍ കഴിയും എന്നാണ്‌ യുകെ മലയാളികളായ ആം ആദ്മി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത് . ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കളായ കെജരിവാള്‍ , സി ആര്‍ നീലകണ്ഠന്‍ തുടങ്ങിയവര്‍ വളരെ അടുത്ത നാളുകളില്‍ തന്നെ യുകെയില്‍ എത്തുന്നതായിരിക്കും . മെയ് ദിനത്തില്‍ ലണ്ടനില്‍ നടക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണ മീറ്റിങ്ങിലും , തുടര്‍ന്നുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തങ്ങളിലും സജീവമായോ , ഭാഗികമായോ സഹകരിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാ യുകെ മലയാളികളെയും സംഘാടകര്‍ ഈ കൂട്ടായ്മയിലേയ്ക്ക് ക്ഷണിക്കുകയാണ് .

ഈ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെകൊടുത്തിരിക്കുന്ന നമ്പരുകളില്‍  ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Mujeeb London +447868723337

S Chirakkal Luton +447794952424

S Nedumpilly Croydon +447886958147