തിരുവനന്തപുരത്തെ ഏറെ ടൂറിസ്റ്റ് പ്രാധാന്യമുള്ള കോവളം കോട്ടാരം രവി പിള്ള ഗ്രൂപ്പിന് വിട്ടുകൊടുക്കാനുള്ള മന്ത്രിസഭാ തീരുമാനം അങ്ങേയറ്റം അഴിമതി നിറഞ്ഞതും സ്വജനപക്ഷപാതപരവും ആണെന്ന് ആം ആദ്മി പാര്‍ട്ടി. സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ള ഭൂമിയും അതിലെ നിര്‍മ്മിതിയും ഒരു സ്വകാര്യ ഗ്രൂപ്പ് തട്ടിയെടുത്ത് മറ്റൊരാള്‍ക്ക് വിറ്റതുമായുള്ള കേസ് കോടതിയില്‍ നിലനില്‍ക്കുകയാണ്. ആ കേസിന്റെ പ്രധാന വാദം അത്തരമൊരു കൈമാറ്റത്തിന് ആ ഗ്രൂപ്പിന് അവകാശമില്ല എന്നതു തന്നെയാണ് ആ വാദം നിലനില്‍ക്കുമ്പോള്‍ കൈമാറ്റം ചെയ്യപ്പെട്ട ആ ഗ്രൂപ്പിന് തന്നെ അതിന്റെ പ്രവര്‍ത്തനാധികാരം കൈമാറുക വഴി ഒരാള്‍ മോഷണം നടത്തിയാല്‍ അയാള്‍ക്കു തന്നെ മോഷണമുതല്‍ തിരിച്ചു കൊടുക്കുകകയും കേസ് തുടരുകയും ചെയ്യുന്നതു പോലെയുള്ള ഒരുവലിയ വഞ്ചനയാണ്.
സര്‍ക്കാരിന്, മന്ത്രിസഭക്ക് പൊതു ആസ്തികള്‍ എങ്ങിനെ വിനിയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട് എന്നത് തത്വത്തില്‍ ശരിയാണ് പക്ഷെ ഇങ്ങനെ വിട്ടു കൊടുക്കുമ്പോള്‍ അതാര്‍ക്ക് വിട്ടുകൊടുക്കണം, എന്തുകൊണ്ട് അവര്‍ക്ക് വിട്ടുകൊടുക്കണം, എന്താണ് അതിന്റെ മാനദണ്ഡം എന്ന് പറയാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ഇത് ആര്‍.പി ഗ്രൂപ്പിന് തന്നെ വിട്ടു കൊടുക്കേണ്ടതാണോ അതോ ഇതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ വാടകയ്ക്ക് ആണെങ്കിലും പണയത്തിനാണെങ്കിലും മറ്റാരെങ്കിലും എടുക്കാന്‍ തയ്യാറുണ്ടോ എന്ന് പരിശോധിച്ചോ എന്ന പ്രധാനപ്പെട്ട ചോദ്യം മുമ്പിലുണ്ട്. ആ ചോദ്യം പരിഗണിക്കാതെ ആര്‍.പി. ഗ്രൂപ്പിന് കൊടുക്കുന്നതിനു പിന്നില്‍, സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഉണ്ട് എന്ന് ആരോപിച്ചാല്‍, ആരെയും കുറ്റം പറയാന്‍ ആവില്ലെന്ന് മാത്രമല്ല, സാഹചര്യ തെളിവുകള്‍, അത്തരം പക്ഷപാത നയങ്ങള്‍ ഉണ്ട് എന്നതിനെ, സാധൂകരിക്കുന്നും ഉണ്ട്. രവി പിള്ള ഗ്രൂപിന്റെ, ഈ ഹോട്ടല്‍ അടങ്ങുന്ന കമ്പനിയുടെ, വൈസ് ചെയര്‍മാന്‍ സ്ഥാനം അലങ്കരിക്കുന്നത്, കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ, സംസ്ഥാന സെക്രട്ടറിയുടെ മകനാണ് എന്നത് ഒരു ആകസ്മികതയായി നമുക്ക് കാണാന്‍ ആവില്ല. അദേഹത്തിന് ആ പദവിയില്‍ ഇരിക്കാന്‍ എന്ത് യോഗ്യത ഉണ്ട് എന്നു ചോദിക്കുന്നില്ല.
എന്തായാലും അങ്ങനെ ഇരിക്കുന്ന ഒരു സ്ഥാപനത്തിന്, ഇത് കൈമാറുന്നു എന്നത്, ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യത ഉള്ള ഒന്നാണ്, അതു പോലെ തന്നെ മുഖ്യമന്ത്രിയുടെ മകള്‍ക്ക്, ഇതേ ഗ്രൂപ്പിന്റെ കീഴില്‍ ഉള്ള മറ്റൊരു സോഫ്‌റ്റ്വെയര്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (CEO) ആയി ജോലി നല്‍കിയിരിക്കുന്നു എന്നതും സംശയത്തെ വര്‍ധിപ്പിക്കുന്നു. ഇതിനെതിരായി, സി. പി. ഐ. ഉം, സി. പി. എം. നേതാവ് വി. എസ് അച്യുതാനന്ദനും, വളരെ ശക്തമായ നിലപാട് മുമ്പ് എടുത്തിരുന്നു.
ഇന്നത്തെ മന്ത്രി സഭാ യോഗത്തില്‍ റവന്യു മന്ത്രി അടക്കം, സി.പി.ഐ യുടെ മന്ത്രിമാര്‍ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. പങ്കെടുക്കാതിരിന്നുകൊണ്ട് ഇത്തരം ഒരു തെറ്റായ നടപടിക്ക് അനുമതി നല്‍കുക വഴി സി.പി.ഐ യും ഈ കുറ്റത്തില്‍ പങ്കാളിയാണ് എന്ന് പറയേണ്ടിയിരിക്കുന്നു.
ഇത്തരത്തില്‍ ചുമതലയുള്ള ആളുകള്‍ തന്റെ ചുമതല ചെയ്യാതിരിക്കുന്നതും കുറ്റം തന്നെ ആണ്. അതുകൊണ്ട് സി.പി.ഐ ക്ക് ഈ രക്തത്തില്‍ പങ്കില്ല എന്ന് പറയാന്‍ ആവില്ല. ഈ സാഹചര്യത്തില്‍ കോവളം കൊട്ടാരം കൈമാറുക എന്ന ഏറെ അഴിമതി നിറഞ്ഞ ഒരു തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. അങ്ങനെ പിന്‍വാങ്ങിയില്ല എങ്കില്‍ അതിനെതിരെ, കേരളവ്യാപകമായ പ്രതിഷേധം, ഉയരും. ഇത്രയും തരം താഴ്ന്ന നിലവാരത്തിലേക്ക് ഒരു ഇടതു പക്ഷ മന്ത്രിസഭ താഴാന്‍ പാടില്ല. നഗ്നമായ നിയമ ലംഘനവും പക്ഷപാതവും ഇതില്‍ പ്രകടമാണ്, എന്ന് ആര്‍ക്കും മനസിലാകും. ഇതിനെതിരെ ആം ആദ്മി പാര്‍ടി ശക്തിയായി പ്രധിഷേധിക്കുന്നു.
Leave a Reply